Skip to main content

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന
തിരുവാതിര ഞാറ്റുവേല

പുര പണിയുന്ന ചിതലുകൾ

ഇലയനക്കം പോലെ
മണ്ണിന്റെ ശ്വാസോച്ച്വാസം

മിന്നാമിന്നികൾ
പാല് കാച്ചുന്നു

പുര പണിയാൻ പൂതി പെരുത്ത്‌ മരം

രണ്ടില  കിളിർത്ത് നിന്ന
 തൈയുടെ ദീർഘകാല വായ്പ്പ

ചീവിട് കുറിച്ച് തന്ന
നല്ല  മുഹൂര്ത്തം

വെളുത്ത വേര് കൊണ്ട്
അടിസ്ഥാനം

പദ്യത്തിലെ വൃത്തം
പകർത്തിയ   തടി കൊണ്ട്
തീർത്ത മുൻ ഭിത്തി

നൃത്തത്തിലെ മുദ്രകൾ
കൊത്തിയ ചില്ലകളാൽ ആരൂഡം  

പച്ച നിറത്തിന്റെ ഉത്സവം പോലെ
ഇലകൾ  മേഞ്ഞ മേൽകൂര

മിനുസം ഉള്ള കരിയില കൊണ്ട്
നീളെ പാകിയ തറ

ഇളം കാറ്റിൽ തീർത്ത  
 ഇരു പാളി ജനൽ

വെയിൽ ഉരുക്കി പണിത
ഒറ്റത്തടി വാതിൽ

വള്ളി പടർത്തി ചുവരിൽ
പൂശിയ ഇളം പച്ച നിറമുള്ള വെള്ള

കിളികൾക്ക് പാർക്കാൻ ചില്ലയിൽ
മാറി എരുത്തിൽ പോലെ തീർത്ത കൂട് 

മഴ വെള്ളത്തിൽ വരച്ച
ആഴമില്ലാ കിണർ

പുഴ നീട്ടി വളർത്തിയ
അഴകുള്ള  വഴി

തണൽ കൊണ്ട് മുറ്റം
പച്ചില ചെടികളാൽ
 അതിൽ പൂന്തോട്ടം

മേയുന്ന ആടുകളാൽ ചുറ്റിലും
കെട്ടിത്തിരിച്ച വേലി

മഞ്ഞു കൊണ്ട് പാല് കാച്ചി
വീട്ടിൽ താമസം തുടങ്ങുമ്പോൾ
ക്ഷണിക്കപെടാത്ത  അഥിതിയായി
വാതിൽക്കൽ വന്നു മുട്ടുന്നു
 വെള്ളി കെട്ടിയ
മൂങ്ങാമുഖം ഉള്ള മഴു  

Comments

  1. മേയുന്ന ആടുകളാൽ ചുറ്റിലും
    വേലി

    ReplyDelete
  2. പടർന്നു പന്തലിച്ച കാവുകളെ നിമിഷാർദ്ധംകൊണ്ട് പൊടിച്ചുകളയുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടത്രേ......

    പ്രകൃതിയോടു ഇഴപിരിച്ച കാവ്യകൽപ്പനകൾ....

    ReplyDelete
  3. അംബാനിക്കും പണിയാ പറ്റില്ല ഇങ്ങനൊരു വീട്‌. അല്ലേ ഭായ്‌..? :)

    ക്ഷണിക്കപ്പെടാത്ത ആ അതിഥികൾ കൂടി വരാതിരുന്നെങ്കിൽ,

    വരദാനം പൂക്കളമെഴുതുമീ വീട്ടിൽ,
    സൗഭാഗ്യം പിച്ച വച്ചു നടന്നീടും.....

    വളരെ മനോഹരമായ, നന്മയുള്ളൊരു കവിത.

    ശുഭാശംസകൾ......






    ReplyDelete
  4. കോടാലിക്കൈകളാണ് പ്രശ്നം

    ReplyDelete
  5. ജോറായിരിക്കുന്നു ബായ്.......'മഞ്ഞു കൊണ്ട് പാല് കാച്ചി
    വീട്ടിൽ താമസം തുടങ്ങുമ്പോൾ' ആ വരികള്‍ കൂടുതല്‍ ഹൃദ്യമായി.....
    'വള്ളി പടർത്തി ചുവരിൽ
    പൂശിയ ഇളം പച്ച നിറമുള്ള വെള്ള

    കിളികൾക്ക് പാർക്കാൻ ചില്ലയിൽ
    മാറി എരുത്തിൽ പോലെ തീർത്ത കൂട് ' ഈ വരികളില്‍ ഒരാശയക്കുഴപ്പം തോന്നുകയും ചെയ്തു....എന്തായാലും നല്ല കവിതയ്ക്ക് ആശംസകള്‍...

    ReplyDelete
  6. വെള്ളി കെട്ടിയ മൂങ്ങാ മുഖം .....നല്ല ചിന്ത...നന്നായി ...!

    ReplyDelete
  7. കാറ്റും,വെയിലും.വള്ളിയുമൊക്കെയായി
    വേറിട്ട മെറ്റീരിയത്സ് കൊണ്ട് പണിതുയർത്തിയ
    ഒരു അസ്സൽ കവി വീട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!