Skip to main content

ഞാൻ എൻ്റെ മറവി കാത്തുനിൽക്കുന്നു

 ഒരു ചുവരിലെ 

ആഡംബരപെയിൻ്റിങ് ആകുവാൻ 

പതിവായ് പോകുന്നുണ്ട്

നിൻ്റെ ഉടൽ


എൻ്റെ ഉടൽ

ഒരു ഗോത്രവർഗ്ഗത്തിൻ്റെ 

പകലാകുവാൻ 

രഹസ്യമായി പോകുന്നു

ഞാനാരോടും പറയുന്നില്ല


ഉടലില്ലായ്മ 

വ്യക്തിത്വമില്ലായ്മ

ഞാൻ പരസ്യമായി കൊണ്ട് നടക്കുന്നു


നിങ്ങളുടെ വ്യക്തിത്വം നഷ്‌ടമായിട്ടുണ്ട്

എന്ന് രാത്രികൾ എന്നെ ഓർമ്മിപ്പിക്കുന്നു

അത് തിരഞ്ഞ് പോകുവാൻ 

ഞാൻ കൂട്ടാക്കിയേക്കില്ല എന്ന 

ഉത്കണ്ഠ എൻ്റെ ഇരുട്ടിനുണ്ട് 

അതിൻ്റെ രാത്രിയ്ക്കുണ്ട്

മിന്നാംമിനുങ്ങികൾക്ക്, 

എന്തിന് 

അവയുടെ മിനുക്കത്തിന് 

പോലുമുണ്ട്


എന്നാലും

നിങ്ങളുടെ ഷോകെയ്സിൽ വേക്കേണ്ട വസ്‌തുക്കൾ

അതിഥികൾ തീരുമാനിക്കുമോ

എന്ന് ഞാൻ ഭയക്കുന്നു


ഉത്കണ്ഠകളുടെ 

ഷോക്കേയ്സ് മാത്രമാണ് ഞാൻ

ഭയത്തിൻ്റെ ഷോക്കേയ്സ് ആയിട്ടില്ല

എന്നിട്ടും നിങ്ങൾ വന്നെത്തി 

നോക്കുമോ

എന്ന് എനിക്ക്  ഭയക്കാമല്ലോ


ചിലപ്പോൾ ഭയം പോലും

ഒരാശ്വാസമാണ് അല്ലേ?


നിങ്ങളുടെ ജനലുകൾ, 

പകലുകൾ തീരുമാനിക്കുന്നു

എൻ്റെ വാതിൽ ഒരു തീരുമാനമല്ല 

അത് അടയുന്നില്ല

അതിൻ്റെ വീജാവരി ലോകവുമായി ബന്ധപ്പെടുന്നില്ല 

ഞാൻ അകത്തായാലും 

പുറത്തായാലും


ഇനി പറയു 

എവിടെയാണ് എനിക്ക് തെറ്റിയത്


ദൈവം സംസാരിക്കുന്ന ഭാഷയിൽ

നീയാണ് കൂടുതൽ

ഞാൻ ഏറ്റവും കുറവും 


എന്നിട്ടും ദൈവത്തിനോടുള്ള 

ഒരസൂയ

എൻ്റെ മതം സൂക്ഷിക്കുന്നുണ്ടോ?


ദേവാലയത്തിൽ നിന്നിറങ്ങി 

പതിവായി ദൈവം 

ബസ് കാത്തുനിൽക്കുന്നതായി

എനിക്ക് തോന്നുന്നതെന്ത് കൊണ്ടാണ്


ബസ് നിർത്തി 

ദേവാലയത്തിന് മുന്നിലേ 

ഭണ്ഡാരപ്പെട്ടിയിൽ

കാണിക്കയിടുന്ന ജീവനക്കാരൻ 


ദൈവം എന്തിന് 

ബസ് കാത്തുനിൽക്കണം

എന്ന് ചിന്തിക്കുവാൻ എനിക്ക്

കാരണങ്ങൾ ഇല്ലാതെയാവുകയാണോ

പതിയേ


ദൈവം നിൽക്കുന്നത് ബസ്സുകാർ

കാണുന്നില്ല

ഇനി കാണിക്കയിടുന്നത് ദൈവം

കാണുന്നുണ്ടാവുമോ


ഒരു കാണിക്കയുടെ വീഴ്ച്ചയാണ്

ദൈവം

അല്ലെങ്കിൽ രസീത് കുറ്റിയുടെ കനം

എന്ന് തോന്നിയാൽ എന്ത് ചെയ്യും?


സ്വയം തിരുത്തുവാനെന്ന വണ്ണം

ചോദ്യം ചെയ്യലുകളേ എൻ്റെ ദൈവം

പ്രോൽസാഹിപ്പിക്കുകയാണോ


മനുഷ്യത്വത്തിൻ്റെ 

ചോദ്യം ചെയ്യലുകളായി ചുരുങ്ങുകയാണോ ദൈവം


എൻ്റെ മനുഷ്യത്വം

ഭയത്തിൽ അധിഷ്ഠിതമാകുമോ


ഭയക്കുവാനായി നിർമ്മിച്ച മതം ദൈവം

ഒരേ സമയം മതങ്ങളിലും

ഭയങ്ങളിലും നിക്ഷേപമുള്ള മനുഷ്യനാവുമോ


എത്ര നല്ല വാക്കാണ് അഭയം


ഓർമ്മിപ്പിക്കുവാൻ ദൈവം ഇല്ലാതെയാവുകയാണോ


ഞാൻ എൻ്റെ മറവി കാത്തുനിൽക്കുന്നു




Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....