Skip to main content

വരൂ ഇളവേൽക്കു

 ഒന്ന് നിൽക്കൂ

ഇളവേറ്റിട്ട് പോകൂ

എന്ന് പറയുവാൻ തോന്നാറില്ലേ


അത് പറയുവാൻ തോന്നുന്നത്

നിറഞ്ഞ് കവിഞ്ഞ് 

കടന്നുവരുന്ന 

ഒരു ബസ്സിനോടാണെങ്കിൽ

കൈ നിവർത്തി കാട്ടി 

ഒരു യാത്രികനാവാം


നിങ്ങളുടെ ഉള്ളിലെ തത്തയേ

പറത്തിവിടാം

അല്ലെങ്കിൽ കയറാതെ മാറി നിൽക്കാം

തിരികേ നടക്കാം

മൈനയിലേക്ക് കയറിനിൽക്കാം


ദൂരം ഓളം ഇളവേൽപ്പുകൾ


ജലത്തിൽ പ്രതിഫലിക്കും മേഘങ്ങൾ

ഉപരിതലത്തിൽ ഇളം നീല ജലം

പുരട്ടിയേക്കാം

നനഞ്ഞേക്കാം


കടന്ന് വരുന്നത്

ഓളങ്ങൾ നിർമ്മിച്ച് 

ഒരു തോണിയാണെങ്കിൽ


ഓളനിർമ്മാണങ്ങളിൽ നിങ്ങൾക്ക്

പങ്കെടുക്കുവാനാകില്ലെങ്കിൽ മാത്രം


അതിലെ ഏറേ ദൂരം കഴിഞ്ഞ്

ഒഴിഞ്ഞേക്കാവുന്ന 

ഒരു ഇരിപ്പിടം യാനത്തിൽ 

സ്വപ്നം കാണാം

ഇളവേൽക്കുന്നതിൽ പിടിച്ച് നിൽക്കാം


എന്നോടൊപ്പം വരൂ എന്ന്

അടക്കിപ്പിടിച്ച സ്വരത്തിൽ 

രഹസ്യത്തിന് കാണിച്ചു കൊടുക്കുവാൻ സോക്രട്ടീസിൻ്റെ കാത് കരുതാം


അത് വരെ രഹസ്യങ്ങൾ ഇളവേൽക്കും ഇടവുമാകാം

മദാലസയുടെ ശബ്‌ദത്തിനും

ഗന്ധർവ്വൻ്റെ കാതിനും

തീപിടിക്കും ഇടങ്ങളിൽ


സോക്രട്ടീസിൻ്റെ ശിൽപ്പത്തിലേക്ക്

ഒരു സായാഹ്നം ആയുന്നത് പോലെ 

രഹസ്യത്തിലേക്ക് ആയാം

യാഥാർത്ഥ്യങ്ങളിലേക്ക് തിരികേ പോകാം

ഒരു പക്ഷേ ഒരിത്തിരി പൊള്ളി

അതിൻ്റെ ഉണങ്ങൽ 

അതിൻ്റെ ശമനം അതിൻ്റെ പൊറ്റ അതിൽ മുറുകേ പിടിച്ച്


അടക്കിപ്പിടിച്ച രഹസ്യമാണ്

സേോക്രട്ടീസിൻ്റെ കാത്

ഒന്നും മിണ്ടാതെ ചുണ്ടുകൾ കൊണ്ടു നടക്കുന്നവർക്കിടയിൽ

മേഘം ചുണ്ടോടുരുമിയേക്കാം

ആകൃതികളിലും രഹസ്യങ്ങളിലും

ഒരുപോലെ ഉമ്മ വെച്ചേക്കാം


നിർത്തുവാൻ തോന്നുന്നത്

ഒരു മരമാണെങ്കിൽ

അടർന്നുവീഴുന്ന ഒരിലയുടെ കൈയ്യടക്കം മനസ്സിൽ കരുതണം


നിരന്തരം ഉടലിൻ്റെ മാറാല

അടിക്കുവാൻ ആത്മാവിൻ്റെ ചൂലുമായി

ആത്മീയതയുടെ തൊടിയിലേക്കിറങ്ങണം


മുള്ളുകൾ ചിലന്തിവലകളാണ്

മാറാലയാണെന്ന് 

മീനുകൾ കരുതുന്നത്

പോലെ


ജലം അതിന് ചുറ്റുമുള്ള മാറാലയാണെന്ന് 

എൻ്റ അക്വേറിയ മീനുകൾ

നിരന്തരം അവയുടെ ചതുരങ്ങൾ

നിലത്തിട്ട്

പൊട്ടിക്കുന്നു


ജലത്തിനും ഉടഞ്ഞ ചില്ലുകൾക്കും ഇടയിൽ നിന്ന് 

ഉടലുകൾ വീണ്ടെടുക്കുവാൻ 

ഞാനും മീനുകളും 

ഉടലോടുടൽ ജലം പരതുന്നു

ഒപ്പം സംശയങ്ങളും


ഷോലെ എന്ന സിനിമ 

എന്നോടൊപ്പം തലേരാത്രി കണ്ട 

വാസന്തി എന്ന മീൻ

ചില്ലുകൊണ്ട മാതിരി 

ജലത്തിൽ

ജലോപരിതലത്തിൽ നൃത്തം ചെയ്യുന്നു


ജലത്തിൽ കലർന്ന മാതിരി

ഗബ്ബാർസിങ് എന്ന വില്ലൻ

ഞാൻ എൻ്റെ ശ്വാസത്തിന്നരികിൽ

ചാരനിറത്തിൽ


നിലത്ത് വീണുടഞ്ഞ ജലമാണ്

