Skip to main content

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക്
കുന്നുമായി
വിളറിവിയർത്തു
കയറി
പോകുന്ന ഒരാൾ
അവിടെ എത്തുമ്പോൾ
അയാൾ ഇറക്കിവെച്ച കുന്നിൽ
അയാളറിയാതെ
ദൈവം
ഒരു ദേവാലയം
പണിഞ്ഞ് വെയ്ക്കുന്നു
ശിൽപ്പങ്ങളുടെ
കൊത്തുപണി ചെയ്ത
മേഘങ്ങൾ
മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ
വിശ്വാസത്തിന്റെ നെടുംന്തൂണുകൾ
അത്രയും വിശ്വാസിയാക്കി
അത്രയും താഴേയ്ക്ക്
അയാളെ
തള്ളിയിടുന്ന കാലം
2
സമയത്തിന്റെ
വളരെ ചെറിയ
ഒരു കോമേഴ്സ്യൽ
ബ്രേക്ക്‌
വിശ്വാസത്തിന്റെ കുറച്ചധികം
പരസ്യങ്ങൾ
3
കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം
പ്രാവുകളും പക്ഷികളുമായി
തിരിച്ചു അനായസേന
കുന്നുകയറുന്ന അയാൾ
അയാളിലെയ്ക്ക് തിരിച്ചുകയറുന്ന
പഴക്കമുള്ളചിരി
കയറുന്തോറും
അയാൾ
പടവുകൾ അഴിച്ചുകളയുന്നു
ചിരിച്ച ചിരി ഓരോന്നും
മായ്ച്ചു കളയുന്നു
അവസാന പടവും
അഴിച്ചു കഴിയുമ്പോൾ
വീണു പോകുന്ന
അയാൾ
അയാളുടെ ചിരികൊത്തിത്തിന്ന്
ചിറകുപേക്ഷിച്ചു
പറന്നുപോകുന്ന പ്രാവുകൾ
വെറും തൂവലുകളായി
നടന്നുപോകുന്ന കിളികൾ
പതിയെ പതിയേ
പ്രാവുകളുടെ ചിറകുകൾ
കൊണ്ടുണ്ടാക്കിയ
മണിയിലേയ്ക്ക്
അയാൾ കൂടുമാറുന്നു
ഓരോ മുഴക്കത്തിലും
ഇടിഞ്ഞു വീഴുന്ന
ക്ഷേത്രത്തിലെ പഴഞ്ചൻ
വിഗ്രഹമാവുന്നു
കൂടുതൽ കൂടുതൽ
കൂർത്തകല്ലുകളായി
താഴേയ്ക്ക്
തകർന്നുവീഴുന്നതിനിടയിൽ
കുറച്ചുകൂടി
സ്വതന്ത്ര്യമുള്ള ഒരാകാശം
അത്രയും പ്രതിധ്വനികളോട് കൂടി
ഒരു അവസാനചിരിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുന്നു!

Comments

  1. സമയത്തിന്റെ
    വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ
    ബ്രേക്ക്‌
    വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ
    ഈ വരികള്‍ കൗതുകമായി...
    അവസാനവരിയില്‍ ഒരു തിരുത്തുണ്ടല്ലൊ...

    ReplyDelete
    Replies
    1. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
    2. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
  2. ഇതിനിടയിൽ ഒരു ബ്രേക്കും വേണ്ട

    ReplyDelete
  3. സമയത്തിന്റെ വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ ബ്രേക്ക്‌
    പിന്നെ വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ

    പരസ്യം കാണാൻ തന്നെ സമയം ഇല്ല...!

    ReplyDelete
  4. ആകാശം പണിയുന്നവര്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