Skip to main content

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ


ജനിച്ചുവളർന്നത്‌-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്

സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്

കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ

മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത്  വരെ

നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു

അവ  ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു

നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു

ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്

റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക്  തെന്നി മാറിയത്

വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്

അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു

അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്‌
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി

അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു

പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി

Comments

  1. ഇന്നലെ നല്ല സദ്യ...
    ഇന്ന് ഖുബ്ബൂസും തൈരും...
    നാളെ...?
    പച്ചവെള്ളം പോലും കിട്ടാക്കനിയാവും...! നല്ല കവിത.

    ReplyDelete
  2. മാഞ്ഞുകൊണ്ടിരിക്കുന്ന ഇന്നലകള്‍.
    പാടവും പുഴയും

    ReplyDelete
  3. Good thinkings..
    Good lines A to Z

    ReplyDelete
  4. - പമ്പയാറും, കൊടിമരവും, തിരുവോണത്തോണിയും, ഉത്രട്ടാതി വള്ളംകളിയും, ലോഹക്കൂട്ടു കണ്ണാടിയും, ഓരുവെള്ളം കയറുന്ന കിടങ്ങന്നൂരിലെ പുഞ്ചപ്പാടങ്ങളും - എല്ലാം കവർന്നെടുത്തശേഷം ആറന്മുളക്ക് അവർ ഒരു വിമാനത്താവളം നൽകുമത്രെ...!!!
    -ഒടുവിൽ തിരുവാറന്മുളയപ്പനേയും ഇവർ കവർന്നെടുക്കുന്നതോടെ ഒരു പുണ്യഭൂമികൂടി ഉപരിവർഗതാൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ചില നാഗരിക വേഷംകെട്ടലുകളിൽ തകർന്നടിയും....

    കവിതയിലൂടെ കടന്നുപോയപ്പോൾ മനസ്സിലേക്കു കടന്നുവന്ന ചിന്ത പങ്കുവെക്കുന്നു....

    ReplyDelete
  5. ഭരണമണമുള്ള യാത്രക്കാര്‍ക്കിറങ്ങണം. വേഗം വേഗം!!

    ReplyDelete
  6. നല്ല കവിത.
    ആശംസകൾ...

    ReplyDelete
  7. വൈവിധ്യമുള്ള വിഷയങ്ങൾ
    അനന്യമായ ഭാവന
    വിഷയ ദാരിദ്രത്തിന്റെ ലാഞ്ചന പോലുമില്ല പക്ഷെ ഒരേ പാറ്റേർൺ തുടരുന്നു എന്നു തോന്നുന്നു. എല്ലാ തരത്തിലും എഴുതാൻ ശ്രമിച്ചു നോക്കുക -ഒരു ആരാധകൻ

    ReplyDelete
  8. ഈ കളി അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ് തോല്‍ക്കാന്‍ നമുക്ക് മനസ്സില്ലെങ്കിലോ .നല്ല ചിന്ത അസാധ്യ അവതരണം

    ReplyDelete
  9. ചരിത്രം ആവര്‍ത്തിക്കുന്നു...

    ReplyDelete
  10. എങ്ങനെ എഴുതുന്നു ഇങ്ങനെ! അതിശയം സന്തോഷം ഇഷ്ടം... :)

    ReplyDelete
  11. നല്ല തിളക്കമുള്ള വരികൾ ,ആശംസകൾ ...

    ReplyDelete
  12. ഇനി മുഗളരും പോർച്ചുഗീസ് കാരും ബ്രിട്ടീഷ്കാരും ഫ്രഞ്ച് കാരും,അങ്ങിനെ നാം വീണ്ടും നൂറ്റാണ്ടുകളോളം അടിമകളാകും

    ReplyDelete
  13. പോയവരെല്ലാം തിരിച്ചു വരുമോ?
    എന്നാലും ഇവിടെ ഉള്ളവരേക്കാള്‍ നന്നായി ഭരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  14. നല്ല ചിന്ത, നല്ല ആശയം
    വരികൾ കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  15. പിന്നെ ചരിത്രത്തിൽ
    നിന്ന് അത്
    ഓർത്തെടുക്കുമ്പോൾ
    അവിടെ
    ഒരു കപ്പൽ
    വന്നിറങ്ങി
    പിറകെ
    ഒരു കടപ്പുറത്തിന്റെ
    കടലിരമ്പം
    കേൾക്കാറായി----------കൊള്ളാം

