Skip to main content

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട്
നിശ്ശബ്ദതയ്ക്ക്
തുടർച്ചകൾ
അഥവാ തുടർച്ചയില്ലാത്തത്
നിശ്ശബ്ദതയാകുന്നില്ല

അഥവാ ആയാൽതന്നെ
അത്
തുളുമ്പുന്നു
പാതിയിലേയ്ക്ക്
പൂർണ്ണതയുടെ പരാതിയിലേയ്ക്ക്

നിശ്ചലത പരാതിയുടെ വേരുള്ള
ആൽമരം

അതിൽ വേറൊരു നിശ്ശബ്ദത
അതും ഉണ്ടങ്കിൽ തന്നെ
പരാതിയുടെ
കൂടുള്ള കിളി

കിളികളുടെ തൂവലും
സ്വാഭാവികമായി
ആകാശവും തുളുമ്പുന്നു
കിളികൾക്ക്
തുളുമ്പുന്ന നിറം
അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ

ഇലകളിലേയ്ക്ക്
ശിഖരങ്ങളിലേയ്ക്ക്
അകലങ്ങളിലേയ്ക്ക്
ചെരിയുന്ന കൂട്
കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ

അവയ്ക്ക് മുമ്പിൽ ആകാശം
തുളുമ്പി നീലിച്ച തുമ്പി
അവിടെ
നിശ്ശബ്ദതയ്ക്കും കിളികൾക്കും
സ്വാഭാവികതയുടെ തുളുമ്പൽ

തുളുമ്പുന്ന നിശ്ശബ്ദത
നിശ്ചലമായാൽ
ആകാശമായി.

2

ആകാശത്തേയ്ക്ക്
തുളുമ്പിയ മരം
അതിൽ പരാതികൾക്ക്
അടയിരിയ്ക്കും കിളി

വിരിഞ്ഞ് വരുന്നവയൊക്കെ
പരാതിക്കുഞ്ഞുങ്ങൾ
അവയ്ക്ക്
പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ

കുഞ്ഞുങ്ങളില്ലാത്ത വസന്തം
പൂവിന്റെ നിശ്ശബ്ദതയെ
ഓമനിയ്ക്കുമ്പോലെ,
ഓമനിയ്ക്കുവാനായി മാത്രം
ഞാനൊരു ഉപമയെ 
ഇവിടെവെച്ച് കവിതയിൽ
എടുത്തുവളർത്തുന്നു

3

നിശ്ശബ്ദത ആകാശത്തിന്റെ പൂർവ്വികൻ
അത് നിലനിറത്തിൽ
ഓളങ്ങളിൽ
പുലരിയിൽ
ബലിയിടാനെത്തുന്നു
ആകാശത്തിന്റെ പരേതാത്മാവിന്.

പഴയകാലത്തെ മരങ്ങൾ
നിശ്ശബ്ദതയുടെ കലാലയങ്ങൾ
അവിടെ
ചലനത്തിന്റെ ഹാഫ് സാരിയുടത്ത
ഒരില

ഏതോ ചലച്ചിത്രത്തിൽ
കണ്ടുമറന്നത്.
മഴത്തുള്ളികൾ മാറോടടക്കിപ്പിടിച്ച
പുസ്തകങ്ങൾ

മഴ ശബ്ദത്തെ കുറിച്ച് ക്ലാസെടുക്കുന്ന
ലക്ചറർ

നിശ്ശബ്ദതയിൽ
മഴയുടെ പ്രതിബിംബം

തോർച്ചയുടുത്ത അടുത്ത പീരിയേഡ്
പ്രണയത്തിന്റെ തുടർച്ച  പോലെ
കലകളിൽ നിശ്ശബ്ദത.

