വീഴ്ച്ചകളുടെ ദൈവത്തോട്
പൂർണ്ണതയുള്ള ഒരു വഴുക്കൽ
ആവശ്യപ്പെടുന്നവരുടെ ദൈവം
എന്നമട്ടിൽ ഗൗരവങ്ങളിൽ
തുടരും ദൈവം
വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും വഴുക്കലുകളും ദൈവം,
നീക്കി നീക്കി വെക്കുന്നു
എന്നാൽ ഗൗരവം നീക്കുന്നുണ്ടോ?
അതൊട്ടില്ലതാനും!
വീഴ്ച്ചകളുടെ കരുക്കളുള്ള ചതുരംഗത്തിൽ,
കാലാളുകൾ മാത്രമുള്ള ദൈവം
എന്ന ഉപസംഗ്രഹം
കളിക്കാരൻ്റെ ഗഹനതകളിൽ
എല്ലാ ഇലകളും വഴുക്കിയ മരം
എന്നായി വഴുക്കൻ വേരുകൾ
വഴുക്കും മരം
ഒഴുക്കൻ മട്ടിൽ
വഴുക്കലുകളുടെ ഇലയിൽ
ഉത്തരം വിളമ്പി ഇരിക്കുന്നു
ജനലുകൾ എല്ലാം ഒഴുകിപ്പോയ വീട്
അഴികളിൽ
ഭൂതകാലങ്ങളിൽ നിന്നും
അറുത്ത് മാറ്റാനാവാത്തവിധം
അതിൻ്റെ പിടിച്ചുനിൽപ്പ്
ഇന്നലെകളിൽ
വഴുക്കൻ തിര
ഒഴുക്കൻ കടൽ എന്ന വണ്ണം
കടൽത്തീരത്തിനോടടുത്ത തീയറ്ററിൽ
മാറ്റിനി കണ്ടിറങ്ങും ദൈവം
ഒരു തപ്പിത്തടയൽ
പുറത്തേക്കിറങ്ങാൻ നേരം
അരണ്ടവെളിച്ചത്തിൽ ദൈവം കാത്തുവെക്കും ഉറപ്പ്
മൺമറഞ്ഞവരുടെ ചിരിയിൽ
തങ്ങിനിന്നിട്ടുണ്ടാവണം വെയിൽ
ചിതലെടുത്ത വെയിൽ എന്ന വിധം
അരണ്ടവെളിച്ചം
ചിതലെടുക്കുമ്പോൾ നൃത്തം വെക്കും
ചിതൽ
ഇപ്പോൾ ചിതലെവിടെ എന്ന് ചിരിക്കും
ദൈവം
ദൈവത്തിൻ്റെ ചിരിയിൽ നൃത്തം ചിതൽ എന്നിങ്ങനെ ചിതറും
ഗൗരവ്വത്തിൻ്റെ ശബ്‌ദമില്ലാത്ത ആമ്പുലൻസിൽ അപ്പോൾ
ദൈവത്തിൻ്റെ ചിരി
പഴക്കം
പഴക്കമുള്ള വീഴ്ച്ചകളിൽ
വീണ് കിടക്കും
ദൈവം
തപ്പിത്തടയൽ സമർത്ഥമായി
വീഴ്ച്ചകളിൽ ഒളിപ്പിക്കും ദൈവം
എത്ര വേണ്ടാ എന്ന് വെച്ചാലും
വീഴ്ച്ചകളിൽ തപ്പിത്തടയലുകൾ
അടങ്ങിയിരിക്കും ഉറപ്പ്
അപ്പോഴും,
വേണ്ടാ എന്ന് വെക്കാവുന്ന വീഴ്ചകൾ
ഇലയാവും മരങ്ങളിൽ
തൂവലുകളുടെ കാന്തം കിളികളിൽ
പറക്കുമ്പോൾ അവ
കാലത്തിൻ്റെ ഞെട്ടറ്റ് കാറ്റിലേക്ക് മാത്രം പതിക്കുന്നു
എഴുത്തുവിരലിൻ്റെ വഴുക്കലാവണം
കുറച്ചുവെക്കാവുന്ന വേനലേ
എന്നൊരു തെന്നലിൽ വഴുക്കുവാൻ
തോന്നിയിരുന്നു എനിക്കും,
ഇന്നലെത്തേ സൂര്യനും
ഒന്നും പറയണ്ട
ചുരുക്കിപ്പറയാമല്ലോ
കുറച്ച് വെക്കാവുന്ന വഴുക്കലിൽ
തെന്നിവീഴുന്നു
കുറിച്ചുവെക്കാവുന്ന വഴുക്കലല്ലേ
എഴുത്ത് എന്ന് തിരിച്ചുചോദിക്കും
ദൈവത്തേ പിടിച്ചുതള്ളുന്നു
ദൈവത്തെ പിടിച്ചുനിൽക്കുകയായിരുന്നു
ദൈവത്തോടത് പറഞ്ഞിരുന്നില്ല
പിടിച്ച്തള്ളലിൽ എല്ലാമുണ്ട്
ദൈവത്തിനും അതറിയാം
വീഴ്ച്ചകളുടെ പുതുക്കലാവണം
കവിതയാവാനില്ല എന്ന,
കുറിച്ചുവെക്കാവുന്ന വീഴ്ച്ചകളുടെ
വാശി അവഗണിക്കുന്നു
കൂട്ടിവെക്കാവുന്ന വീഴ്ച്ചകൾ
പുതിയ ദൈവമാകുന്നു!
Comments
Post a Comment