കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ
ഓർമ്മയാകും നമ്മൾ
കുടിച്ചിട്ട് വെച്ചിട്ടും
അതിന് ആ ചായക്കപ്പിന്
ചൂടുണ്ടെങ്കിൽ
ഒന്നും മിണ്ടാത്ത
നമ്മുടെ ചുണ്ടിനും
ചൂടുണ്ടാവും എന്ന് കരുതും
അത്
അടിച്ച ചായയുടെ
കലർപ്പുള്ള നമ്മൾ
പതിവ് ഗ്ലാസിൽ നിന്നും കപ്പിലേക്ക്
ചായ വീശിയടിച്ച നമ്മൾ
അതിൻ്റെ സമോവർ തിള
തീയുടെ കപ്പലിന് താഴെ
തിളക്കും
പാരിജാതമണമുള്ള മറ്റൊരു തീ
പൂക്കളിൽ വന്ന് തിളക്കും ചെമ്പകം
കനലിൻ്റെ വാകയിലേക്ക്
മടങ്ങിപ്പോകും മുമ്പ്
ചായക്കനം
ചായത്തുടം
തീ അനക്കം
ചായക്കൊപ്പം
കലണ്ടറും അതിലെ ചിത്രങ്ങളും
തിളക്കും ചുവർ
തീയതി കളങ്ങളിൽ ചാരി നിൽക്കും
ചാന്ദ്രദുന്ദുഭി
ഢമരുവിൻ്റെ കടുന്തുടിയിൽ നിന്നും
നൃത്തത്തിലേക്കായും
ശിവൻ്റെ ശിൽപ്പത്തിനപ്പുറം
നമ്മൾ നമ്മളിലേക്കായും
ഒരു നൃത്തത്തിൽ ചാരി നിർത്തും
ചായയുടെ മണമുള്ള വേരുകൾ
രണ്ട് മനുഷ്യരെ
ഇരുന്ന കസേരക്കും നഗരത്തിലെ ഏറ്റവും
അടുത്ത മരത്തിനും ഇടയിൽ
നിർത്തി നിർത്തി
മുത്തി മുത്തി കുടിക്കും
വാസനയുള്ള വേനൽ
ആവി പൊങ്ങും
പൊള്ളും
സാവകാശം കുടിക്കുന്നവർക്കുള്ളതല്ല
ചായകൾ
എന്ന് നഗരത്തിലേ തിരക്കുള്ള ചൂട്
അടക്കം പറയും
നമ്മൾ ഒരു തിരക്കും ഇല്ലാത്ത
തുമ്പിയേ ഉണ്ടാക്കി
നമ്മുടെ വിരലിൽ,
കൈവെള്ളയിൽ വെക്കും
അതിൻ്റെ സാവകാശം
കൊണ്ട് ഉണ്ടാക്കിയ
ഇരുത്തത്തിൽ
നമ്മൾ തുടരും
ചായ നിറമുള്ള നാട്ടുകാരുടെ നോട്ടങ്ങൾ
നമ്മുടെ ഉടലിൽ കലരും
പറക്കുന്നത് മറന്ന സുതാര്യത
തുമ്പി സൂക്ഷിക്കും ചിറകിൽ
ഇരുത്തം കൊണ്ട് മുത്തി
നമ്മൾ നമ്മളേ സുതാര്യമാക്കും
നമ്മുടെ സ്വകാര്യങ്ങൾ പരസ്യമാവും
സമയത്തിൻ്റെ ചിറകുള്ള തുമ്പി
നമ്മളും തുമ്പികളും
ചിറകുകളും സമയവും
പരസ്പരം വെച്ച് മാറും
സുതാര്യത ഉടലിൽ അലക്കി വിരിക്കും
രഹസ്യങ്ങൾ നീലം മുക്കാൻ മറക്കും
അതിൻ്റെ കണ്ണുകളിൽ
നോട്ടം കൊണ്ടുണ്ടാക്കിയ തീയിൽ അസൂയയിൽ
നമ്മൾ കണ്ണും കണ്ണുമായി
പറന്നിറങ്ങും
നമുക്കരികിലെ
ചൂണ്ട് വിരൽക്കവല
അരക്കെട്ടിലെ കത്തിയെരിഞ്ഞ
നഗരം
നമ്മൾ,
നൃത്തം ചെയ്യുമ്പോൾ ശിവൻ,
അരക്കെട്ടുകൾ സൂക്ഷിക്കും ഇടം എന്ന് സംശയിക്കും
2
കൊളുന്ത് പോലെ
