Skip to main content

ഉടൽജീവിയിടം

പക്ഷികൾക്ക് 
പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ
ശൂന്യത അനുവദിക്കുകയായിരുന്നു
ഉടലിന്

ശരിയായ ആകാശം അനുവദിക്കുമ്പോൾ
പക്ഷി ചെയ്യുന്നതെന്തും

ആകാശം മനസ്സിലാകാത്തവർക്കായി
ആകാശം കഴിഞ്ഞ് 
അരികിൽ
ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ,
മനുഷ്യനെ മനസ്സിലാകാത്തവർക്കായി
അരികിൽ വെച്ചതാവണം,
പ്രണയത്തിന്റെ ടിപ്പണി

ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി

കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച 
ഒരപേക്ഷഫോം എന്ന നിലയിൽ 
ഒരു മൃഗം

ചുവരിനും കാറ്റിനും ഇടയിൽ
കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു

വെറുതെയിരിക്കുമ്പോൾ 
തീ പിടിക്കും വിരൽ 
ബീഡി പോലെ ആകാശത്തെ 
തെറുത്തുവെക്കും കാത്

തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു
കവിത, ഒരു വിരലിനെ
കെടുമ്പോൾ തീയതിയായി  
തീപിടിക്കുമ്പോൾ വിരലായി
അത് സമാന്തരമായി തുടർന്നൂ, കവിതയിൽ

പൊന്മാനരികിൽ നീലയായി
ജനലിന്നരികിൽ ചതുരമായി
അത് പടർന്നു,
കവിതയുടെ ചിത്തിരവള്ളി

നിശ്ചലതയുടെ അടുത്തെത്തുമ്പോൾ
നായ അതിന്റെ 
മൂന്നാം കാലം ഉയർത്തി
തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ

ആകാശം ഒരു നായയല്ല

അതിന്റെ നിശ്ചലതക്കരികിൽ തീയതി
അഥവാ,
ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത
അത് പുറത്തേക്കിട്ടുന്നില്ല

താക്കോൽ പഴുതുകൾ പൊട്ടിച്ചൊഴിച്ച്
വീട്,
മുറിയുടെ ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ

പകലിന്റെ വെള്ള
ഏകാന്തതയുടെ മഞ്ഞക്കരു

ഇണചേരും രണ്ട് ബുൾസൈയ്യുകൾ

അവർക്കരികിൽ പക്ഷിയിൽ നിന്നിറങ്ങി
ശൂന്യതയുടെ പാടുകളുള്ള
ഒരു മൃഗമായി തുടരുകയാവണം ആകാശം

ശരിക്കും
അനുഭവിച്ചുതുടങ്ങിയോ
മനുഷ്യനെന്ന ശിക്ഷ?
അറിയില്ല

കവിതയിൽ ഒളിച്ച്  
ജീവിതത്തിന് പുറത്തുകടക്കും
ഒരു ജനത

പൂക്കളാവുന്നതാവണം
തെറ്റിന്റെ നാലിതൾ വലിച്ചിഴപ്പ്

ഏതോ പൂക്കാലത്തിൻ്റെ
മറവിൽ
നമ്മുടെ ദൈവങ്ങൾ 
തെറ്റു ചെയ്തിരിക്കുന്നു
വിരിയുന്ന തിരക്കിനിടയിൽ
നമ്മൾ അത് പൊറുത്തിരിക്കുന്നു

ഇനിയും നമ്മൾ അപേക്ഷിച്ചിട്ടില്ലാത്ത
മുൻകൂർ ജാമ്യം മാത്രമാകും മതം

സുഖം എന്ന വാക്കിന്റെ 
നിഘണ്ടുതുറക്കുന്നു
വിരൽത്തുമ്പിൽ മൗനം പുരട്ടി,
ഓരോ കോശവും പതിയേ
പരിശോധിക്കും ഒരു ജനത

തിരികെ വെയ്ക്കുവാൻ
പരതുകയാവണം
ഓരോ മരച്ചുവട്ടിലും വലിച്ചിഴക്കും
വള്ളിച്ചെടിയോളം നിശ്ശബ്ദത

പരസ്പര വിശ്വാസത്തിൻ്റെ മൊട്ടാണ്
ഇനി വിരിയാൻ ബാക്കി

ചുരുക്കിപ്പറഞ്ഞാൽ
നമ്മൾ ഓരോരുത്തരും
ഗുരുത്വാകർഷണത്തിന്റെ ഭാഷയിൽ
ഭൂമി,
നിരന്തരം കുശലാന്വേഷണം നടത്തുന്ന
ഒരാൾ!

ഭ്രമണത്തിന്റെ ചിറകുള്ള മഴപ്പാറ്റയായി
തീയതിയുടെ തീയിൽ
പറന്നുപറ്റുമ്പോഴും
ഗുരുത്വാകർഷണത്തിന്റെ പുറന്തോടുള്ള ജീവിയായി തുടരും ഭൂമി

ഒരു തിരുത്ത് വെച്ച് പുറന്തോട് അടയ്ക്കുന്നു

ഗൃഹാതുരത്തത്തിന്റെ പുറംന്തോടുള്ള
ഉടൽജീവി എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!