ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ
വേഴാമ്പൽ ചുവരിൽ ചാരി
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച
പരമ്പരാഗതമായി
വേഴാമ്പലുകളാകുവാൻ പറക്കുന്ന
നാടുണ്ടാവണം
മേയ് പെൻഷൻ പറ്റിയ മാസത്തിന്
അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ
വിരസതയുടെ കുഷനുളള
ഒരു കസേരയുണ്ടായിരുന്നെങ്കിൽ
അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ
ഒരേസമയം മടിക്കുകയും
അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ
ജൂണാകുന്നു
കുരുക്കുത്തിമുല്ലകൾ
അവയുടെ വളവുകൾ പിടിച്ചിടും
ഇടങ്ങളിൽ
പൂക്കൾ നിലത്തിട്ട്, പൂക്കാലം
ഒരു ഓഫീസിലും കയറാതെ,
ഒരു ഫയലും നോക്കാതെ
മാറിനിൽക്കുന്നു
ഇറയങ്ങളുടെ ഇറ്റുവീഴലുകൾ
ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു
അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു
അവളുടെ കൃഷ്ണമണിത്തിരക്കിൽ
പങ്കെടുത്ത്
ഉമ്മകളുടെ രജിസ്റ്ററിൽ
പേര് വെക്കാതെ പോയ നിമിഷങ്ങളെ
കാലം അന്നും ഇന്നും
ദിവസത്തിന് പുറത്തുനിർത്തുന്നു
മഴയുടെ കൊലുസ്സ് ധരിച്ച്,
മേൽക്കൂരകൾ
പുറത്തിറങ്ങും ഇടങ്ങളിൽ
മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം
വിരിഞ്ഞ പിച്ചകത്തം
നിലത്തിട്ട്
മന്ദാരങ്ങൾ
നിലത്തിടുമോ നൃത്തങ്ങൾ മുദ്രകളിൽ
വെച്ചു നോക്കണോ ചുവടുകൾ
പലയിടങ്ങളിൽ
ഓരോ വേനലിനും പല സൂര്യൻ
ഓരോ ഇന്നലേക്കും ഒരു പകൽ
ഇഞ്ചക്ഷൻ എടുത്തയിടത്ത് വെക്കും
പഞ്ഞിപോലെ
വേദനിക്കുന്നിടത്ത്
വേദനയോട് ചേർത്തുവെക്കാൻ ഒരിന്നലെ അനുവദിക്കുകയായിരുന്നു
അതെന്നും പതിവായതിനാൽ
ഞാനത് നീയാക്കുന്നു അതിനാൽ
എനിക്ക് ഇന്നുകൾ പതിവായി ഉണ്ടാവുന്നു
പകൽ കൊണ്ടലങ്കരിച്ച ഇന്നുകൾ
തീയതികൾ കൊണ്ടലങ്കരിച്ച ഇന്നലെകൾ
മഴകൾ ജൂൺആഴം
പവിഴമല്ലികൾ അവയുടെ
കൊഴിച്ചിൽ എന്നിവ കുഴിച്ചിടും ഇടങ്ങളിൽ
നിറങ്ങൾ ഇട്ടുവെക്കും ഇടങ്ങൾ സന്ധ്യ,
അസ്തമയം എന്നെടുത്തു
വെക്കുന്നു
സൂര്യനെ തട്ടിപ്പറിക്കുന്നു
അതിൻ്റെ ഇരുട്ട്
വർഷം മുഴുവൻ ഇട്ടു വെക്കുവാൻ
ഒരോ മാസവും കൊതിക്കുന്നു
വേഴാമ്പൽ കൊതി കൊണ്ട്
പൊതിയിട്ട്
ഒരോ കലണ്ടറിൽ നിന്നും
അടുത്ത മരത്തിലേക്ക് പറക്കും
ഒരോ മാസവും
നക്ഷത്രങ്ങളുടെ പൊതിയിട്ട
മാനങ്ങളുടെ കലണ്ടർ
മൗനം ഒരു കലണ്ടറല്ല
പെയ്ത്ത് ധ്യാനമുള്ള മഴയല്ല ബുദ്ധൻ
ബുദ്ധൻ്റെ മണമുള്ള ജൂൺമാസം
ജൂൺ കൊണ്ടൊരു
ജാലകം പണിയുന്നു
മാസത്തിൻ്റെ ചുവരിൽ
തൂക്കിയിടുന്നു
Comments
Post a Comment