4

കൈക്കുടന്നയിൽ എടുത്ത ജലത്തിൽ
നിശ്ശബ്ദത അനുഭവിച്ചു
വിരലുകൾ അഞ്ച് നിശ്ശബ്ദത

ശരീരം എരിയുന്ന മെഴുകുതിരിയാണെന്നായിരുന്നു
ധാരണ

വെളിച്ചം കൊണ്ട് കെട്ടി മേഞ്ഞ
ഒരു കൂരയാവുകയായിരുന്നു
മെഴുകുതിരി

വെളിച്ചം
തീ പിടിച്ച ഒച്ചയാണെന്ന് തിരിച്ചറിയുമ്പോൾ
ആ കാഴ്ച്ചപ്പാട്
അണയ്ക്കുന്നു

വീണ ചാരക്കട്ടയുടെ നിശ്ശബ്ദതയിൽ
താനെ അണയുമെന്ന വിചാരത്തിൽ
ശരീരം ഒരു ചന്ദനത്തിരിയെന്ന്
ഉറപ്പിയ്ക്കുന്നു.

മറ്റാർക്കും കാണാനാവാത്ത വെളിച്ചം
മരിച്ചു എന്ന വാക്കിൽ ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു

വെളിച്ചമൊഴിച്ചു ഒരാളെ കുളിപ്പിക്കുന്നു
ഇല്ല എന്നയാൾ വിശ്വസിക്കും വരെ.

മരിയ്ക്കുന്നത് വരെ
മറ്റൊരാളായിരുന്നു
എന്ന് വിശ്വസിപ്പിയ്ക്കുന്നു

വരൂ എന്ന നിശ്ശബ്ദതയ്ക്ക്
വെളിച്ചം കൊളുത്തി വെയ്ക്കുന്നു

ശ്വസിയ്ക്കുന്ന ശബ്ദം
നിശ്ശബ്ദത മുറിയ്ക്കുന്നു

5

കടന്നുപോകുന്ന തീവണ്ടിയിൽ നിന്നും
കാലുകൾ കൊണ്ട് ഇറുത്തെടുത്തു
അസഹനീയമായ തുടർച്ച

നിശ്ശബ്ദത തുടർന്നു
നിശ്ശബ്ദത കേൾക്കാനാവുന്ന കഥയാവുന്നു
എഴുതുവാനാവാത്ത കവിതയും

വിരലുകൾ കൊണ്ട്
ഇലകൾ ഇറുത്തെടുത്ത
മുരിങ്ങയിലക്കൊത്ത് പോലെ തീവണ്ടി

മുരിങ്ങയില മഞ്ഞ പോലെ
മഞ്ഞ നനഞ്ഞ തീവണ്ടി

മുരിങ്ങ മരത്തോളം ദുർബലമായി
പാളങ്ങൾ

തീവണ്ടിയിൽ അവൾ
എല്ലാ തുടർച്ചകളിൽ നിന്നും തിരിച്ചുപോകുന്നവൾ

6

ശരിയ്ക്കും
ഏകാന്തതയാണ് ഉദ്ദേശിക്കുന്നത്,
നിശ്ശബ്ദത കൊണ്ട്
ഏകാന്തത എന്ന പദം ഉപയോഗിച്ച്
ദൈവവും മടുത്തിരിയ്ക്കുന്നു.

ദൈവം
എന്നു മുതലോ മനുഷ്യപ്പറ്റില്ലാത്ത
ഒരു കച്ചവടക്കാരൻ

ഏതോ കച്ചവടത്തിന്റെ തുടർച്ച പോലെ
നിശ്ശബ്ദത

കൂടുതൽ കച്ചവടത്തിന് വേണ്ടി
തന്റെ ഉൽപ്പന്നങ്ങളിൽ
അപകടകരമാം വിധം
ദൈവം
ഏകാന്തതയുടെ എസ്സൻസ് ചേർത്തുതുടങ്ങുന്നു.

ശബ്ദമില്ലാത്ത മന്ത്രം
ഓം നിശ്ശബ്ദതയായ നമ:

എന്തിന്റെയോ തുടർച്ചയെന്നോണ്ണം
ദൈവം,
നിശ്ശബ്ദതയുടെ പ്രതിഷ്ഠയാവുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!