    ReplyDelete
  16. കൊള്ളാം ബൈജു. രസകരമായ പോസ്റ്റ്‌. ആശംസകൾ

    ReplyDelete
  17. സർവശ്രീ
    മുഹമ്മദ്‌ നിസ്സാർ
    ജോസെലെട്റ്റ് മാമ്പ്രയിൽ
    അനുരാജ്
    പ്രദീപ്‌ മാഷ്‌
    അജിത്‌ ഭായ്
    വികെ
    നിധീഷ് വർമ
    അനീഷ്‌ കാത്തി
    ഡോക്ടർ മനോജ്‌
    ആർഷ അഭിലാഷ്
    സുലൈമാൻ പെരുമുക്ക്
    ബിപിൻ
    നളിനകുമാരി ചേച്ചി
    മൊയ്ദീൻ അങ്ങാടിമുഗർ
    ഫൈസൽ ബാബു
    അമ്പിളി

    എല്ലാവർക്കും വാക്കുകൾക്കു അതീതമായി നന്ദി വായനക്ക് പ്രോത്സാഹനത്തിനു അഭിപ്രായത്തിനു

    ReplyDelete
  18. വൈകി മാത്രമെത്തുന്ന ബോധ വണ്ടിയിലാണ് കറക്കം. ജീവിതമെന്ന് മഹത്വവത്കരിച്ച് വിയര്‍പ്പ് തൂക്കി/പയ്യാരം വിറ്റ് ഒരിക്കലൂണ് തരപ്പെടുത്തും. പട്ടിണി മതമായ്‌ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ നഗ്നത സൗന്ദര്യമെന്ന് കൃത്രിമാസ്വാദക കൂട്ടങ്ങള്‍ കിതച്ച് തുള്ളും. തമ്പ്രാക്കളുടെ നയന വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ വന്മതിലിനെയും കടം കൊള്ളും. കപ്പം കൊടുത്താല്‍ മതിയത്രേ... വയല് നികത്താനും കുന്ന്‍ ഇടിക്കാനും പണം നല്‍കി സഹായിക്കാന്‍ മൂലധന ഗാമകള്‍ തയ്യാര്‍. മുന്‍പൊരു വിദേശ ഒട്ടകം കിടന്നെണീറ്റ് പോയപ്പോള്‍... എടുത്തോണ്ട് പോയതിന് കണക്കേ ഇല്ലത്രെ.! ഇനിയും കിടക്കാന്‍ കൊടുക്കാന്‍ സ്ഥലമെവിടെ എന്നാണ് ജീവിതം. എന്നിട്ടും..???

    ReplyDelete
  19. നമ്മുടേതല്ലാത്ത നമ്മുടെ ജീവിതം..

    ReplyDelete
  20. പഴമയ്ക്ക് മേല്‍ പുതുമ

    ReplyDelete
  21. പ്രദീപ് മാഷ്ടെ അഭിപ്രായതന്നെ എനിക്കും...

    ReplyDelete
  22. ഭാവിയിലെ ഭൂതം വര്‍ത്തമാനം പോലും പറയാനാവാതെ...
    സ്മൃതിയിലെ കാട്ടുപൂ മണം തേടി അലഞ്ഞുഴലുന്ന കടും കാഴ്ചകള്‍ കാണാം...........

    ReplyDelete
  23. സർവശ്രീ
    നാമൂസ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    തുമ്പി
    മുരളി മുകുന്ദൻ
    ഷലീർ അലി
    വായനക്ക് അഭിപ്രായത്തിനു നല്ല വാക്കുകൾക്ക് സന്തോഷം നന്ദി

    ReplyDelete
  24. നാട്ടിലാകെയിപ്പൊ വെള്ളയും,വെള്ളയുമണിഞ്ഞ വാസ്ക്കോഡ്ഗാമമാരല്ലേ ഭായ്..?

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം