Skip to main content

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു
അയാൾ

വെയിൽ കൊണ്ട് വിയർത്തത്
മഴയായി  നനയുന്നുണ്ട്

എടുത്ത തടം മാറ്റിയിട്ടു
അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ
അയാൾ വെച്ച മരം
അയാളോട് ചോദിക്കാതെ
 പറയാതെ
ഒന്ന് ഉൾവലിയുകയാണ്

റബ്ബറാവുകയാണ്

അത്രത്തോളം റബ്ബറായി
റബ്ബർസ്റ്റാമ്പായി പോകുമോ
എന്ന ഭയത്തിൽ
ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ്

പിന്നെ ആ ശ്രമം വെട്ടിമുറിച്ച്
നട്ടകർഷകനെ  തന്നെ
മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്;
ഒരു കരാറു പോലെ..

അപ്പോഴൊക്കെ
ഓരോ തവണയും
അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്

ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ്
അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ
കൃഷിക്കാരനായി
വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ്

ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ
അയാൾ ഇറങ്ങി വന്ന വീട്
തനിയെ അടഞ്ഞു
 കുറച്ചു ദൂരം ഓടി
ഒരു വിമാനം പോലെ
  പറന്നുപോവുകയാണ്

വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
അയാൾ കൃഷി ചെയ്ത സ്ഥലം
വിമാനത്താവളമായി
പ്രഖ്യാപിക്കുകയാണ്

പൂർണമായി വികസിച്ച ഒരു  മനുഷ്യനായി
നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ
എന്ന് ഭയന്ന് പോവുകയാണ്  

അതിന്റെ മറവിൽ
അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
ഭൂമി കയ്യേറുന്നുണ്ട്  
കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
ചെയ്യുന്ന അയൽക്കാർ
സമ്പന്നരായി അയാളിൽ നിന്ന്
അകന്നു പോവുകയാണ്

അവസാനം ഗത്യന്തരമില്ലാതെ
ഒറ്റപ്പെട്ടു അയാൾ എടുത്ത തടത്തിൽ
 മറ്റൊരു മരമാവുകയാണ്

വേരിറങ്ങി കഴിയുമ്പോൾ
സ്ലോട്ടെർ വെട്ടാറായ മരം പോലെ
അയാൾ തന്നെ
 അയാളെ അടയാളപ്പെടുത്തി
കത്തി കൊണ്ട് വരഞ്ഞു
റബ്ബർപോലെ രക്തം,
ചിരട്ടയിൽ എടുത്തു തുടങ്ങുന്നു!


Comments

  1. വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
    അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി
    പ്രഖ്യാപിക്കുകയാണ്



    അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
    ഭൂമി കയ്യേറുന്നുണ്ട് കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
    ചെയ്യുന്ന അയൽക്കാർ സമ്പന്നരായി അയാളിൽ നിന്ന്
    അകന്നു പോവുകയാണ് ....

    ReplyDelete
  2. അയാള്‍ എന്നാണിനി ആത്മഹത്യ ചെയ്യുന്നതെന്ന് മാത്രമേ നോക്കാനുള്ളു

    ReplyDelete
  3. മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു!
    ആശംസകള്‍

    ReplyDelete
  4. ആത്മഹത്യക്കും നിലനില്‍പ്പിനുമിടക്ക് പോരാടാന്‍ മറന്നവര്‍......അവര്‍ സ്ലോട്ടറിങ്ങിന് സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു......
    മനോഹരമായി മാഷേ..... ആശംസകൾ....

    ReplyDelete
  5. നേരിന്‍റെ മുഖചിത്രം.!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു...