മാറ്റിനി പോലെ
പക്ഷികളുടെ തീയേറ്ററിൽ
കാണിക്കുന്ന സിനിമയാണ്
ആകാശമെങ്കിൽ
നീല കഴിഞ്ഞും
നീലക്ക് മുമ്പും
മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും
ഒട്ടിക്കും പോസ്റ്റർ
ശൂന്യതയിൽ
പറന്നുവന്ന ചിറക്
നിലത്തിട്ട് ചവിട്ടിക്കെടുത്തി
പറക്കലിലേക്ക്
വൈകിക്കയറുന്ന പക്ഷി
രതിയിലേക്ക് വൈകിക്കയറും പക്ഷികൾ
എവിടേയും ഉടലുകൾ നിലത്തിട്ട്
ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു
കറുപ്പിലും വെളുപ്പിലും
കാണിക്കും
ഭാഷയുടെ ഡോക്യുമെൻ്റെറി
എഴുതുന്നതിന്ന് മുമ്പോ
എഴുതിയതിന് ശേഷമോ
എവിടെയും തട്ടി കവിതയാവുന്നില്ല
ഉടൽ കുത്തിക്കെടുത്തി
രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം
പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു
ബഹുനില കെട്ടിടങ്ങളിലെ
ജാലകങ്ങൾ പോലെ
നോക്കി നിൽക്കേ നഗരം
പ്രണയങ്ങൾ അണക്കുന്നു
വെളിച്ചം ഒളിപ്പിക്കുന്നു
ഓരോ ജാലകങ്ങളും
ഓരോ പ്രണയങ്ങൾ
ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ
കുത്തിക്കെടുത്തി തുടങ്ങുന്നു
എത്ര ധൃതിയിലും
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം
ഏതുഋതുവിലും പൂക്കൾ
കുത്തികെടുത്തുന്നില്ല
കുത്തിക്കെടുത്തിയ ഏകാന്തതയുടെ
പാടുകൾ വിഷാദമായി
ഒരു സന്ധ്യക്കരികിലും കെട്ടിക്കിടക്കുന്നില്ല
നഗരം,
പ്രണയിക്കുന്ന രണ്ട് പേരുടെ
വെളിച്ചം കത്തിച്ചിട്ട വാക്കുകളുടെ
സൈറൺ കൊളുത്തിയ വാഹനമാകുന്നു
പൊടുന്നനെ നഗരം രണ്ട് പേരെ പ്രണയങ്ങളിലേക്ക് വഹിക്കുന്നു
രാത്രിയിൽ മുഴുവൻ എരിഞ്ഞവിധം
കുത്തിക്കെടുത്തിയ
രണ്ടരക്കെട്ടുകൾ പക്ഷികളിൽ
എന്തും കുത്തികെടുത്താവുന്ന
ഒന്നാകും ഉടലും ആകാശവും
അരികിൽ
കെടുത്താനാവാത്ത നൃത്തം
ഉടലിൽ സൂക്ഷിക്കുന്നവൾ
ആകാശം ഒളിച്ച് കടത്തും പക്ഷികൾ
പഴയ ആകാശങ്ങളുടെ ശേഖരം
ആൽബം പോലെ
ഇന്നലെകളിൽ ഒട്ടിച്ച് വെക്കുന്നു
അതിൽ ഒരു കിളി
എൻ്റെ കാലിൽ വന്നിരിക്കുന്നു
ആകാശം മറിച്ചുനോക്കുന്നു
അപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരിക്കും എന്ന്
അവൾ മാത്രം ഊഹിക്കുന്നു
ഊഹം ആകാശമാകുന്ന സ്വരം
പക്ഷികൾക്ക്
അവൾ പക്ഷികൾക്കിടയിൽ
ഇപ്പോൾ ആകാശം
അവൾ അരുതെന്ന് പറയുന്നതിനേക്കാൾ സുന്ദരം.
Comments
Post a Comment