Skip to main content

വരി നിര കവിത

രക്തം തരിശ്ശിട്ട കവിതയുടെ നാലാം ധമനി

നിലത്ത് വീഴുന്ന
എഴുത്തുകോശങ്ങളുടെ നിശ്ശബ്ദത.

കണ്ണ് നിശ്ചലമിട്ട്
ഒരിറ്റ് ജലത്തിലേയ്ക്ക് വായനയും
വായും
ചലിയ്ക്കുന്ന ഇടം

വീശുന്ന മൂന്നാമത്തെ കാറ്റ്
ആദ്യത്തെ രണ്ട് ചലനങ്ങളും വിട്ട്
മൂന്നാമത്തെ ചലനം തൊട്ട് തുടങ്ങുന്ന
ഇല
വിളക്കിന്റെ നാളം

ശബ്ദത്തിന്റെ നിദ്ര പോലെ
ദ്രാവകരൂപത്തിൽ
ചെവി

മണ്ണിൽ തൊട്ട്
ആകാശത്തിന്റെ തൈ നട്ട്
തിരിച്ചു
കിളിർത്തു തുടങ്ങുന്ന
വിരലുകൾ

പരതുന്നതിനിടയിൽ വിരലിൽ തടഞ്ഞ
അവസാന വരികൾ എഴുതാൻ
കഴിയാതെ പോയ കവിത

മുറിച്ചു കടക്കുവാനായേക്കില്ല
ഇനി നിനക്ക്,
നീ വെച്ചു കഴിഞ്ഞ നൃത്തത്തിന്
മരണത്തിന് മുമ്പ്
ശവം നഷ്ടപ്പെട്ട ഒരാളുടെ
വിലാപയാത്ര..

Comments

  1. വിരലിൽ തടഞ്ഞ അവസാന വരികൾ
    എഴുതാൻ കഴിയാതെ പോയ കവിത

    ReplyDelete
  2. കണ്ണ് നിശ്ചലമിട്ട്
    ഒരിറ്റ് ജലത്തിലേയ്ക്ക് വായനയും
    വായും
    ചലിയ്ക്കുന്ന ഇടം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം