Skip to main content

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ
ആരോ പൂമുഖത്തേയ്ക്കു
 വലിച്ചെറിഞ്ഞ  പത്രങ്ങൾ
പോലെ കാറ്റിലിളകി
ആരും വായിക്കാതെ കിടക്കുന്നു
കിടന്നു കിടന്നു മടുത്ത്
ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
അവ രണ്ടിലകളായി മാറി
ചില്ലകളില്ലാത്ത മരത്തിൽ
പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
തണലായി പോയിരിക്കുന്നു
മഴയുള്ളപ്പോഴൊക്കെ
ചെടിയുടെ  ഉടുപ്പെടുത്തിട്ടു
ഇടവഴികളിൽ മഷിത്തണ്ടിനു
പഠിക്കുന്ന മരങ്ങളുടെ
തരള ബാല്യങ്ങളുടെ ചാറ്റൽ
മഴക്കഥകൾ കേട്ടിരിക്കുന്നു

പണ്ട് കേട്ട കൊതിയൂറുന്ന
നല്ല  രണ്ടു പാട്ടുകളെ
കണ്ണി മാങ്ങകളാക്കി കൊത്തി
അവയിൽ കല്ലുപ്പ് ചേർത്ത്
നാട്ടു മാവിൻ ചിലമ്പിച്ച
ചില്ലകളിൽ കൊരുത്തിടുന്നു
പിന്നെ രണ്ടു പക്ഷികളെ പോലെ
മുമ്പും പിറകുമായി  മത്സരിച്ചു
 പറന്ന്  ചെന്ന്  നിന്റെ
ആടുന്ന കമ്മലുകളിൽ
കരൾ  ചേർത്തിരിക്കുന്നു..
ഇനി എന്റെ കേൾവികളിലെയ്ക്ക്
തിരികെ തളർന്നു
ചെക്കേറുന്നതിനു മുമ്പ്
നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ
കേൾക്കേണ്ട
ഉടലുകൾ കിലുങ്ങുന്ന
ഒച്ച കേൾക്കാൻ
ഞാനെന്റെ കാതുകളെ
നിശബ്ദത കൊണ്ട്
ഉടച്ചു കളഞ്ഞ്
നിന്റെ സ്വകാര്യങ്ങളിൽ
ചിരി ചേർത്തുണ്ടാക്കിയ
രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

Comments

  1. കേള്‍ക്കുന്ന കാതിനോളം കഥപറയാനര്‍ഹത മറ്റാര്‍ക്കാണുള്ളത്!!

    ReplyDelete
  2. കിടന്നു കിടന്നു മടുത്ത്
    ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
    അവ രണ്ടിലകളായി മാറി
    ചില്ലകളില്ലാത്ത മരത്തിൽ
    പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
    തണലായി പോയിരിക്കുന്നു

    ReplyDelete
  3. രണ്ടു കാതുകൾ പോരെന്നു തോന്നുണ്ടോ ?

    പുതു വത്സരാശംസകൾ.കൂടുതൽ എഴുതാൻ

    ReplyDelete
  4. നിശ്ശബ്ദത കൊണ്ടും കാതുടയുമെന്നത് ശരിയാണ്, ശബ്ദതീവ്രമല്ലെങ്കിലും മൃദുഗീതം പോലൊരു പുതുവർഷമാകട്ടെയെന്ന് ആശംസ...

    ReplyDelete
  5. കളിയും ചിരിയും ചേര്‍ന്ന കാതുമണികള്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