Skip to main content

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ
കുപ്പായത്തിലെ
ഒരിളകിയ ഹൂക്ക്, ഉപ്പു-
ചേർക്കുകയാണെന്റെ നാവിൽ
പാകത്തിന്
ഇലകളിൽ മഞ്ഞു തുള്ളികൾ
തിളച്ചു തുടങ്ങിയിരിക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
നീ ഒരു ചിരി ചേർക്കുന്നു
ഞാനാ ചിരിയിൽ വീണു കിടക്കുന്ന
നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു
നീ ഒരു വിരിയിലെ ചുളിവു
ചേർക്കുന്നു
ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു
നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു
ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
ഇപ്പോൾ തീ തന്നെ
നമ്മൾ ചേർന്ന് പാചകം
ചെയ്തു തുടങ്ങുന്നു
നീ കടലിൽ നിന്ന് പിടിച്ച
ഒരു പിടയ്ക്കുന്ന തിര
വെള്ളം കളഞ്ഞു
പിഴിഞ്ഞ് ചേർക്കുന്നു
ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു
നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു
ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു
ഇരുളിൽ
പാചകം കണ്ടു
ചേർന്ന് കിടന്നൊരു കട്ടിൽ
അടുപ്പ് പോലെ വെന്തു തിളക്കുന്നു
തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ
വീണയാകുന്നു
നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു
നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു
വൈദ്യുതി സ്ഫുല്ലിംഗങ്ങൾ
പ്രവഹിക്കുന്ന നാദ ധാര
തീ കൊണ്ട്
വെന്ത വികാരത്തിന്റെ മണം വരയ്ക്കുന്നു
ഞാൻ നിന്റെ കക്ഷത്തെ
വിയർപ്പ് കൊണ്ട്
കൈക്കലയ്ക്കൊരു
തുണി തുന്നുന്നു
നമ്മൾ ആറിത്തുടങ്ങുമ്പോൾ
എന്നെ കുളിരിൽ പൊള്ളിച്ചു
കള്ളാ എന്ന് വിളിച്ചു
നീ എന്നിൽ നിന്നൊരു കഷ്ണം
നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
മറന്നു പോയ രണ്ടു മീനുകൾ
കടലാണെന്ന് കരുതി
നമ്മുടെ ഉടലിൽ
ഇണ ചേർന്നു തുടങ്ങുന്നു

Comments

  1. അസാമാന്യഭാവന വേണം പാചകത്തിലൊളിപ്പിച്ച് ഇത് പറയാന്‍!

    ReplyDelete
  2. പാചകകലയിലെ വൈദഗ്ധ്യം!
    ആശംസകള്‍

    ReplyDelete
  3. നല്ലെഴുത്തിനു ആശംസകള്‍ ,,,

    ReplyDelete
  4. എനിക്ക് എത്തിപ്പിടിച്ച്‌ വായിക്കാൻ കഴിവില്ലാതെ പോകുന്നു ഈ ഭാവനയെ ,,,ക്ഷമിക്കണം ..വീണ്ടും വരാം ..

    ReplyDelete
  5. വായിച്ചിട്ട് മനസ്സിലാകുന്നില്ലെങ്കിലും വീണ്ടും വീണ്ടും വായിക്കാന് പ്രേരിപ്പിക്കുന്നു ബിംബ ചാരുത...

    ReplyDelete
  6. ആശംസകള്‍... വീണ്ടും വരാം

    ReplyDelete
  7. കവിതാപാചകത്തില്‍ താങ്കള്‍ക്കുള്ള കൈപ്പുണ്യം കേമം തന്നെ.!!

    ReplyDelete
  8. നമ്മൾ ആറിത്തുടങ്ങുമ്പോൾ
    ‘എന്നെ കുളിരിൽ പൊള്ളിച്ചു
    കള്ളാ എന്ന് വിളിച്ചു
    നീ എന്നിൽ നിന്നൊരു കഷ്ണം
    നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
    അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
    മറന്നു പോയ രണ്ടു മീനുകൾ
    കടലാണെന്ന് കരുതി
    നമ്മുടെ ഉടലിൽ
    ഇണ ചേർന്നു തുടങ്ങുന്നു‘

    ഹാ..ഹാ‍ാ‍ാ

    ReplyDelete
  9. ഭാവനാസുരാ... ഭയങ്കരാ..
    ഇഷ്ടം, ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം