Skip to main content

കുത്തിക്കെട്ടുള്ള നിലാവ്

ഇന്നലെത്തെ
നിലാവിന്റെ ഒത്ത നടുക്കാണ്
ഞാൻ

നടുക്ക് കുത്തിക്കെട്ടുള്ളത്
പോലെ
ഇരുവശത്തേയ്ക്കും
കവിഞ്ഞുകിടക്കുന്ന
നിലാവ്

കാറ്റടിച്ചാൽ
ഏത് വശത്തേയ്ക്കും
മറിയ്ക്കപ്പെടാം
നിലാവ്

കാറ്റുണ്ട്
കൊണ്ടുകയറുന്നുണ്ട്
ചുണ്ടുകളിൽ
ഒരു പിരിയൻ ചിരി

എന്നോ
അറിയാതെ ചിരിച്ചതാണ്
അവളതെടുത്ത്
ചെരിച്ച് വെയ്ക്കുന്നുണ്ടാവും
ചെരിഞ്ഞ്കിടക്കുന്നതിനിടയിൽ
താളുകൾ മറിയാതെ,
വായിച്ചുകൊണ്ടിരിയ്ക്കുന്ന
ബുക്കിൽ
ഭാരമായി

ഞാനിപ്പോൾ
ഏതുനിമിഷവും
അവൾ തൊട്ടുമറിച്ചേക്കാവുന്ന
പേജിന്റെ
ഇടത്തെ മൂല

എന്റെ ഉടൽ
അവളുടെ ഏകാന്തതകൾ
മേയുന്ന ഇടവും

അത്രയും പതിയേ
രാത്രി
നുണക്കുഴിയുള്ള ബുദ്ധനാവുന്നു..

Comments

  1. ഞാനിപ്പോൾ ഏതുനിമിഷവും
    അവൾ തൊട്ടുമറിച്ചേക്കാവുന്ന
    പേജിന്റെ ഇടത്തെ മൂല

    എന്റെ ഉടൽ അവളുടെ
    ഏകാന്തതകൾ മേയുന്ന ഇടവും

    അത്രയും പതിയേ രാത്രി
    നുണക്കുഴിയുള്ള ബുദ്ധനാവുന്നു...!

    ReplyDelete

Post a Comment