Skip to main content

നമുക്ക് നടത്തം കുരുവികൾ



എനിക്ക് ഹാ എന്ന വാക്ക് തൂക്കി
എനിക്കില്ലാത്ത ജനൽ
തുറന്നിടാൻ തോന്നുന്നു.

എനിക്കില്ലാത്ത എന്ന വാക്കാണ്
ആ ജനൽപ്പാളിയുടെ കണ്ണാടിയായി
എന്നേ കൂടുതൽ സുതാര്യമാക്കുന്നത്

കടന്ന് വരുന്ന വെളിച്ചത്തിൽ 
കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ

അതിലേതാണ് എൻ്റെ വീട്
എന്ന തിരച്ചിൽ എന്നിൽ 
കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു

നമ്മൾ കുരുവികളാവും
സന്ദേഹങ്ങളിൽ ഇരിക്കുന്നു
ഏറ്റവും പുതിയ കുരുവികൾ
എന്ന് പകലുകൾ

2

തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ
കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു

ഏറ്റവും പുതിയ പകലുകളിൽ
ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ
ഏറ്റവും പഴക്കമുള്ള പ്രകാശം
അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല

നമ്മൾ പഴകിയ പകലുകളാകും
വരും കാലങ്ങളിൽ
തുറന്നിടാൻ 
ഇന്നിലേക്ക് വീണുകിടക്കും 
അന്നിൻ്റെ ഒരു നിഴൽ കരുതുന്നു

ബുദ്ധനിലെ ഏറ്റവും പഴയ
മൃദുവായ പ്രതിമ മാത്രം മുറിയിൽ

ബുദ്ധപ്രതിമകളുടെ നിഴലുകൾ
ധ്യാനിക്കുന്നില്ല
ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല
ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും
ഒരേ സമയം മടുത്തിരിക്കുന്നു

ബുദ്ധനിടുന്ന കോട്ടുവായകൾ
പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ
തങ്ങിനിൽക്കുന്നു

കോട്ടുവായിടുന്ന ബുദ്ധൻ
ഒരിടത്തും
ഒരു പ്രതിമയുമാവുന്നില്ല

പ്രതിമയിൽ നിന്ന് പുറത്ത് കടക്കണോ
മടുപ്പിൽ നിന്ന് പുറത്ത് കടക്കണോ
എന്ന് സംശയങ്ങളിൽ ധ്യാനിച്ച് നിർമ്മിച്ച
നമ്മുടെ ബുദ്ധശിൽപ്പങ്ങൾ

ഒരിക്കൽ വെച്ച
ധ്യാനത്തിന്നരികിൽ
ചന്ദ്രക്കല കോട്ടുവായകൾ

എൻ്റെ ആകാംക്ഷകളെ
ഉത്കണ്ഠകളേ
ആരുടേതുമല്ലാത്ത വിഷാദങ്ങളെ
അഭിസംബോധന ചെയ്ത്
ആരോ സംസാരിക്കുന്നുണ്ട്

ശ്ശ് എന്നത് 
ഒച്ച വെക്കരുത് എന്ന വാക്കാവുകയാണ്
പതിയേ

3

ശാസ്ത്ര പ്രദർശനമേളയിലെ
പകലുകൾ പ്രദർശിപ്പിക്കും
വൈകുന്നേരങ്ങളുടെ സ്റ്റാളുകൾ

വൈകുന്നേരങ്ങളുടെ മ്യൂസിയങ്ങളിൽ
അസ്തമയചുവപ്പുള്ള നമ്മൾ
സന്ദർശകർ

സന്ദർശകനാകും സൂര്യൻ
കടന്നുപോകുന്നതിൻ്റെ രശ്മികൾ

അടയുന്ന വാതിലുകൾ കൊണ്ടാണ്
സാധാരണയായി
വീടുകൾ നിർമ്മിച്ചിരിക്കുന്നത്
അറിയില്ല എന്ന വാക്കു തൂക്കുമ്പോൾ
വാതിലുകൾ അടയുന്ന വീടുകൾ

നടത്തം ഒരു ബെഞ്ചാകുമെങ്കിൽ
അത് പിടിച്ചിട്ട് എൻ്റെ മടുപ്പ്
ഇരിക്കുന്നു
അതിൽ പങ്കെടുക്കാത്ത ഉടൽ
കാലുകളിൽ തുടരുന്നു

പാദസരത്തിൻ്റെ 
വാതിൽ കൊതിക്കുന്ന
ഒരു കതക് എന്ന് നീ
നിൻ്റെ കാലിനേ

പകൽ നമ്മൾ അണിഞ്ഞിട്ടില്ല
പറക്കൽ നമ്മൾ തുറക്കുന്നില്ല
തുടരുന്നവരിൽ നമ്മൾ ഇപ്പോഴും
നമുക്ക് നടത്തം കുരുവികൾ !

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....