അക്വേറിയം എന്ന മട്ടിൽ

മീനുകൾ തങ്ങളിൽ ഉരുമുന്നു


കൂർക്കത്തിൻ്റെ അക്വേറിയങ്ങളിൽ

എൻ്റെ ഉറക്കം മീനിൻ്റെ ചമയങ്ങളിടുന്നു

മീനുകളുടെ സ്വപ്നങ്ങൾ കാണുന്നു


പുഴമാന്തും വിരലുകൾ

മിനിനേ തൊടുന്നു

ഉടലിൻ്റെ ജലത്തിൽ 

കാലം ഒരു മീനാകുന്നു 

ഒരാന്തൽക്കാലം മീനുകൾക്ക്

ഞാനും ജലവും കൂടി 

കുറിച്ചുകൊടുക്കുന്നു


ഉടലിൽ തട്ടി ഉണരുന്നു

പകരമാകുന്നവരുടെ മീൻ

എന്ന് അത് പിന്നേയും 

പിടയ്ക്കുന്നു


കൈവിട്ടു പോകുന്ന മനസ്സിൻ്റെ

പിന്നാലെയുള്ള ഓട്ടമാകണം

ഓരോ ഇളവേൽപ്പുകളും

മേഘങ്ങൾക്കൊപ്പം എടുത്തുവെക്കുന്നു


അവഗണിക്കാമെങ്കിൽ മാത്രം

എല്ലാ കവിതയിലും കാണും

ഈണം അത്യന്താപേക്ഷിതമായ ഒരു വരി


അവഗണനയുടെ ഒരു ശേഖരം

മേഘങ്ങൾ കൊണ്ട് നടക്കുമ്പോലെ

അവഗണനകളിൽ പുരട്ടുന്ന ഈണമാണ്

ഇളവേൽപ്പുകൾക്ക് അത് എടുത്തുവെക്കുവാനാകില്ല


തൽക്കാലം

മീനുകൾക്കെന്ന വണ്ണം

അവഗണനകൾക്ക് തീറ്റയിട്ട് കൊടുക്കുന്നു

മേഘങ്ങളിൽ ഇളവേൽപ്പുകൾ പുരട്ടുന്നു


ഇപ്പോൾ ഇളവേൽപ്പിൻ്റെ ചതുരങ്ങൾ

നിലത്ത് 

എനിക്കൊപ്പം മേഘങ്ങൾ!


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

അസമയത്തെ പ്രജ

 അസമയത്തെ അടുക്കള സാങ്കേതികമായി  നിഷ്‌ക്കളങ്കമായ ഒരു ബിംബം  മാത്രമാണ് എന്നാലും അവളോട് പറഞ്ഞാൽ ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ ലഭിച്ചേക്കാവുന്ന ഒരു സാധാരണ പ്രതികരണം മാത്രമാവും എന്നാലും അസമയത്ത് അടുക്കളയിൽ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വെറും കൈയ്യോടെ പ്രവേശിക്കുന്ന പുരുഷൻ ഒരു നുള്ളിനും തള്ളിനും അപ്പുറം ഞാൻ തന്നെയാണ് കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത് തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്താൽ പൊരിച്ച മീനായേക്കുന്നത് എന്നാലും കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ അസമയത്ത് ചെന്ന് ഒരു ചായ ചോദിക്കുന്ന ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും  ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ് സ്വതന്ത്രവിപണിയിൽ ഒരു പോപ്പ്കോൺ ഉടൽ സൂക്ഷിക്കുന്നത്  അത് ഭാരമില്ലാതെ  കൊണ്ട് നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമൊന്നുമില്ല പ്രത്യേകിച്ച് ഇന്ന് വിധേയത്വങ്ങളുടെ പോപ്പ്കോൺ അഥവാ ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ എന്ന് ചുരുക്കിയാൽ മുദ്രാവാക്യങ്ങൾ പോലും പോപ്പ്കോൺ ചവപ്പ് പോലെ അത്രയും ലാഘവത്വം നിറഞ്ഞതാവ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...