Wednesday, 21 February 2018

കടം

ഓരോ വരികളുടെ തുടക്കവും
കംഗാരുവാകുന്നു

തുടർച്ച അതിന്റെ സഞ്ചിയിലെ
കുഞ്ഞും

അവസാനത്തെ അത് ഗൗനിക്കുന്നേയില്ല

ശരീരം, മനസ്സ്
ഏതെടുക്കണമെങ്കിലും
വിരൽ നീട്ടണം

ആകെയുള്ളത്
വിരലിനെ പോലെ
അഞ്ച് പകലുകൾ

മടക്കിയാൽ കൈപ്പിടിയ്ക്കുള്ളിലാണ്
ഇരുട്ട്
രാത്രി അതിന്റെ കുഞ്ഞ്

പകൽ നീട്ടുന്നു
വിരൽ നീട്ടി ദിവസത്തിലൊന്നിനെ
തൊടുന്നു

കുറച്ചകലെ
സുഷിരങ്ങളുടെ തലോടലേറ്റ്
ഓടക്കുഴലാവുന്നുണ്ട്
വരികൾ

ഒരു വിരലിന്റെ കടമുണ്ട്

കനമെന്ന
വാക്ക് കീറുന്നു

എഴുതിയ വരികളിൽ
ചാരി,
വെറുതെ എന്ന വാക്കിന്റെ
വറ്റൽ കൊറിച്ചിരിയ്ക്കുന്നു..

1 comment:

  1. എഴുതിയ വരികളിൽ
    ചാരി,വെറുതെ എന്ന
    വാക്കിന്റെവറ്റൽ കൊറിച്ചിരിയ്ക്കുന്നു..!

    ReplyDelete