Skip to main content

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന
ഇടം കാട്ടാൻ
നിന്റെ കൈയ്യും പിടിച്ചു
ഇന്നലെയിൽ നിന്ന്
നാളെയിലേയ്ക്ക്
നടക്കുന്നു നമ്മൾ

നമ്മൾ നടക്കുന്നിടം
എല്ലാം വഴി
അവിടെയെല്ലാം
ഭൂമി നഷ്ടപ്പെട്ട മണ്ണ്
പൊടിപടലങ്ങൾ

ഒഴുക്ക് മറന്ന പുഴകൾ
അവയ്ക്ക് കുറുകെ
പാതി കെട്ടി
പൂർത്തിയാക്കാൻ
മറന്ന
അൽഷിമേർഴ്സ്  എന്ന ഡാം
അതിൽ നീന്തലറിയാത്ത
മത്സ്യകുഞ്ഞുങ്ങൾ

ഒഴുക്ക് പഠിപ്പിച്ച്
മീൻകുഞ്ഞുങ്ങൾക്കു
തിരിച്ചു കൊടുക്കാൻ
അതിലൊരു പുഴയെ
നരയാക്കി
തലയിൽ ചൂടുന്ന നീ  

ചില്ലകൾ
ഉണങ്ങിയ മറ്റൊരു മരം
അതിനിടയിൽ അതിനെ
ഒരിലയിൽ
പൊതിഞ്ഞെടുക്കുന്ന നീ

നമ്മുടെ കാല്പാടുകൾ
കണ്ണീരിൽ കുഴച്ചു
കുളമ്പടി യൊച്ചയാക്കുന്ന
കാലം

നമ്മൾ കുതിര വേഗത്തിൽ
എന്നിട്ടും ഇരുട്ടുന്ന നേരം
അണഞ്ഞ ദീപം കൊണ്ട്
സൂര്യനെ തിരയുന്ന നമ്മൾ

അസ്തമിച്ച സൂര്യന്റെ
ശീതികരിച്ച വെയിൽ
നിലാവിന്റെ നിറം പുരട്ടി
പാതി പകൽ എന്ന്
പറഞ്ഞു വെയ്ക്കുന്ന ഞാൻ
അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ
അപ്പോൾ ഒച്ച വെയ്ക്കുന്ന
എന്റെ കാതുകൾ

വാക്കുകൾ കൊണ്ട്
മുറിഞ്ഞ  മുറിവുകളെ
 ചോര കൊണ്ട്
പരസ്പരം കെട്ടുന്ന
നമ്മൾ
വേദന പകുക്കുന്ന നമ്മൾ

ഇതിനിടയിൽ കരിഞ്ഞു പോകുന്ന
ഞാൻ
നിന്റെ കൈയ്യിൽ എരിഞ്ഞു
തീരാത്ത എന്റെ ചിത കനൽ

ഇനി
ബാക്കി വന്ന എന്നെ
നിന്റെ  കുഴിയിൽ
കുഴിച്ചിടുക
 ഒരു കനൽ മാത്രം
 നിന്റെ മൂക്കൂത്തിയായി
നീ എടുത്തു വയ്ക്കുക
അതിന്റെ വെളിച്ചത്തിൽ
നാളെയിലെയ്ക്ക് നീ    
 ഇതേ നിമിഷം
നവോഡയെ പോലെ
തിരിച്ചു പോവുക

Comments

  1. നല്ല വരികൾ ....

    ReplyDelete
  2. അല്‍ഷിമേഴ്സ് എന്ന ഡാം.. :)

    ReplyDelete
  3. വായിച്ച് ഞാന്‍ നഷ്ടപ്പെട്ടു. ഇനി എന്നെ തേടി കണ്ടുപിടിക്കണം. ഒരു കവിതയില്‍ മുങ്ങിപ്പോയ ആദ്യത്തെ ആളൊന്നുമല്ല ഞാന്‍

    ReplyDelete
  4. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ
    തീക്ഷ്ണമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. അതിന്റെ വെളിച്ചത്തിൽ
    നാളെയിലെയ്ക്ക് നീ
    ഇതേ നിമിഷം
    നവോഡയെ പോലെ
    തിരിച്ചു പോവുക

    ReplyDelete
  6. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
    എല്ലാം പെട്ടെന്നാണ്.

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനയുടെ കൈവഴികൾ

    ReplyDelete
  8. ആ കനലും ഇനി ബാക്കിയാകില്ല.

    ReplyDelete
  9. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ

    ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    ReplyDelete
  10. നമ്മുടെ കാല്പാടുകൾ
    കണ്ണീരിൽ കുഴച്ചു
    കുളമ്പടി യൊച്ചയാക്കുന്ന
    കാലം

    ReplyDelete
  11. ഈ പറഞ്ഞതിനും ഭീകരമായ പലതുമാണ് കാത്തിരിക്കുന്നത് .

    ReplyDelete
  12. ഒഴുക്ക് പഠിപ്പിച്ച്
    മീൻകുഞ്ഞുങ്ങൾക്കു
    തിരിച്ചു കൊടുക്കാൻ
    അതിലൊരു പുഴയെ
    നരയാക്കി
    തലയിൽ ചൂടുന്ന നീ ...മനോഹരം
    ..ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ - ഭീകരം .

    .
    ബൈജു ... വല്ലാത്തൊരു മാനസിക അവസ്ഥയിലാക്കി കളഞ്ഞു

    ഭാവനകളുടെ മായലോകവും ഭയപ്പാടിന്റെ നരകത്തീയും ഒരുമിച്ചൊരു കവിതയിൽ....
    നിസ്സഹായത അനുഭവപ്പെടുന്നു, വല്ലാതെ !!!

    ReplyDelete


  13. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ.. എത്ര ക്ഷണികമാണ് ഓരോ മനുഷ്യ ജീവനും അല്ലെ? നന്നായി എഴുതി ബൈജു. ആശംസകൾ

    ReplyDelete
  14. അവനവനെ
    അറിയാത്തൊരു
    ജീവിതം
    നരക തുല്യം!..rr

    ReplyDelete
  15. ഒടുവിലത്തെ മൂന്നുകവിതകൾ ഒന്നിച്ചാണു കണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവിനെക്കുറിച്ച് പറഞ്ഞതു തന്നെ, അയത്നസുന്ദരം !!

    ReplyDelete
  16. ആശംസകള്‍....,<3

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!