Skip to main content

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ
കുപ്പായത്തിലെ
ഒരിളകിയ ഹൂക്ക്, ഉപ്പു-
ചേർക്കുകയാണെന്റെ നാവിൽ
പാകത്തിന്
ഇലകളിൽ മഞ്ഞു തുള്ളികൾ
തിളച്ചു തുടങ്ങിയിരിക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
നീ ഒരു ചിരി ചേർക്കുന്നു
ഞാനാ ചിരിയിൽ വീണു കിടക്കുന്ന
നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു
നീ ഒരു വിരിയിലെ ചുളിവു
ചേർക്കുന്നു
ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു
നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു
ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
ഇപ്പോൾ തീ തന്നെ
നമ്മൾ ചേർന്ന് പാചകം
ചെയ്തു തുടങ്ങുന്നു
നീ കടലിൽ നിന്ന് പിടിച്ച
ഒരു പിടയ്ക്കുന്ന തിര
വെള്ളം കളഞ്ഞു
പിഴിഞ്ഞ് ചേർക്കുന്നു
ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു
നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു
ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു
ഇരുളിൽ
പാചകം കണ്ടു
ചേർന്ന് കിടന്നൊരു കട്ടിൽ
അടുപ്പ് പോലെ വെന്തു തിളക്കുന്നു
തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ
വീണയാകുന്നു
നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു
നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു
വൈദ്യുതി സ്ഫുല്ലിംഗങ്ങൾ
പ്രവഹിക്കുന്ന നാദ ധാര
തീ കൊണ്ട്
വെന്ത വികാരത്തിന്റെ മണം വരയ്ക്കുന്നു
ഞാൻ നിന്റെ കക്ഷത്തെ
വിയർപ്പ് കൊണ്ട്
കൈക്കലയ്ക്കൊരു
തുണി തുന്നുന്നു
നമ്മൾ ആറിത്തുടങ്ങുമ്പോൾ
എന്നെ കുളിരിൽ പൊള്ളിച്ചു
കള്ളാ എന്ന് വിളിച്ചു
നീ എന്നിൽ നിന്നൊരു കഷ്ണം
നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
മറന്നു പോയ രണ്ടു മീനുകൾ
കടലാണെന്ന് കരുതി
നമ്മുടെ ഉടലിൽ
ഇണ ചേർന്നു തുടങ്ങുന്നു

Comments

  1. അസാമാന്യഭാവന വേണം പാചകത്തിലൊളിപ്പിച്ച് ഇത് പറയാന്‍!

    ReplyDelete
  2. പാചകകലയിലെ വൈദഗ്ധ്യം!
    ആശംസകള്‍

    ReplyDelete
  3. നല്ലെഴുത്തിനു ആശംസകള്‍ ,,,

    ReplyDelete
  4. എനിക്ക് എത്തിപ്പിടിച്ച്‌ വായിക്കാൻ കഴിവില്ലാതെ പോകുന്നു ഈ ഭാവനയെ ,,,ക്ഷമിക്കണം ..വീണ്ടും വരാം ..

    ReplyDelete
  5. വായിച്ചിട്ട് മനസ്സിലാകുന്നില്ലെങ്കിലും വീണ്ടും വീണ്ടും വായിക്കാന് പ്രേരിപ്പിക്കുന്നു ബിംബ ചാരുത...

    ReplyDelete
  6. ആശംസകള്‍... വീണ്ടും വരാം

    ReplyDelete
  7. കവിതാപാചകത്തില്‍ താങ്കള്‍ക്കുള്ള കൈപ്പുണ്യം കേമം തന്നെ.!!

    ReplyDelete
  8. നമ്മൾ ആറിത്തുടങ്ങുമ്പോൾ
    ‘എന്നെ കുളിരിൽ പൊള്ളിച്ചു
    കള്ളാ എന്ന് വിളിച്ചു
    നീ എന്നിൽ നിന്നൊരു കഷ്ണം
    നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
    അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
    മറന്നു പോയ രണ്ടു മീനുകൾ
    കടലാണെന്ന് കരുതി
    നമ്മുടെ ഉടലിൽ
    ഇണ ചേർന്നു തുടങ്ങുന്നു‘

    ഹാ..ഹാ‍ാ‍ാ

    ReplyDelete
  9. ഭാവനാസുരാ... ഭയങ്കരാ..
    ഇഷ്ടം, ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...