Skip to main content

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി.
താക്കോൽ പുഴുതിലൂടെ
എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം
പകലിന്റെ മഷിക്കുപ്പിയായി

അകം കുഴച്ച്
അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി
പുറത്തേയ്ക്ക് നോക്കി.
പുറത്ത്,
പുറംമ്പണിയ്ക്ക് വന്ന
വെയിൽ

നിശ്ശബ്ദതയുടെ നൂലിൽ
നീളത്തിൽ കുരുങ്ങിത്തീർന്നു
അകത്തേയ്ക്ക് വന്ന
വെളിച്ചം

വെളിച്ചം കൊരുക്കാൻ
വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി
സുഷിരത്തിനിടയിലൂടെ
നിമിഷത്തിലേയ്ക്ക് നീണ്ടു
വെറുതേ തിളങ്ങി.

ആലിലക്കാലം,
സൂചിയിലൂടെ വേര് കൊരുത്ത്
ഒരാൽമരം ഉണ്ടാക്കി
വിരഹങ്ങളുടെ മഴയമുന

പിന്നിലേയ്ക്ക്
ഒരൊറ്റ വിലാപം രണ്ടായി പിന്നി,
അരയോളം നരച്ച്
ഗാന്ധാരി

ദൈവത്തിൽ നിന്നും
അവധിയെടുത്ത്,
എടുത്ത അവധി തലയിൽ വെച്ച്
മയിൽപ്പീലിയാക്കി
കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട്
മഴക്കാല കൃഷ്ണൻ

കാൽ വരച്ച്
അമ്പു തൊടുത്ത്
കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു
ചുമതലകളിൽനിന്നൊഴിഞ്ഞ
കൃഷ്ണൻ

ഒഴിയേണ്ട ഒന്നായി തോന്നിയില്ല
കൊള്ളേണ്ട അമ്പ്
പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു
കൊള്ളാതിരുന്ന അമ്പുകൾ

കാലിൽ നിന്നും പുറപ്പെടാൻ
അപ്പോഴും
അനന്തമായി വൈകി
വിരലുകളുടെ വേടൻ
അപ്പോഴേയ്ക്കും
ഉയരങ്ങളിൽ നിന്നും വീണുപൊട്ടി,
പൊട്ടിവീണുത്തുടങ്ങി
അഥവാ എന്ന മേഘമുള്ള
അറ്റത്ത് എപ്പോഴും
അഴിഞ്ഞ ചേലത്തുമ്പുള്ള
കൃഷ്ണമഴ.

ഇവിടെ ഓരോ മനുഷ്യനും
അദൃശ്യമായ യുദ്ധങ്ങളിൽ
അസംഭവ്യമാം വിധം പങ്കെടുത്തു
കൊല്ലപ്പെട്ട കബന്ധങ്ങൾ

കവിതേ നീ കഴുകനാകുക
കൃഷ്ണൻ കാണാതെ
കൊത്തിവലിയ്ക്കുക
മനുഷ്യനെന്ന പഴക്കം ചെന്ന മൃതദേഹം

അതിന് മുമ്പ് പറന്നിറങ്ങുവാൻ
മറക്കാതിരിയ്ക്കുവാൻ
ഞാനിവിടെ അവന്റെ
ഗീത മറന്ന വാക്കുകളിൽ
വാരിവിതറുന്നു
ഞരക്കത്തിന്റെ
ചലനത്തിന്റെ
ചെറുപുഞ്ചിരിയുടെ വെറും മൺതരികൾ.

പൂത്തിട്ടുണ്ടാകാം എഴുത്തിന്റെ
പൊന്നശോകം

നിശ്ചലമാകും മുമ്പ്
എഴുതിയ കവിത അഴിഞ്ഞുപോകാതെ
പേനയുടെ തുമ്പ് കൊണ്ട്
ഒരു മഷിക്കെട്ട്.

നിർത്തുവാനാകുന്നില്ല
ചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.

Comments

  1. നിർത്തുവാനാകുന്നില്ല
    ചരിച്ചു വരയ്ക്കുന്നു
    പൂർത്തിയാക്കുവാനാകാത്ത ഒരു വര
    അതിൽ ഇരയായി ചാരിയിരിക്കുന്നു
    ദൈവം പോലും പലപ്പോഴായി
    കയറിനിന്ന
    മനുഷ്യനെന്ന പദം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...