Skip to main content

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു



ആകാശം പെറ്റ കുഞ്ഞായി
ഒരു മേഘത്തിൻ്റെ 
അരികിൽ കിടക്കുകയായിരുന്നു

വരൂ എന്ന്  ഞാൻ മേഘങ്ങളെ
തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു

സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന്
താഴെ നിങ്ങും മനുഷ്യരെ
മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി

തെറ്റിദ്ധാരണകൾ മേഘങ്ങൾ
ധാരണകൾ അവയുടെ ശകലങ്ങൾ
അതിൻ്റേതായ മാനത്ത് 
അവയും മേഘങ്ങൾ

മേഘങ്ങൾ യാന്ത്രികമായി
നീങ്ങിത്തുടങ്ങിയ ശേഷം
കുറേക്കൂടി യാന്ത്രികമാകും ആകാശം

ലിബർട്ടി എന്ന ശിൽപ്പം
അടക്കിപ്പിടിച്ച സ്വാതന്ത്ര്യം 
തങ്ങളുടെ അരിക് തട്ടി
നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു

ഓരോ വിമാനങ്ങളേയും ഭയക്കും
കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ
തമ്മിൽ അടക്കം പറയുകയുണ്ടായി
ഭയം മേഘമായ കാലത്തും

ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല
ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു

ലബനോണിൽ സിറിയയിൽ
ഉക്രൈയിനിൽ പലസ്റ്റെനിൽ 
യമനിൽ ഇറാനിൽ 
ഇസ്രായേലിൽ ഇറാക്കിൽ
തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി
അവിടുത്തെ മാനം എന്നോ 
വന്ന് പോയത്
എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു

മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല
ഞാൻ ആണയിടുന്നു

രാഷ്ട്രങ്ങൾ മേഘങ്ങളാണോ
അത് ഭൂമിയിൽ മണ്ണില്ലാത്ത മനുഷ്യരെ ചെന്ന് മുട്ടാറുണ്ടോ
അറിയുവാൻ വേണ്ടി മാത്രമെന്നോണ്ണം
മേഘങ്ങൾ ചോദിക്കുന്നു

ചോദ്യങ്ങളുടെ മേഘങ്ങളിൽ നിന്നും
എൻ്റെ ഉടൽ മാനം കാട്ടി ഒഴിഞ്ഞു മാറുന്നു

നിനക്ക് നോവുണ്ടോ 
അജ്ഞാതമായ മേഘം ചോദിക്കുന്നു
ക്രൂരതയുടെ ആകൃതിയണിയും തിരക്കിന്നിടയിൽ
അതിന് പ്രസക്തിയില്ല എന്നായി ഞാൻ 

മേഘങ്ങൾ അതിൻ്റെതല്ലാത്ത ആകൃതിയിൽ തുടരുന്നു
മഴയായിട്ടുണ്ടാവുമോ ചോദിച്ച മേഘം ?

നിങ്ങൾക്കെന്തിനാണ് ഇത്രയും
മേഘങ്ങൾ
എൻ്റെ നിശ്ശബ്ദത ചോദിക്കുന്നു
എൻ്റെ ഏകാന്തത ഒരു മേഘമാണെന്നും
അത് ദുരൂഹമായി സഞ്ചരിക്കുന്നുവെന്നും
ഞാൻ തിരിച്ചടിച്ചു.

മനുഷ്യൻ മതത്തിൻെ പാസ്പ്പോർട്ടുള്ള
ജീവി അത് രാഷ്ട്രങ്ങളിൽ ഇടപെടും വിധം എന്നായി മേഘങ്ങൾ

ഇടക്ക് നിശ്ശബ്ദതയുടെ 
മെഹന്ദിയിട്ട മേഘങ്ങൾ എന്നെ 
കടന്നുപോയി
എൻ്റെ വിരലുകൾ മേഘങ്ങളാകുവാൻ
കൈകൾക്കരികിൽ വെമ്പുന്നു

മേഘമാകുവാനുള്ള പരിധി
മേഘങ്ങൾ പതിയേ ലംഘിച്ച് തുടങ്ങുന്നു

അപ്പോൾ അതിരുകൾ എന്തിന്
നോവിന് അധികാരങ്ങൾ ഉണ്ടോ
അധികാരങ്ങളെ അതിരുകൾ ഭയപ്പെടുന്നുണ്ടോ?

