Skip to main content

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ
വിരിഞ്ഞ് നിലത്തുവീഴും മുമ്പ്
കൊഴിയുന്നതിലേയ്ക്കൊക്കെ ആയും
ദൈവം

പെയ്ത്ത് മഴയിൽ രാവി
മേൽക്കൂരകളിൽ തിരുകും
ചോർച്ച 

ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം
അതിലേയ്ക്കായും,
മഴവെള്ളത്തിന്റെ താക്കോൽ
ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ
കാലുനനയ്ക്കും തുരുമ്പ്

തിരക്കുള്ള ബസ്സിൽ നിന്ന്
യാത്രചെയ്യും യാത്രികനേപ്പോലെ
അടുത്ത ഏത് താളത്തിൽ വെയ്ക്കും
എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ
കൈയ്യിലെ മഴവെള്ള രാഖി

മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ
ഏതിൽതൊടും വിരൽ
എന്ന് എത്തിനോക്കുകയാവും താളം

താളങ്ങൾ കേസരം
മൃദംഗം ഒരു ചെമ്പരത്തി

മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ
ചെമ്പരത്തിയുടെ ഒരു തുള്ളി
മൂക്കിൽ,
സെറീനാവഹാബിൻ്റെ മൂക്കിലെ
മൂക്കൂത്തിയാകും കാലം

ചിറകുകൾ വാരിച്ചുറ്റി
കാലുകൾ വലിച്ചിഴച്ച്
ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ
നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ,
ലോകം

ബസ് നിർത്തും ഇടങ്ങളിലെല്ലാം
ഇറ്റുവീഴും പാട്ട്
പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ
അടുത്ത ചുവട് വെക്കും മുമ്പ്
അയാളിലേക്കായും പ്രായം

കടലാവണക്കിന്റെ പശയിലേക്ക്
ശ്വാസം കഴിഞ്ഞുവരും ഉടൽ,
വിട്ടുകൊടുക്കുന്നു 
കുമിളകളിലേക്ക് പറന്നുയരുന്നു

വിശ്വാസികളെ മാത്രം 
കൊന്തിത്തൊട്ടുകളിക്കുവാൻ ദൈവം എടുത്തണിയും
കാല്
വിരലിൻ്റെ പൂക്കൂറ്റി
മേഘമന്ദാരത്തിൻ്റെ കതിന
ഒരായുസ്സിൻ്റെ ആയൽ

വിശ്വാസിയുടെ ഓട്ടം എടുത്തണിഞ്ഞ്
അവിശ്വാസികൾക്കിടയിൽ
നിൽക്കും
എൻ്റെ പ്രാർത്ഥന

വേലിക്കരികിൽ, പൂക്കൾക്കിടയിൽ
കടലാവണക്കിന്റെ 
ചെടിപണിയും സൂര്യൻ

അതിൽ
ആരായലുകളുടെ ദൈവം, പണിഞ്ഞുവെക്കും
കേസരം 

വിരിഞ്ഞപൂക്കൾക്കരികിൽ
നേരംമ്പോക്ക് വരച്ചുചേർക്കുന്നു
നേരംവിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