മരണം പൂർത്തിയാക്കാത്ത മനുഷ്യൻ
എന്ന് എന്നേ കളിയാക്കും പക്ഷി
നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ
ഞാൻ പക്ഷിയോട് കയർക്കുന്നു.
മാനം എൻ്റെ മരണം
ഞാനതിൽ ലയിക്കുന്നു
എന്നാകും പക്ഷി
നിൻ്റെ പറക്കൽ
എന്റെ ഒരു നേരത്തെ മരണത്തിന്
സമാനമാണോ
നിൻ്റെ പറക്കൽ
നിൻ്റെ തൂവലുകൾ
നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു
ഉടൽ വെച്ച് മാറും മരണം പോലെ?
ഞാൻ പക്ഷിയല്ലാതായിട്ട്
അധികമായിട്ടില്ലാത്ത മനുഷ്യൻ
എനിക്ക് മാനത്തിൻ്റെ മണം
തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ
തൂവലുകളുടെ തൊഴിൽ ഇപ്പോഴും
എൻ്റെ മരണം ചെയ്യുന്നു
മറ്റൊരു പക്ഷിയുടെ പറക്കലിൽ
എൻ്റെ ഉടൽ പങ്കെടുക്കുന്നു
ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ
മാനവുമായുള്ള അഭിമുഖം
എൻ്റെ പക്ഷി മതിയാക്കുന്നു
അവ ശബ്ദം മടക്കുന്നു
നീല നിലനിർത്തുന്നു.
Comments
Post a Comment