Skip to main content

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ
പക്ഷികൾ സമീപിക്കും വണ്ണം
എൻ്റെ വാർദ്ധക്യത്തേ 
കാക്കകൾ സമീപിക്കുന്നു

ഞാനൊരു കറുത്തവൃദ്ധൻ
എൻ്റെ കാക്കകൾ 
പറന്നുവന്നതിന് ശേഷം
കൂടുതൽ കറുക്കുന്നു

പറക്കുന്നതിനും കറുക്കുന്നതിനും
ഇടയിൽ 
എൻ്റെ കാക്കകൾ
അവയുടെ മറവിയിൽ
ഇപ്പോൾ എൻ്റെ നര 

ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ്
കൂടുതൽ പടവുകൾ വെച്ച്
ഞാൻ അതിലേക്കും 
വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു

ഒരു പക്ഷേ വാർദ്ധക്യം തന്നെ 
ഒരു ബസ്
അതിൽ അവസാനം വരെ 
പിടിച്ചുനിൽക്കേണ്ടിവരും വണ്ണം 
വൃദ്ധൻ്റെ പല മരണങ്ങൾ 
കൈയ്യേറിയതാവണം
ഇരിപ്പിടങ്ങൾ

അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും
അവശതകളിലേക്കും കുതറുന്നു
വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു

ഞാൻ കൂടുതൽ ചുവടുകൾ വെച്ച് 
നൃത്തം ചെയ്യുന്നയാൾ
നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ
എടുക്കുവാൻ കൂടുതൽ ഉടലുകൾ

ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ
ഞാൻ ശ്വാസത്തെ പകുക്കുന്നു
കിതപ്പുകൾ പുറന്തള്ളുന്നു

ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി
എന്നിട്ടും പറക്കുവാൻ മടിക്കുന്നു
നരക്കുവാൻ ശ്രമിക്കുന്നു

വൃദ്ധാ നീയൊരു നൗകയാവൂ
എൻ്റെ വാർദ്ധക്യം എന്നിൽ കൂടുതൽ ആടിയുലയുവാൻ കൊതിക്കുന്നു
കൂടുതൽ ഓളങ്ങളിലേക്ക് 
കൂടുതൽ ആഴങ്ങളിലേക്ക്
കൂടുതൽ പരപ്പുകളിലേക്ക്
എൻ്റെ വാർദ്ധക്യം ആയുന്നു

വൃദ്ധന്നരികിലെ ജലം വൃദ്ധനേ
കൂടുതൽ ദാഹങ്ങളിലേക്ക് 
കൂടുതൽ വാർദ്ധകൃത്തിലേക്ക് 
തള്ളിവിടുന്നു

അപ്പോഴും
വൃദ്ധനിൽ നിന്നും 
ഊർന്നുവീഴും ജലം
യൗവ്വനം അഭിനയിക്കുന്നു

വൃദ്ധൻ്റെ വിരലുകൾ എന്നിൽ കൂടുതൽ
ആഴത്തിൽ അലിയുന്നു
ജലം എന്നിൽ തണുപ്പ് കൂട്ടി മുറുകുന്നു
എന്നിൽ വാർദ്ധക്യം കൂടുതൽ
ഉയരത്തിൽ കൂട് കൂട്ടുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ 
കൂടുതൽ ഇട്ട് കെട്ടിയ കെട്ടിടം പോലെ
എന്നിൽ വാർദ്ധക്യം കാട് പിടിക്കുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ കൂടുതൽ
ചേർത്ത ജലം 
അതിൽ മരണത്തിൻ്റെ തണുപ്പ്
ഞാൻ ആഴത്തോട് കൂടുതൽ 
ചേർന്നുകിടക്കുന്നു

മരണം മണവാട്ടിയാകും ഇടങ്ങളിൽ
വാർദ്ധക്യം അതിൻ്റെ ഒപ്പന
വൃദ്ധൻ്റെ ഉടലിൽ വാർദ്ധക്യം 
അതിൻ്റെ ശാന്തതയുടെ ടാറ്റു 
അപ്പോഴും ശാന്തത അതിൽ 
വാർദ്ധക്യം വരച്ചുചേർക്കുന്നു

വൃദ്ധൻ്റെ ഉടലിൽ ടാറ്റുകൾ
കൂടുതൽ ആടിയുലയുന്നു 
ടാറ്റു അതിൻ്റെ ഓരോ പച്ചവാർദ്ധക്യവും വൃദ്ധനിൽ കെട്ടിവെയ്ക്കുന്നു

വാർദ്ധക്യത്തിൻ്റെ കൂടുതൽ ഡിസൈനുകളിലേക്ക്
വൃദ്ധൻ്റെ ഉടൽ പടരുന്നു
ഓരോ മരണത്തിലും വൃദ്ധൻ്റെ ഉടൽ ശാന്തം പങ്കെടുക്കുന്നു
ഓരോ മരണത്തിലും 
വൃദ്ധൻ്റെ വാർദ്ധക്യം
വൃദ്ധനോളം പുതുക്കപ്പെടുന്നു  
വൃദ്ധനോടൊപ്പം വാർദ്ധക്യവും 
പുറത്തിറങ്ങി ഉലയുന്നു

