Skip to main content

ആ ദിവസങ്ങൾ


വിരിച്ച വെയിലിൽ
രാവിലെ മുതൽ
കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ
എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ്
വൈകുന്നേരത്തെ പോലെ നരച്ച മുറ്റം

കുറച്ചകലെ
കേട്ട പാട്ടിൽ കൈകഴുകി
ഒരു പശുവിലെയ്ക്ക് എണീറ്റ്‌
പൊയ്ക്കൊണ്ടിരിക്കുന്നു  
ചാണകം വെച്ച്
 കളിച്ചു കൊണ്ടിരുന്ന കുട്ടി

വരമ്പിലൂടെ നടന്നു
 അങ്ങ് തെരുവിലേയ്ക്ക്
കയറിക്കഴിഞ്ഞിരുന്നു
കൃഷിചെയ്യാൻ മറന്നു
തരിശുകിടന്ന  പാടം

ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
കൂടെ നടക്കുകയാണ്
കൂടെ പഠിച്ച പെണ്ണിനെ പോലെ
കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ

കുടിച്ച പാലിന്റെ പാട പോലെ
തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്
 മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ
വല്ലാതെ പിരിഞ്ഞു പോയ
ആ ദിവസങ്ങൾ....

Comments

  1. ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
    ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
    എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
    കൂടെ നടക്കുകയാണ്
    കൂടെ പഠിച്ച പെണ്ണിനെ പോലെ
    കെട്ടിയിട്ട തോണിയെ അഴിച്ചു കളഞ്ഞ പുഴ'

    എത്രമാത്രം ഭാവനകളാണ് ഭായിയുടെ
    മനസിലേക്ക് ഓളങ്ങൾ പോലെ ഇങ്ങിനെ വന്ന് കൊണ്ടിരിക്കുന്നത്...!

    ReplyDelete
  2. വാക്കുകളുടെ അടുക്കിവക്കലിലൂടെ പ്രകൃതിയുടെ സൗന്ദര്യവും നേര്‍ക്കാഴ്ചയുടെ പരുപരുത്ത യാഥാര്‍ത്യങ്ങളും പണിതുവച്ച സൃഷ്ടി..

    ReplyDelete
  3. തരിശുപാടങ്ങളൊക്കെ തെരുവ് കയ്യേറുന്നു
    കവിതയൊക്കെ ഭാവന കയ്യേറുന്നു

    ReplyDelete
  4. നല്ല കവിതക്ക് നല്ല നമസ്കാരം

    ReplyDelete
  5. ബിംബങ്ങള്‍ക്കിടയില്‍ക്കിടന്ന് കവിതയ്ക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.