Skip to main content

മനുഷ്യത്തത്തേക്കുറിച്ച് ഏയ് അല്ല ആശങ്കയേ കുറിച്ച് അതിലും നിഷ്ക്കളങ്കമായി

തന്നേക്കാൾ മനുഷ്യത്വമുള്ള ഒരാളാൽ
കൊല്ലപ്പെടും വരെ
ഉറിയിലെ വെണ്ണ പോലെ
എന്നേക്കാൾ ഉയരത്തിൽ സൂക്ഷിച്ചിരുന്നു 
എൻ്റെ മനുഷ്യത്വം 

എന്നും ഒരു വെണ്ണയായിരുന്നു
മനുഷ്യത്വം അത് മനുഷ്യരൂപത്തിൽ
ഉരുകി
ഉരുകാത്തത് മതങ്ങൾ
പുസ്തകങ്ങളിൽ
ആദിമകാലം മുതൽ എടുത്തുവെച്ചു

പലവട്ടം ചോദ്യം ചെയ്യപ്പെട്ടു
എൻ്റെ മനുഷ്യത്വം 
അപ്പോഴൊക്കെ  
ഉറിയിൽ ആടി മനുഷ്യത്വം
അതിന് മുന്നിൽ
തലകുനിച്ച് നിന്നു ജീവിതം

ഇന്നലെ 
ചോദ്യം ചെയ്യപ്പെട്ട നിലാവ്
പുതിയ പകൽ പോലെ
പിന്നേയും കാണപ്പെട്ടു

ഇരുട്ടിൻ്റെ കലങ്ങൾ
ഉടൽ എന്നൊട്ടി
രാത്രിയിൽ തട്ടി അവ 
പിന്നെയോ എന്ന് വീണ്ടും ഉടഞ്ഞു

എന്നേക്കാൾ മനുഷ്യത്വമുള്ളവരുടെ ഇടയിൽ ജീവിച്ചിരിക്കേണ്ടി വരുന്ന
അപകർഷതാ ബോധത്തേക്കാൾ 
ഉയരത്തിലല്ല എൻ്റെ ജീവൻ
എന്നെനിക്ക് പലവട്ടം ബോധ്യപ്പെട്ടു

അപ്പോഴും  
മനുഷ്യത്വത്തിന് മുമ്പിൽ 
ഒരിത്തിരി മന:സ്സമാധാനത്തിനായി കെഞ്ചി 
മനുഷ്യത്വമില്ലാത്തതിൻ്റെ പേരിൽ 
ഏത് നിമിഷവും
നഷ്ടപ്പെട്ടേക്കാവുന്ന ജീവൻ

ഏത് നിമിഷവും എടുക്കാവുന്ന ഒന്നായി അപ്പോഴും ഉറിയിലാടി മനുഷ്യത്വം

ആരുടേതാണെന്ന് അറിയാത്ത വണ്ണം
ആരും എടുക്കാതെ കൂടുതൽ ഉയരങ്ങളിൽ സുരക്ഷിതമായി തുടർന്നു
മനുഷ്യത്വം

മനുഷ്യത്വം മൃഗങ്ങളുടെ രൂപത്തിൽ
അപ്പോഴും പലവട്ടം കാടിറങ്ങി

മതങ്ങളിൽ 
പ്രത്യയശാസ്ത്രങ്ങളിൽ 
നിയമങ്ങളിൽ
ആദിമനുഷ്യത്വം തുടർന്നു

മതങ്ങൾ പലവട്ടം എടുത്ത്
ആഘോഷങ്ങൾ പലവട്ടം എടുത്തു
എന്നിട്ടും
ആർക്കും കൊടുക്കാതെ 
കൂടുതൽ അളവിൽ
കൂടുതൽ ഉയരത്തിൽ
തിരിച്ചുവെച്ചു കൂടുതൽ മനുഷ്യത്വം

മതം ഇടക്ക് വെച്ച 
അപകർഷതാബോധത്തിൻ്റെ ബർഗർ 
അപ്പോഴും രാജ്യം
ഇടക്ക് നീട്ടി
തിരിച്ചടി നേരിട്ടു അപ്പോഴൊക്കെ പൗരബോധം 

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും
ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന 
മനുഷ്യത്വപരതയിൽ ചവുട്ടി
നിയമം നിൽക്കുന്ന നാട്ടിൽ
എൻ്റെ തലയിൽ ചവിട്ടി ആയിരം വട്ടം
കടന്നുപോയി
പലയിനം കുറ്റവാളികൾ
അതും പലവട്ടം  

കൂടുതൽ നിഷ്ക്കളങ്കമായി
മതങ്ങൾ
അവ ഒളിച്ചു കടത്തി 
മതത്തിലേക്കുള്ള മനുഷ്യത്വം

ശിക്ഷിക്കപ്പെടാത്ത അക്രമികൾ
മനുഷ്യത്വത്തിൽ മുറുകേ പിടിച്ചു
ജീവിതങ്ങൾക്ക് കുറുകേ ചാടി