വാർദ്ധക്യം ഒരു മതമാവുന്നിടത്തെ ജനത
അല്ല,
യൗവ്വനത്തിൽ നിന്ന് അത് മുറിച്ച്
വാങ്ങിയ ഒരു രാജ്യമാവുന്നിടത്തെ
വൃദ്ധൻ 

വൃദ്ധൻ വാർദ്ധക്യത്തിൻ്റെ കപ്പലുള്ള ഒരിടത്തെ ഭൂപടം
മരണത്തിൻ്റെ സഞ്ചരിക്കുന്ന കോമ്പസ്

ശാന്തമായ ജലാശയത്തിന് സമീപം
കാണപ്പെടും ബോർഡ് പോലെ
വാർദ്ധക്യം, അപ്പോഴും
പരിചയമില്ലാത്തവർ
ഇറങ്ങരുത് എന്ന മുന്നറിയിപ്പ്

പക്ഷിയനുകരണങ്ങൾ തടയപ്പെട്ട
ഒരു വൃദ്ധയുടലിൻ്റെ ചേക്കറൽ
മരം അപ്പോഴും ഒരു ചില്ലയിൽ, കെട്ടിവെക്കുന്നു

ഉടൽ വാർദ്ധക്യത്തിനെ കൂടുതൽ ഉയരങ്ങളിൽ കെട്ടിവെക്കുന്നു
വൃദ്ധനെ മായ്ക്കുന്ന മഴ,
ഞാൻ നനയുന്നു
അരികിൽ ഇലകൾ നീണ്ട മരങ്ങൾ

അതേ സമയം വാർദ്ധക്യം
ഒരു ലഹരി
കൈവിറക്കും വണ്ണം,
അതില്ലാതെ ജീവിക്കുവാനാകാത്ത അവസ്ഥയും

വാർദ്ധക്യമുള്ള കിളിയേ
ഒരു വൃദ്ധയകലം മരണം
അതിൻ്റെ ഇലകൾ
അതിൻ്റെ ചലനങ്ങൾ
ഒരു വൃദ്ധ ഏകാന്തത
അതിൻ്റെ ശാന്തത
വാർദ്ധക്യം എന്ന 
ഏറ്റവും ശാന്തമായ ധ്യാനം

അതിൻ്റെ മരച്ചില്ല കഴിഞ്ഞ്
നീണ്ട ഏകാന്തതയുള്ള ഇടനാഴി
തൂണാകണമോ
മരമാകണോ എന്ന് സംശയിക്കും കാറ്റ്

ഭാഷയുടെ മടങ്ങിപ്പോക്കിൽ
സുഗന്ധദ്രവ്യങ്ങൾ തട്ടുന്ന വണ്ണം
വാർദ്ധക്യം ഒരു സുഗന്ധദ്രവ്യം
മരണത്തിൻ്റെ മടങ്ങിപ്പോക്കിൽ
അത് തട്ടുന്നു എന്നു മാത്രം

ജീവിതം ഒരു നായകുഞ്ഞല്ല ഒരിക്കലും

എന്നാലും
ഒരു നായ്ക്കുഞ്ഞിനെപ്പോലെ 
മാനം അതിൻ്റെ നീല,
കടിച്ചുപിടിച്ച്
ഒരു മഴവില്ല് ചാടിക്കടക്കുന്നത് പോലെ
ഞാനെൻ്റെ ഏകാന്തത കടിച്ചുപിടിക്കുന്നു
മറ്റൊരു ഏകാന്തത ചാടിക്കടക്കുന്നു

ഒരു നായ്ക്കുഞ്ഞല്ല ധ്യാനം
എന്നിട്ടും ഒരു ഭിക്ഷു
അത് കടിച്ച് പിടിച്ച് ജീവിതം
ശാന്തമായി മറികടക്കുന്നിടത്താണ്

ഒരു പക്ഷേ ശാന്തതയുടെ ദേശാടനം

തൽക്കാലം കടിച്ചുപിടിക്കുവാൻ
ഒന്നുമില്ല, ജീവിതമല്ലാതെ

കെട്ടിക്കിടക്കുമ്പോഴും
ശാന്തത കൊണ്ട് മാത്രം 
ജീവിതം ഒരു ഓളപ്പരപ്പ്
ചാടിക്കടക്കുന്നതിൻ്റെ ഒരു തുള്ളി
ഓരോ പെയ്ത്തിലും മഴ കരുതുന്നത് പോലെയാവണം

എഴുതിനിർത്തുമ്പോൾ
വാർദ്ധക്യം ഒരു നായ്ക്കുഞ്ഞ്
ഞാൻ എൻ്റെ സ്വന്തം ഏകാന്തത ചാടിക്കടക്കുന്ന വൃദ്ധൻ!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