Skip to main content

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത
ഒരിക്കലും
ഒരു നാടകമല്ല
അതിൽ ഒരിക്കലും ഒരു കഥ,
ഇല്ലേയില്ല

എന്നിട്ടും എന്റെ കവിതയിലെ
കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം
കാട്ടുന്നു

ഉദാഹരണത്തിന്
കവിതയിലെ ശലഭം ഉണർന്ന്
ചന്തയ്ക്ക് പോവുന്നു
മീൻ വാങ്ങിയാലും ഇല്ലെങ്കിലും
കറിവെയ്ക്കണോ വറുക്കണോ എന്ന്
ചിന്തിയ്ക്കുന്നു.

മീൻ വിൽക്കുന്ന പെണ്ണുമായി
മണത്തിന് പോലും വിലപേശുന്നു.

അവളുടെ നഗ്നത
അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത്
മീൻകറിയിലിടാവുന്ന പുളിയാണെന്ന്
എല്ലാ സഭ്യതകളും ലംഘിച്ച്
പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം
ഞാനിടപെടുന്നു

അപ്പോഴും
അവളുടെ മണവുമായി
ശലഭം,
പുക്കളെ സമീപിയ്ക്കുക
മാത്രം ചെയ്യുന്നു

പറഞ്ഞ് മനസ്സിലാക്കുവാൻ
ശ്രമിയ്ക്കാറുണ്ട്
ഞാൻ അവറ്റകളെ

വന്നുവന്നു തെറ്റിദ്ധാരണകളുടെ
അങ്ങേ അറ്റമാവുകയാണ്
കവിത

എനിയ്ക്ക് തെറ്റിദ്ധരിക്കാൻ
തോന്നുമ്പോൾ
ഞാൻ കവിതകളെഴുതുന്നു

ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും
എന്റെ കവിത
പൂമ്പാറ്റകളെ പോലെ
കടന്നുപോകുന്നു

എന്റെ കവിത തെരുവിൽ
മറ്റൊരു കവിതയുമായി
സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്

അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു.

ഇനിയും തുടങ്ങിയിട്ടില്ലാത്ത
ഒരു നാടകത്തിലെ കഥാപാത്രത്തിന്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
ചുമയുടെ ചമയങ്ങൾ ഇടുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

നെഞ്ചു പൊട്ടുമാറ്
നിശ്ശബ്ദമായി ഒരിടത്തുനിന്ന് അത് അടക്കിപ്പിടിയ്ക്കുന്നു

അപ്പോഴൊക്കെ അടക്കിപ്പിടിയ്ക്കുന്ന ചുമ
എന്റെ വിരലുകൾ കവിതയിൽ 
ചുമച്ചുതുപ്പും.

എന്റെ കവിത
ഒരു വാക്കിന്റെ ചുമരിലേയ്ക്ക്
വേച്ച് വേച്ച് നടക്കും
കാണികളുടെ കൈയ്യടികൾക്കിടയിലേയ്ക്ക്
കമഴ്ന്ന് വീഴും

ആടുന്ന പഴയകാലത്തെ
മൈക്കിന് താഴെ
എഴുതുന്ന
വിരലുകൾക്കിടയിൽ
ചിലപ്പോൾ ചൂണ്ടിയ ഒരു വിരലായി,
അല്ലാത്തപ്പോൾ
ഒരു നിശ്ചലതയിൽ കുത്തി
കവിത മണക്കുന്ന മരണം
അഭിനയിച്ചു കാണിച്ച്,
വെളിച്ചം കാണാതെ വേദിയിൽ മരിച്ചുവീണെന്നിരിയ്ക്കും

വിശ്വസിയ്ക്കണം
എന്റെ കവിത
ഇനിയും  എഴുതിയിട്ടില്ലാത്ത
ഒരു കവിതയെ പ്രണയിക്കുന്നുണ്ട്

കണ്ടുകൊണ്ടിരിയ്ക്കുന്ന സിനിമയിൽ
നൃത്തരംഗം ചിത്രീകരിച്ചിട്ടില്ലാത്ത
ലൊക്കേഷനിൽ
കോറിയോഗ്രഫി വരെ
ചെയ്യുന്നുണ്ട്

എന്നിട്ടും
എന്റെ കവിതയുടെ പേരു
ഒരു സിനിമയിലും എഴുതിക്കാണിക്കുന്നില്ല

എത്ര വേഗത്തിലെഴുതിയാലും
എന്റെ കവിത
സ്ലോമോഷനിൽ വായനകളിലൂടെ
സഞ്ചരിക്കുന്നുണ്ട്

പലപ്പോഴും
എന്റെ എന്ന വാക്കുപേക്ഷിയ്ക്കുന്നുണ്ട്.

എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

Comments

  1. എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

    ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...