ഒരു വൈകുന്നേരത്തേ
സംഗീതസംവിധാനം ചെയ്യുകയായിരുന്നു
വൈകുന്നേരത്തേക്കാൾ
വൈകുന്നതായി മറ്റൊന്നുമില്ല
അത് ഒരു വരിയുമായി
കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി
ഓർക്കെസ്ട്രയായി വിഷാദമല്ലാതെ
മറ്റൊന്നുമില്ല
സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം
കുറച്ച് വൈകി ഒരു ഗസലായേക്കാം
അവൾ മാത്രം അതിൻ്റെ ശ്രോതാവും
സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ
അവൾക്കരികിൽ കൊഴിയുവാനായുന്നു
അവൾക്ക്,
ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത
പവിഴമല്ലിപൂക്കളുടെ മണം
പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും
വിശ്വസിക്കുമോ
വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ
അവൾ മാത്രം,
സംഗീതസംവിധാനം ചെയ്യപ്പെട്ട
ഒറ്റപ്പെടൽ അനുഭവിക്കുന്നു
അപ്പോഴും
വൈകുന്നേരങ്ങൾ,
ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം
കേൾക്കുവാനാകുന്നു
ഉടൽ
കാതുകൾ കൊഴിയുവാൻ
ആവശ്യപ്പെടും പൂക്കളാവുന്നു
ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ്
ശരീരത്തിൽ, കാതുകൾ
കുരുക്കുത്തിമുല്ലകൾ ആകുവാൻ
തുനിയുന്നു
അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു
ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി
സംഗീതസംവിധാനം ചെയ്യപ്പെടും
വണ്ണം
ശരീരത്തിലെ
സകലഅവയവങ്ങൾക്കും
കാതുകളോട് ബഹുമാനം തോന്നുന്ന
നിമിഷം
ഒരുപക്ഷേ
അസ്തമയത്തിൻ്റെ കോറിയോഗ്രഫി
എന്നാവണം
അല്ലെങ്കിൽ അകലെയുള്ള
നൃത്തസംവിധാനം ചെയ്യപ്പെട്ട സൂര്യൻ
എന്നുമാകാം
അവളിടം എന്ന ഞാൻ
വിഷാദം ഒരു സത്യപ്രതിജ്ഞയാണെങ്കിൽ
ഞാനിനിയും അധികാരം ഏറ്റെടുക്കാത്ത
മനുഷ്യൻ
കോറിയോഗ്രഫി ചെയ്യപ്പെടും വിഷാദങ്ങൾക്ക്
സംഗീതസംവിധാനം ചെയ്യപ്പെട്ട
വിഷാദകാലങ്ങൾക്ക്
അരികിൽ സംഗീതസംവിധാനം ചെയ്യപ്പെടാത്ത ഉടലുമായി ഞാൻ
എന്നിട്ടെന്താ
എൻ്റെ കോറിയോഗ്രഫി ചെയ്യപ്പെട്ട ഉടൽ
കോറിയോഗ്രഫി ചെയ്യപ്പെടാത്ത ഉടലിനേ നോക്കി ഇരിപ്പായി.
Comments
Post a Comment