Skip to main content

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ആകാശമാവും വിധം

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ്
ഇറുക്കാതിരിക്കുവാനാകുമോ ആകാശം

അടരുന്നതിൽ കുറച്ച്നേരം തങ്ങിനിന്ന്
നോവിന്നും മേലെ 
പറക്കും പക്ഷികൾ

നിറയേപൂത്ത കുരുക്കുത്തിമുല്ലയായി
നിന്നിലേക്ക് തന്നെ എന്നും 
ചാഞ്ഞുനിന്നു നിൻ്റെ ഏകാന്തത

അടർന്നുവീഴുന്ന ഏകാന്തതയെ നീ പൂവാക്കി ചെടിയിലേക്ക് തന്നെ
തിരികേ വെച്ചു
നിൻ്റെ ഉടലിൽ തട്ടുമ്പോഴെക്കെ
ഏകാന്തതയുടെ പൂക്കൾ കൊഴിഞ്ഞ് നിലത്ത് വീണു

എന്നിട്ടും എനിക്ക് പറന്നുവന്നിരിക്കാനുള്ള ഒരു ചില്ല
നീ ഞാത്തി ഇട്ടു

പക്ഷിയാകാതെ വയ്യെന്നായി എനിക്ക്
എന്നെ പക്ഷിയാക്കുന്ന നിൻ്റെ ചില്ല
എന്ന അടക്കം പറച്ചിലായി ഋതുക്കൾ

കുരുക്കുത്തിമുല്ലയിൽ
നഗ്നത സൂക്ഷിക്കും ചെടി
എന്ന് നിന്നെ കാലം

നമ്മൾ ഒരേകാന്തതയേ
പകുത്തുടുക്കുന്നു
നമ്മളോട് പിണങ്ങി നമ്മുടെ നഗ്നതകൾ, ഏകാന്തതയാകുവാൻ പോകുന്നു
പിണങ്ങിയ നഗ്നതയേ,
ഏകാന്തത കാട്ടി നമ്മൾ തിരികേ വിളിക്കുന്നു

പ്രണയത്തിൻ്റെ ആറാമത്തെ താളത്തിനോട് പിണക്കമുള്ള നഗ്നതയേ
നമ്മുടെ കാതിന് ചുറ്റുമുള്ള ഋതു,
അപ്പോഴും ഏകാന്തത എന്ന് പേരിട്ട് വിളിക്കുന്നു. 

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....