മുദ്രകൾ വന്ന ശിവനൃത്തങ്ങൾ
അവൾ നുള്ളുന്നു
നടക്കുന്നു
നുള്ളും നടക്കും
അതും കൊളുന്തു നുള്ളുന്നവരുടെ
ചുവടുകൾ വെച്ച് താളത്തിൽ
ചലനനാഭി നിശ്ചലനാഭി
എന്നിങ്ങനെ
ശിവനിൽ ഉലയും നഗ്നതകൾ
അതും ചിലപ്പോൾ
സംശയങ്ങൾ കഴിഞ്ഞ്
ശിവശിൽപ്പനാഭി
സംശയനാഭി ഇപ്പോൾ ശിവശിൽപ്പങ്ങളിൽ
കഴുത്തിൽ ഇഴയും
നഗ്നതകൾ കഴിഞ്ഞ്
എത്തിനോട്ടം കഴിഞ്ഞ
തീയതികൾ കഴിഞ്ഞ്
അതിലെ മടുപ്പുകളും
വന്ന് ഊറിനിൽക്കും
ഇന്നലെയുടെ മഞ്ഞും കഴിഞ്ഞ്
അതിൻ്റെ ചുരം കയറും തീയതി ചതുരങ്ങളിൽ അലിയുന്നു
അതിലെ
ഇന്നലെമഞ്ഞ് പോലൊരു സങ്കൽപ്പം വരാനിരിക്കും തീയതികളിൽ വന്ന് ഇറ്റിനിൽക്കുന്നു
പച്ച മാത്രം കുളിച്ച് കയറും
അവളുടെ തത്തകളുടെ നിശ്ചല തടാകം
സമയ ഷഡ്ഭുജങ്ങൾ
പൊന്മാൻ നീലകൾ
അവളുടെ കാതുകളിൽ വന്ന്
പങ്കെടുത്ത്
പറക്കുന്നതിലേക്ക്
പലപ്പോഴായി മടങ്ങിപ്പോകും
പക്ഷികൾക്ക്
മടങ്ങിപ്പോകുവാൻ വേണ്ടി മാത്രം
അവൾ തരിശ്ശിടും
ഉടലിൻ്റെ ആകാശം ചേർത്ത ഇടനാഴികൾ എന്ന് ശിവൻ
മാമ്പഴത്തെ അവിടെ നിർത്തി
അതിൻ്റെ ഞൊറിവുകൾ
അവൾ എറിഞ്ഞിടുന്നു
ശിവനേ കുലുക്കി
അവൻ്റെ കൊഴിഞ്ഞുവീഴും നാഭികൾ
അവൾ പെറുക്കിയെടുക്കുന്നു
അതും മടിയിൽ വെയ്ക്കുന്നു
മുറിച്ച ചെറുനാരങ്ങയുടെ നാഭി
എന്ന് ഓരോ നൃത്തത്തിലും
മുദ്രകളിലും നമ്മളിൽ പുതിയൊരു ചുവടിന് ദാഹിക്കും ശിവൻ
ദാഹിക്കുന്നവരുടെ നാഭികൾ
ജലശിൽപ്പങ്ങളിൽ വെള്ളം കുടിക്കുന്നതായി കൊത്തപ്പെടും
ഓരോ ദാഹത്തിൻ്റെയും ഉളി കൊത്തുന്നവയിൽ
ജലത്തിൻ്റെ സ്വതന്ത്രവിവർത്തനങ്ങൾ
നമ്മളിൽ
അവളിൽ നിന്നും
അവളുടെ മടിയിൽ നിന്നും
നിലത്ത് വീഴും
നാഭികൾ പെറുക്കുവാൻ
ഓടിയെത്തും കുഞ്ഞിന്നേ പ്പോലെ
ചന്ദ്രക്കല തലയിലുള്ള ഒരു കുഞ്ഞ് രാത്രി
അതിൻ്റെ വീഴ്ച്ചകളിലേക്കായും
ഓടിവരവും
നിർത്തലിൻ്റെ കല
നിർത്താത്തതിൻ്റേയും കലയാവുകയാവണം
നിർത്തലിൻ്റെ ചന്ദ്രക്കല കലരും
അനുഗമിക്കുന്നവരുടെ നാഭികൾ
നടത്തങ്ങളുടെ അടർന്നുവീഴലുകൾ
അതിൽ മാമ്പഴഅല്ലികൾ കലരും വിധം
നിർത്തുന്നതിലും
അടർന്നു വീഴുന്നതിലും
അവയുടെ പങ്കെടുക്കലുകൾ
ശരിക്കും പറഞ്ഞാൽ
അടർന്നുവീഴുന്നവയിൽ ധ്യാനിക്കുന്നവ
കാലടികളിലും ഉണ്ട് മാമ്പഴങ്ങൾ
നടത്തത്തിലേക്ക് അവ പതിയേ കലരുന്നവ
