ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ
കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക്
ശേഷം
ദൈവം തന്നെ
പ്രതിമയാക്കുന്നത് പോലെ
മനുഷ്യൻ്റെ ക്ഷമ
വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം
വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ
വാക്കുകളുടേയും കൊത്തുപണികളുടേയും
തുടർച്ചയെന്നോണ്ണം
ഭാഷയുടെ ക്ഷമ വരികളിൽ
എടുത്തുവെക്കുന്നു
അത് കവിതയാകുമോ
കുളിരാകുമോ?
എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു
അസ്തമയത്തിൻ്റെ
പേജ്നമ്പർ ഉള്ള
ഒരു പുസ്തകമാവും സൂര്യൻ
അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ
നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി
അടുത്തവരിയിൽ എൻ്റെ കവിത
ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത്
പോലെ
ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം
എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട്
അതിൻ്റെ വസന്തത്തെ
എൻ്റെ ഏകാന്തത
കണ്ടെത്തുന്ന ദിവസം എന്ന
അടയാളപ്പെടുത്തലാവണം
ഋതു
ഉടലുകൾ വിരിയും ഋതു
എന്നായിട്ടുണ്ട് പൂക്കൾ
അസ്തമയത്തിൻ്റെ പോസ്റ്ററും
ജമന്തിയുടെ തീയേറ്ററും
നഗരം പതിയേ .സന്ധ്യയാകുന്നു
വിഷാദത്തിൻ്റെ പശയിൽ
അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു
ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ
അതെരിയുമ്പോൾ ഞാനെഴുതുന്നു
ഒരു പക്ഷേ കാതുകൾ കൊളുത്തിവെച്ച്
എരിയുമ്പോഴെങ്കിലും
ഒരു നാളമാവുകയാണോ വിഷാദം?
ആനന്ദത്തിൻ്റെ ഔദ്യോഗിക വക്താവ്
വസന്തത്തിന് കൈമാറുന്ന പൂക്കൾ
നിറങ്ങളുടെ മൈക്ക് ആവുമോ
അതോ കൊത്തുപണികൾ മറന്ന ഋതുവിൻ്റെ ക്ഷമയാവുമോ?
എത്തിനോട്ടത്തിൻ്റെ
കൊത്തുപണികൾ കഴിഞ്ഞ
ഋതു എന്നൊന്ന് ഉണ്ടാവണം
പൂർത്തിയായാൽ
ആരുടെ കൊത്തുപണിയാവും മറവി
പറന്നുപോകുമെങ്കിൽ മാത്രം
പൊന്മാനാക്കാവുന്ന അത്രയും
നീലനിറമുള്ള മറവി
നീലനിറങ്ങളിൽ എടുത്ത് വെച്ച്
പക്ഷിയാക്കുന്ന ഒരാൾ
ഇനി മറവിയുടെ അസുഖമുള്ള
ദൈവമായിരിക്കുമോ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ
പൂക്കാൻ വരും നീലക്കുറിഞ്ഞി
എന്നത് ഇനി ഏത് പൂവിൻ്റെ ജാതകം
കൊത്തുപണികൾ മാത്രം മിച്ചം വന്ന
പ്രതിമ പോലെ
ശൂന്യതയുടെ കൊത്തുപണി കഴിഞ്ഞ
പ്രതിമ എന്നോണ്ണം എൻ്റെ പക്ഷികൾ
അതിൻ്റെ ആകാശത്തിന് വിലപേശി തുടങ്ങുന്നു
ഒരു കൊത്തുപണി എന്ന വണ്ണം
മറവി
ജമന്തികൾ നിറങ്ങളിൽ
അവരുടേതല്ലാത്ത ചിരാതുകൾ
വിഷാദകാലത്തിൻ്റെ പ്രിൻറിങ്പ്രസേ
ജമന്തികൾ അച്ചടിക്കുന്ന,
ജമന്തികൾക്ക് അച്ച് നിരത്തുന്ന
നിറത്തിൽ
അത് എടുത്ത വെച്ച ദൈവം
വിഷാദകാലത്തിൻ്റെ പ്രസ്താവന
ജമന്തിയിൽ അച്ചടിച്ചുതുടങ്ങുന്നു
കത്തിച്ചുവെച്ച ദീപങ്ങൾ പോലെ
മറവിയിലേക്ക്
ജമന്തികൾ നിരന്തരം ഒഴുക്കിവിടുന്നു.
പവിഴമല്ലിയൊഴുക്കുകൾക്ക് നിറം കൊടുക്കുന്നു
പടവുകൾ അല്ല മറവികൾ ഉറപ്പ്
ഉടൽ ഏത് നദിയുടെ കര?
Comments
Post a Comment