ഒരു നിരപരാധി ആയിരം കുറ്റവാളികൾക്ക് പകരം നീക്കിവെക്കാവുന്ന കരുവായി

നുണക്കുഴിയുള്ള നിയമം
ഓരോ തവണയും നീതി ചവച്ചു
അതാസ്വദിച്ചു

ആയിരം കുറ്റവാളികൾക്ക്
രക്ഷപെടാൻ കെട്ടിയ ഇരയായി
ഒരു നിരപരാധി അവിടെ തുടർന്നു
അതൊരു പുതിയ ആയിരം കുറ്റവാളികളെ സൃഷ്ടിക്കും വരെ
തുറന്ന് വിടും വരെ

ഒരു നിരപരാധിയേ മുൻനിർത്തി
ആയിരത്തിയൊന്നു കുറ്റവാളികൾക്ക് രക്ഷപെടാൻ പരവതാനി വിരിക്കുന്ന
സംവിധാനത്തിൽ
അവരാൽ കൊല്ലപ്പെട്ട
അവരാൽ കൊല്ലപ്പെട്ടേക്കാവുന്ന
അവരാൽ ചതിക്കപ്പെട്ട
അവരാൽ ചതിക്കപ്പെട്ടേക്കാവുന്ന
അവരാൽ കഷ്ടനഷ്ടങ്ങൾ അനുഭവിച്ച
അവരാൽ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചേക്കാവുന്ന
അവരാൽ മാനഹാനികൾ ആക്രമണ ഭീഷണികൾ ഉപദ്രവങ്ങൾ
നേരിട്ടേക്കാവുന്ന പതിനായിരക്കണക്കിന് 
ആൾക്കാർ നോക്കുകുത്തികളായി

അതിലൊരാളായി ഞാനും
കൂടുതൽ നിരപരാധിത്വത്തിലേക്ക് കയറി നിന്നു
അനീതികൾ എനിക്ക് ചുറ്റും
പെറ്റുപെരുകി

പൊതുവിൽ മനുഷ്യത്വം,
അനീതികൾ
ഒളിച്ചുകടത്താനുള്ള മറയായി

ഒരു വാക്കിൻ്റെ പരപ്പല്ല നീതി
പാതി വെടിയുണ്ടകൾ കൊണ്ട 
നിയമ പുസ്തകത്തിൻ്റെ പുറഞ്ചട്ടകൾ
മഹാത്മാക്കളുടെ ചിത്രങ്ങൾ വെച്ച്
പ്രതിമകൾ വെച്ച് മറച്ചു
മാറ്റങ്ങളെ സമർത്ഥമായി പ്രതിരോധിച്ചു

തീവ്രവാദത്തിന് കുടപിടിക്കുന്ന ദൈവമേ
മിതവാദികളുടെ മൃതദേഹങ്ങളിൽ
വെയിൽ കൊള്ളാതെ നോക്കണേ
എന്ന എൻ്റെ പ്രാർത്ഥന
പലവട്ടം കേട്ട് ദൈവം ശബ്ദവോട്ടിനിട്ട് 
നിശ്ശബ്ദമായി തള്ളി

തീവ്രവാദത്തിന്നെതിരെ എന്തെങ്കിലും
പറഞ്ഞായിരുന്നോ
ഞാൻ മതത്തിന്നു നേരെ മൈക്ക്
നീട്ടുന്നു

അനീതികൾക്കെതിരെ എന്തെങ്കിലും
ചെയ്തായിരുന്നോ
നീട്ടിയ മൈക്ക്
രാജ്യം ഓഫ് ചെയ്യുന്നു
ജനാധിപത്യം ഓൺ ചെയ്യുന്നു

തീവ്രവാദത്തിന് മതമല്ല
യുദ്ധത്തിന് മതമുണ്ടോ രാജ്യമുണ്ടോ
മതത്തിന് ജീവിച്ചിരിക്കുന്ന ഇരകളെ കിട്ടുന്നു
യുദ്ധത്തിന് മരിച്ചുപോയ ഇരകളെ കിട്ടുന്നു
മനുഷ്യത്വം രക്തസാക്ഷികളെ,
അപ്പോഴും കൂടുതൽ അനീതികൾക്കായി വകയുന്നു

പല അനീതികൾക്കും എതിരെ
കൈ ഉയർത്തണമെന്നുണ്ട്
അറുത്ത് മാറ്റിയ തലകൾക്ക് താഴെ
മുറിച്ചു മാറ്റിയ കൈകളിൽ 
അത് മുങ്ങിപ്പോകുന്നു

എൻ്റെ മൃതദേഹം അധികം വരും പകൽ
എൻ്റെ മനുഷ്യത്വം 
സ്വപ്നം കണ്ടുതുടങ്ങുന്നു..

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...