അവനെ അനുഗമിക്കുന്നവയിൽ
പൊന്മാനാകുന്നവ എന്ന് മാത്രം
അവൾ കാതിൽ,
പറക്കലിൻ്റെ തുഞ്ചത്ത്
പറഞ്ഞുനിർത്തുന്നു
ആകാശം വകഞ്ഞ്
ഭാരമില്ലായ്മ പകുത്ത്
പറക്കുന്നതിൻ്റെ മുമ്പിലേക്ക് നമ്മൾ
കിളികളേ ഒരുക്കി നിർത്തുന്നു
വെക്കാത്ത ഒരു തുടം നൃത്തത്തിൻ്റെ
തുഞ്ചത്ത്
ശിവനേ കൊണ്ടുനിർത്തുന്നു
ചന്ദ്രക്കലയേയും
ഇഴഞ്ഞ് കഴിഞ്ഞ സർപ്പങ്ങളേയും
അവൻ്റെ ഉടലിൽ നിന്നും
അഴിച്ച് വാങ്ങുന്നു
എപ്പോൾ തിരികേകൊടുക്കും എന്ന്
ഒരു ധാരണയും ഇല്ലാത്ത
അനിശ്ചിതത്ത്വങ്ങൾ
ശിവന് ആസ്വദിക്കുവാൻ
കൊടുക്കുന്നു
ശംഖിൻ്റെ ശബ്‌ദം കലർന്ന ലഹരിയും ഢമരുകത്തിൻ്റെ ഓരോ ശബ്‌ദകോശങ്ങളേയും നിയന്ത്രിക്കും
ഭാംഗിൻ്റെ ലഹരിയും അവന് നിഷേധിക്കുന്നു
അവൻ്റെ
ഢമരുകമുലയും നെടുവീർപ്പുകൾ ആഴത്തിലേക്ക് മാത്രം അഴിയുന്നു
ഭാഷയുടെ മറുകുള്ളവൾ
കഥയുടെ നുണക്കുഴിയുള്ളവൾ
എന്നിട്ടും അവൾ കവിത മാത്രമെഴുതുന്നു
എന്ന് സംശയിക്കും ശിവൻ
നമ്മളിൽ കുറുകുലുകൾ ഇട്ടുവെക്കും
ശിവൻ്റെ വളർത്തുപ്രാവുകൾ
നൃത്തം കഴിഞ്ഞ ശിവൻ്റെ
അവൻ്റെ നീലയിലേക്ക് ഉള്ള
മടങ്ങിപ്പോകലുകൾ എന്ന് അവളിൽ
ഉലയും നെടുവീർപ്പുകൾ
3
മൃഗങ്ങൾക്കിടയിലേക്ക് നമ്മൾ
ഒരു വനത്തിന്നേ തുറന്ന് വിടും
ശിവൻ്റെ അർദ്ധനാഭിക്ക് ഒരു കഥ പറഞ്ഞ് കൊടുക്കും
വനത്തിൻ്റെ വന്യതക്ക്
നീയെന്നും ഞാനെന്നും
കാവൽ നിൽക്കും
വനമില്ലാതെ നിന്നവർ എന്നത്
വനത്തിന് ഉള്ളിലേക്ക് ചെന്ന്
മൃഗങ്ങൾ മറക്കും
അവരിലെ
മറവിമൃഗങ്ങളും
പരിത്യാഗമൃഗങ്ങളും
കാവൽ എന്ന വാക്കിന്നേ
ഓമനമൃഗങ്ങൾ എന്നോണ്ണം
നക്കിത്തുടക്കും
മറവി എന്ന വാക്കിൽ
നാവ് തട്ടുവോളം
മൃഗങ്ങൾ അവയിൽ തുടരും
മൃഗമണങ്ങളേ നക്കിത്തുടക്കുന്നവർ
എന്ന് മൃഗങ്ങൾ നോക്കി നിൽക്കും
അവരുടെ വനം ഒളിപ്പിച്ചവർ എന്ന്
അവർ കണ്ട് പിടിക്കും മുമ്പ്
നമുക്ക് പുറത്ത് കടക്കേണ്ടതുണ്ട്
അപ്പോഴും നമുക്ക്
പുറത്ത് കടക്കേണ്ടത് മുഴുവൻ
നമുക്ക് മുന്നിൽ
വന്യത കലരും വനമാവും
വനസമയ മൃഗങ്ങൾ എന്ന് നമ്മളേ
നോക്കിനിൽക്കും ശിവൻ
അല്ല
നേരമെടുത്ത്
കുടിച്ച് തീർന്ന ചായയുടെ
ചൂടിലേക്ക് മടങ്ങിപ്പോകുന്ന
രണ്ട് പേർ എന്ന് നമ്മൾ!
Comments
Post a Comment