Skip to main content

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ
കുപ്പായത്തിലെ
ഒരിളകിയ ഹൂക്ക്, ഉപ്പു-
ചേർക്കുകയാണെന്റെ നാവിൽ
പാകത്തിന്
ഇലകളിൽ മഞ്ഞു തുള്ളികൾ
തിളച്ചു തുടങ്ങിയിരിക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
നീ ഒരു ചിരി ചേർക്കുന്നു
ഞാനാ ചിരിയിൽ വീണു കിടക്കുന്ന
നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു
നീ ഒരു വിരിയിലെ ചുളിവു
ചേർക്കുന്നു
ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു
നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു
ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
ഇപ്പോൾ തീ തന്നെ
നമ്മൾ ചേർന്ന് പാചകം
ചെയ്തു തുടങ്ങുന്നു
നീ കടലിൽ നിന്ന് പിടിച്ച
ഒരു പിടയ്ക്കുന്ന തിര
വെള്ളം കളഞ്ഞു
പിഴിഞ്ഞ് ചേർക്കുന്നു
ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു
നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു
ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു
ഇരുളിൽ
പാചകം കണ്ടു
ചേർന്ന് കിടന്നൊരു കട്ടിൽ
അടുപ്പ് പോലെ വെന്തു തിളക്കുന്നു
തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ
വീണയാകുന്നു
നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു
നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു
വൈദ്യുതി സ്ഫുല്ലിംഗങ്ങൾ
പ്രവഹിക്കുന്ന നാദ ധാര
തീ കൊണ്ട്
വെന്ത വികാരത്തിന്റെ മണം വരയ്ക്കുന്നു
ഞാൻ നിന്റെ കക്ഷത്തെ
വിയർപ്പ് കൊണ്ട്
കൈക്കലയ്ക്കൊരു
തുണി തുന്നുന്നു
നമ്മൾ ആറിത്തുടങ്ങുമ്പോൾ
എന്നെ കുളിരിൽ പൊള്ളിച്ചു
കള്ളാ എന്ന് വിളിച്ചു
നീ എന്നിൽ നിന്നൊരു കഷ്ണം
നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
മറന്നു പോയ രണ്ടു മീനുകൾ
കടലാണെന്ന് കരുതി
നമ്മുടെ ഉടലിൽ
ഇണ ചേർന്നു തുടങ്ങുന്നു

Comments

  1. അസാമാന്യഭാവന വേണം പാചകത്തിലൊളിപ്പിച്ച് ഇത് പറയാന്‍!

    ReplyDelete
  2. പാചകകലയിലെ വൈദഗ്ധ്യം!
    ആശംസകള്‍

    ReplyDelete
  3. നല്ലെഴുത്തിനു ആശംസകള്‍ ,,,

    ReplyDelete
  4. എനിക്ക് എത്തിപ്പിടിച്ച്‌ വായിക്കാൻ കഴിവില്ലാതെ പോകുന്നു ഈ ഭാവനയെ ,,,ക്ഷമിക്കണം ..വീണ്ടും വരാം ..

    ReplyDelete
  5. വായിച്ചിട്ട് മനസ്സിലാകുന്നില്ലെങ്കിലും വീണ്ടും വീണ്ടും വായിക്കാന് പ്രേരിപ്പിക്കുന്നു ബിംബ ചാരുത...

    ReplyDelete
  6. ആശംസകള്‍... വീണ്ടും വരാം

    ReplyDelete
  7. കവിതാപാചകത്തില്‍ താങ്കള്‍ക്കുള്ള കൈപ്പുണ്യം കേമം തന്നെ.!!

    ReplyDelete
  8. നമ്മൾ ആറിത്തുടങ്ങുമ്പോൾ
    ‘എന്നെ കുളിരിൽ പൊള്ളിച്ചു
    കള്ളാ എന്ന് വിളിച്ചു
    നീ എന്നിൽ നിന്നൊരു കഷ്ണം
    നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
    അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
    മറന്നു പോയ രണ്ടു മീനുകൾ
    കടലാണെന്ന് കരുതി
    നമ്മുടെ ഉടലിൽ
    ഇണ ചേർന്നു തുടങ്ങുന്നു‘

    ഹാ..ഹാ‍ാ‍ാ

    ReplyDelete
  9. ഭാവനാസുരാ... ഭയങ്കരാ..
    ഇഷ്ടം, ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...