ജനിക്കുമ്പോൾ മുതൽ ഇടപെടും മതം
ജനനം കഴിഞ്ഞ ഉടൽ
മതങ്ങളിൽ ഉപേക്ഷിക്കും വിധം 
പ്രസവമെടുത്ത വയറ്റാട്ടിയേ പ്പോലെ
ശാസ്ത്രം അവിടേയും കൈ കഴുകുന്നു
മതേതരത്തത്തിൽ കൈ തുടക്കുന്നു

പരാജയപ്പെട്ട രാഷ്ട്രങ്ങൾ മതങ്ങളിൽ
ചാരി നിൽക്കുന്നുണ്ടോ?

ഉടൽ ഒരു മേഘബുദ്ധൻ
സഞ്ചാരം അതിൻ്റെ ധ്യാനം
എന്നായി ഞാൻ

മനുഷ്യത്വം കൊണ്ട് 
ശാസ്ത്രങ്ങൾ കൊണ്ട് 
വിജയിച്ച രാഷ്ട്രങ്ങളില്ലേ?
പലായനത്തിലേക്ക് വീണുപോയ മേഘം
ശബ്ദം ഉയർത്തി
ചോദിക്കുന്നു

വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾക്ക് മുകളിൽ
മേഘങ്ങൾ അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വേഗത പിന്നെയും വിഭജിക്കപ്പെടുന്നു

രാഷ്ട്രങ്ങൾ പരാജയപ്പെടുമ്പോഴും
മനുഷ്യരേ ചേർത്തുപിടിക്കും മതങ്ങളില്ലേ
എന്നായി
മാനത്ത് ചാരി നിൽക്കും മേഘം
സഞ്ചാരം അപ്പോഴും അതിനന്യം

മനുഷ്യരെ ചേർത്ത് പിടിക്കാത്ത
രാഷ്ട്രങ്ങളിലല്ലേ മനുഷ്യർ മതങ്ങളേ
കൂടുതൽ കൂട്ടുപിടിക്കുക

അധികാരത്തിൽ ചാരി യുദ്ധങ്ങൾ നിൽക്കുന്നു മനുഷ്യരിൽ ചാരി മതങ്ങളും

ഏത് നിമിഷവും മനുഷ്യത്വം
പിൻവലിക്കപ്പെടാവുന്ന വിധം
രാഷ്ട്രങ്ങളിൽ 
മതങ്ങളിൽ ചാരി നിൽക്കും മനുഷ്യരുണ്ടോ?

ഒരു പക്ഷേ
ജീവിതത്തിൽ ചാരി നിൽക്കും 
സാധാരണമനുഷ്യരാവും എന്ന്  മേഘം.

ഒരിക്കലും അല്ല എന്ന് ഞാൻ 

സാധാരണത്ത്വം നഷ്ടപ്പെടുത്തും മനുഷ്യർ
നാളെത്തെ മേഘത്തുണ്ടുകളാവാം എന്ന്
അപ്പോൾ മേഘങ്ങൾ

മനുഷ്യൻ സാധാരണത്തം നഷ്ടപ്പെടുത്തും വിധം
രാഷ്ട്രങ്ങൾ വളർത്തും 
ആഭ്യന്തര മേഘങ്ങൾ എന്നാവാം എന്ന്
അപ്പോഴും അവറ്റകൾ

