Skip to main content

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും
കടപുഴകിയ മരങ്ങളും
വരണ്ട പുഴകളും
നാമാവശേഷമായ പക്ഷികളും
അവയുടെ ജീവിച്ചിരുന്നപ്പോൾ
കൊഴിഞ്ഞ തൂവലുകളും
വെവേറെ കൂട്ടി വച്ച്
തോർന്ന മഴ കൊണ്ട് വേലി കെട്ടി
മരിച്ച മനുഷ്യന്റെ ഓർമ്മകൾ
കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട

അതിലേയ്ക്ക്
ഒരു നെടുവീർപ്പോളം നീളമുള്ള
ഇടുങ്ങിയ വഴി

അവിടെ
ആക്രിക്കാരനെ പോലെ
കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
ഭൂമിയിൽ വച്ച് കണ്ടിട്ടും
ഗൌനിക്കാതിരുന്ന
തീരെ പരിചയമില്ലാത്ത
അന്യമതത്തിന്റെ ഏതോ ദൈവം
സൗജന്യവിൽപ്പനക്കാരൻ

അവിടേയ്ക്ക്
സ്വന്തം ആത്മാവിന്റെ
മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന
കൊന്നു തള്ളിയ
മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട
ചൂണ്ടുപലകകൾ

താൻ ഇല്ലാത്തതു കൊണ്ട് മാത്രം
വിജനമായി തോന്നുന്ന
ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
ശുദ്ധ വായു പുകച്ച്
അവരവർ ചവുട്ടി അരച്ച
കൂട്ടം തെറ്റിയ
ഉറുമ്പുകളെ നിരീക്ഷിച്ചു
അവിടെയും നിശബ്ദമായി
വരി നില്ക്കുന്നു
മരിച്ച മനുഷ്യർ

Comments

  1. അപ്പോള്‍ ഇതുവരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതുപോലെ അല്ലെന്നോ അവിടെ?!

    ReplyDelete
  2. അന്യമതത്തിന്റെ ഏതോ ദൈവം

    ReplyDelete
  3. സിരകളിൽ ഉന്മാദം പടർത്തുന്ന നിരമുള്ള ലഹരി അവിടെയും വിതരണം ചെയ്യുന്നുവെന്നോ ........

    കാവ്യഭാവനക്ക് നല്ല നമസ്കാരം ......

    ReplyDelete
  4. 'താൻ ഇല്ലാത്തതു കൊണ്ട് മാത്രം
    വിജനമായി തോന്നുന്ന
    ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
    ശുദ്ധ വായു പുകച്ച്
    അവരവർ ചവുട്ടി അരച്ച
    കൂട്ടം തെറ്റിയ
    ഉറുമ്പുകളെ നിരീക്ഷിച്ചു
    അവിടെയും നിശബ്ദമായി
    വരി നില്ക്കുന്നു
    മരിച്ച മനുഷ്യർ'

    നല്ല കവിത, മാഷേ

    ReplyDelete
  5. ഇവിടം പോലെ അവിടവും.

    ReplyDelete
  6. അവിടെ
    ആക്രിക്കാരനെ പോലെ
    കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
    ഭൂമിയിൽ വച്ച് കണ്ടിട്ടും
    ഗൌനിക്കാതിരുന്ന
    തീരെ പരിചയമില്ലാത്ത
    അന്യമതത്തിന്റെ ഏതോ ദൈവം
    സൗജന്യവിൽപ്പനക്കാരൻ

    ReplyDelete
  7. കവിതക്ക് ശേഷം..എന്നില്‍നിന്നിറങ്ങിന്നിന്ന് ഞ്ഞാനുമൊന്നു നോക്കി.

    ReplyDelete
  8. അതിലേയ്ക്ക്
    ഒരു നെടുവീർപ്പോളം നീളമുള്ള
    ഇടുങ്ങിയ വഴി

    Good.

    ReplyDelete
  9. അ വിടെയും വരിയായി നിൽക്കേണ്ടി വരുന്നു.

    ReplyDelete
  10. എനിക്ക് മനസ്സിലാകത്ത ഭാവന മാഷേ...
    ആശംസകൾ....

    ReplyDelete
  11. തോർന്ന മഴകൊണ്ടുള്ള വേലി !! ഇന്നലെ വായിച്ചിട്ടും തോരുന്നുമില്ല അഴിയുന്നുമില്ല ഈ ബിംബം !! ആശംസകൾ !!!

    ReplyDelete
  12. അന്യായമായ വിഷ്വല്‍സ് ,
    ഒന്നില്‍ തന്നെ പലയാവര്‍ത്തി പരതനം ആശയം കണ്ടെടുക്കാന്‍.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!