അല്ലയോ എന്ന വാക്കിന്നെ
കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു
തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ
മെല്ലെ എന്ന വാക്ക്
വിളിച്ചുണർത്തുന്നു
ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ
കൈക്കുടന്നയിൽ നിറയും ജലം പോലെ
അരികിൽ നീ എന്നായി അവൾ
വെയിലെന്ന് എടുത്തുവെക്കുമ്പോഴും
മുഖത്ത് വീഴുമ്പോൾ
ജലമാകും പുലരി
ഒരുമിച്ച് നിൽക്കാത്തവർ നൃത്തം
ചെയ്യുന്നു
ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു
എന്നായി ഞങ്ങൾ
ഉടലിന്നരികിലൂടെയും
ഉടലിന്ന് മുകളിലൂടെയും
ഉയിരിൽ തട്ടിയും
ഉടലിൽ തട്ടാതെയും
സ്വയം നടക്കാൻ
പാദങ്ങളുടെ പള്ളിക്കൂടങ്ങൾ
ഒഴുകുന്നവർക്കിടയിലൂടെ
ഞങ്ങളേ പഠിപ്പിക്കുന്നു
കൊലുസ്സുകൾ അണച്ച്
കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത്
പഠിക്കും വിധം
അതണിയുവാൻ കാലുകൾ മെരുക്കും
വിധം
കാലുകളിൽ കൊലുസ്സുകൾ
ഗൂഡാലോചന നടത്തുന്നുണ്ട്
ഞങ്ങൾ അത് കേൾക്കുന്നുണ്ട്
ഒരു പക്ഷേ കണ്ണുകൾ അടച്ച്
അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല
എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു
ഞങ്ങൾ നടക്കുവാൻ
പഠിക്കുവാൻ വേണ്ടി മാത്രം
പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു
പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ
കുറച്ച് കൂടി
ചലനാത്മകമായ ഭാഷയുടെ ഡ്രിപ്പ്
ഒക്കെ ഇതിന്നിടയിൽ ഞാനാവശ്യപ്പെടുന്നുണ്ട്
നാരകങ്ങളുടെ ഐസിയുവിൽ
അതേ മണമുള്ള ഇലകൾ വകഞ്ഞ്
നാരങ്ങകൾ
ഓരോ വാക്കുകളേയും
നാരങ്ങകളാക്കുവാനുള്ള
മഞ്ഞയുടെ മൊത്തശേഖരം
അവളുടെ കൈയ്യിൽ
വേനലിൻ്റെ അല്ലികൾ
സൂര്യകാന്തികൾ
പൂക്കൾക്കിടയിലൂടെ
ഉന്തിക്കൊണ്ട് വരും
പുതിയ മഞ്ഞകൾ മറ്റു നിറങ്ങൾ
എഴുതുവാൻ ഉപയോഗിക്കുന്നു
എന്നല്ലാതെ
ചമയങ്ങൾ ഇട്ട ഭാഷയെ
മറ്റൊരു വേഷവും കൊടുക്കാതെ
ഇതിനിടയിൽ
കവിത ഒഴിവാക്കുന്നുണ്ട്
വാക്കുകൾ എല്ലാം
കാണികളാവും ഇടങ്ങളിൽ
നാടകങ്ങൾ ഉപയോഗിക്കും നാടകീയത
കവിതയിലും ജീവിതത്തിലും
വല്ലാതെ അധികം വരുന്നുണ്ട്
വിരിയുവാൻ വേണ്ടി മാത്രമുപയോഗിക്കും
സമയത്തിൻ്റെ നാലുമണിയുടൽ
വൈകുന്നേരം പൂക്കളാക്കുന്നത്
പോലെ ഉപമകൾക്ക് പോലും
കവിതകൾക്കിടയിൽ ചൊടിക്കുന്നുണ്ട്
എന്നിട്ടും
വെയിലിൻ്റെ രസീതി
ഒരു സൂര്യനും ഒരു പകലിനും
ദിവസത്തിൻ്റെ ഒപ്പിട്ട് കൈമാറുന്നില്ല
കീറുന്നതിൻ്റെ പോലും ശബ്ദമുണ്ടാക്കാത്ത
കുത്തുകുത്തുള്ള
നിശ്ശബ്ദതയുടെ രസീതി
സഹനങ്ങൾക്കിടയിലും
ഓരോരുത്തരുടെയും കയ്യിൽ
വാക്കുകളുടെ കോഴ കൊടുത്ത്
വായനയുടെ സ്വാശ്രയ കോളേജിൽ
കവിത എഴുതുന്നതെന്തും
അപ്പോഴും നോവാകുന്നു
കണ്ണെഴുത്തുകൾ എത്തിനോട്ടങ്ങൾ
മുദ്രകൾ നിലത്ത് വീഴും മുമ്പ്
കുനിഞ്ഞെടുക്കും ചുവടുകൾ
നൃത്തവിദ്യാലയത്തിലെ ജന്നൽ
ആരും കാണാതെ എടുത്ത് കൂട്ടിവെക്കുന്നതെല്ലാം
വെള്ളാരംങ്കല്ലുകൾ അണച്ച്
ഒഴുക്കിൻ്റെ അടിയിൽ പുഴ,
സൂക്ഷിച്ച് വെക്കുന്നതെല്ലാം
ഒഴുക്ക് കൂട്ടി പുഴ ഞങ്ങൾക്കരികിൽ
ഇരിക്കുന്നു ഒഴുക്കെന്ന് നടിക്കുന്നു
വരൾച്ചകൾ ശേഖരിക്കും വിധം നമ്മൾ വെയിലൊച്ചകൾ കാണാതെ പഠിക്കുന്നു
വെള്ളപ്പൊക്കങ്ങളിൽ പങ്കെടുക്കും വിധം
നമ്മുടെ ഉടലുകൾ ബനിയനുകളിൽ
അടിവസ്ത്രങ്ങളിൽ പൊങ്ങുന്നു
വെള്ളം പൊങ്ങുമ്പോൾ കാലുകൾ
ചെയ്യുന്നതെല്ലാം എന്നെല്ലാം ഞങ്ങൾ ശരിക്കും എഴുതി പറഞ്ഞ് പഠിക്കുന്നു
ജാലകപ്പഴുതിൻ്റെ കമ്മലുള്ളവൾ
അപ്പോഴും എൻ്റെ നെഞ്ചിൽ
പുറത്തേക്ക് പിന്നിയിട്ട
ജന്നലിനരികിൽ വീട് അപ്പോഴും
പൂക്കൾ കെട്ടിവെക്കുന്നു
നടവഴിയോളം നടന്ന് ചെന്ന്
ഇടവഴിയാകെ പൂത്തിട്ട്
മതിയാകാതെ പൂന്തോട്ടം പോലെ വീട്
ഒരു വെള്ളത്തിലും ചവിട്ടാതെ
തിരികേ വരുന്നു.
Comments
Post a Comment