മേഘങ്ങൾ രാഷ്ട്രങ്ങളെ പിളർത്തുമോ
രാഷ്ട്രങ്ങൾ നോക്ക് കുത്തിയാകും ഇടങ്ങളിൽ 
പിളർന്ന രാഷ്ട്രങ്ങൾ പുതിയ മേഘത്തുണ്ടുകളായി
മനുഷ്യരുടെ തലക്ക് മുകളിൽ കൂടി
സഞ്ചരിക്കുമോ

മതങ്ങൾ വളർത്തും 
മനുഷ്യമേഘങ്ങൾ
എന്നായി ശാസ്ത്രങ്ങൾ

ഞാൻ എൻ്റെ വിഷാദങ്ങളിൽ 
ചാരി നിൽക്കുന്നു
മേഘത്തിലേക്കായുന്നു

മതങ്ങൾ, രാഷ്ട്രം വളർത്തും
സുഖമുള്ള തെറ്റിദ്ധാരണകൾ
എന്ന് തിരുത്തുന്നു

കൈവെള്ളയിലൂടെ സഞ്ചരിക്കും
കുഞ്ഞ് മേഘത്തിന് 
പാട്ടെന്ന് പേരിടുന്നു 
മാനത്തിൻ്റെ ഹെഡ്ഫോൺ വെച്ച് അതിന്നെ കേട്ടിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ നിൻ്റെ നൃത്തമാതൃത്വം  താരാട്ട് നീയുടുക്കും പട്ടുസാരി നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ നീ കാതെഴുതി കൊടുക്കുന്നതെല്ലാം പാട്ടാവുന്നു കണ്ണെഴുതുന്നിടത്ത് നിന്ന്  ഉടൽ തുടങ്ങുന്നു ക്ലാസിക്കൽ നർത്തകി നിൻ്റെ നൃത്ത ഉത്ക്കണ്ഠ  ഏത് ചുവടിൽ  ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന്  ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു എനിക്ക് മുന്നിൽ പറന്നുകാണിക്കും ദൈവം വെറും കിളിയാണെന്ന് ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു നർത്തകീ നിൻ്റെ നൃത്തം അസ്തമയം ഒരു താളമാണെങ്കിൽ സൂര്യൻ ഒരു രാഗം നിൻ്റെ നൃത്തം അസ്തമയത്തിൽ തട്ടുമോ നിൻ്റെ മൂക്കൂത്തിയാകുമോ എൻ്റെ വിഷാദം എന്ന്  നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ വെറുതേ സംശയിക്കുന്നു നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു സൂര്യനെ പൊതിയും അസ്തമയം നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു ദൈവം മതത്തിൻ്റെ കൂടുള്ള കിളി എന്ന് നിൻ്റെ ഓരോ നൃത്തവും മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു മാതൃത്വവും കൈക്കുഞ്ഞിലേക്ക് പാൽമണമോടെ തിരിയുന്നു നിന്നിലെ എരിയും നൃത്ത നാള...

കൈയ്യടികൾ അഴിച്ചിടും വിധം

എല്ലാ പ്രാർത്ഥനകളും തിരസ്ക്കരിച്ച ദൈവത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുവാൻ  എൻ്റെ ദൈവത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു ആ വിളി മാത്രം കേട്ട ദൈവം എന്ന് കാണികളിലൊരുവനായി കൺമിഴിക്കും ഞാൻ ഏറ്റുവാങ്ങുവാനുള്ള ഇനിയും പൂർത്തിയായിട്ടില്ലാത്ത ഫലകം ഒരു കവിതയായിരിക്കും എന്ന് ദൈവത്തിന് വേണ്ടി വിചാരിക്കുന്ന ഒരാൾ പതിയേ വേദിയിലേക്ക്  കടന്നുവരുന്നു കാണികളിൽ ഒരാളായി അപ്പോഴും സദസ്സിൽ, നിസ്സംഗതയോടെ തുടരുന്ന ദൈവത്തെ ഞാൻ മനസ്സിൽ ആരാധിച്ച് തുടങ്ങുന്നു എങ്ങും അഴിച്ചിട്ട കൈയ്യടികൾ!