Skip to main content

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ,
രണ്ട് മീനുകളെ
സ്വീകരിക്കുന്നത് പോലെ

നഗ്നത ഒരു ബൊക്കെയല്ല
എന്നിട്ടും അത് നൽകി
രതികഴിഞ്ഞ രണ്ടുടലുകളെ 
നമ്മൾ സ്വീകരിക്കുന്നു

അരികിൽ കടൽ
അവർ മിനുകൾ എന്ന് നമ്മൾ
അവർക്കരികിൽ
നോക്കി നിൽക്കുന്നു

നൃത്തം കഴിഞ്ഞു 
ഉടൽ പിൻവലിച്ചാലും
നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്നത് പോലെ
ഓളം ചേർത്ത ഉടലിന്റെ 
രണ്ട് മീനോളം പിൻവലിപ്പ്

കലകളുടെ ഫ്രൈയിമിൽ 
ഓർമ്മകളുടെ ചന്ദ്രൻ
ചന്ദ്രനോളം പിൻവലിപ്പ്
കലകൾക്കരികിൽ

മേഘം കഴിഞ്ഞ് 
ആകാശം കണ്ടെടുക്കും
അതിന്റെ സാവകാശം

ഒരു വളവ് കഴിഞ്ഞ് പുഴ,
ഒഴുക്കിന്റെ സാവകാശങ്ങൾ,
വീണ്ടെടുക്കുമ്പോലെ തന്നെ

കഥ പോലെയല്ല കവിത
കഥ കഴിഞ്ഞ് ഒരു വാക്കും
മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല

കവിത,
ഒരു വാക്കിന്റെ മടങ്ങിവരവ്
ഒരു പക്ഷേ ജീവിതം പോലെ തന്നെ
ജീവിതത്തിലേക്ക്

മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ 
ഉടലിന്നരികിൽ
കലകളുടെ വീണ്ടെടുപ്പ്
 
ഉടലിന്നരികിൽ
ചെയ്തരതികളുടെ തങ്ങിനിൽപ്പ്
ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ

ചന്ദ്രക്കലനെഞ്ച്
പ്രാവുകളേപ്പോലെ അതിൻ്റെ 
കുറുകലുകളുടെ കല നെഞ്ചിൽ

ചന്ദ്രനേപ്പോലെ തന്നെ
ഉടലിൻ്റെ കലയിലേക്ക്
അതിന്റെ തിരിഞ്ഞുവരവും

പെയ്ത്തു മഴയുടെ പുറന്തോട്
എന്നിട്ടും ഉള്ളിൽ മഴ രാവുന്ന ജീവി

ഉള്ളിലേക്കും തിരയിലേക്കുമുള്ള 
അതിന്റെ കടലോളം
തുളുമ്പൽ

കഥയിലേക്കും കവിതയിലേക്കും
തുളുമ്പി വീഴും
ഒരു വാക്കിന്റെ കനൽ പോലെ
കലയുടെ നിരന്തര തിരുത്തലാവണം

ഉടലിന്നരികിലെ ഭ്രാന്തിൻ്റെ കല
ശിവൻ്റെ ചിത്രത്തിന്നരികിൽ
മാനത്തെ ചന്ദ്രക്കല പോലെ തന്നെ

രതിമൂർച്ഛയുടെ ബാക്കി കിട്ടാനുള്ള
യാത്രക്കാരനെപ്പോലെ
ചെയ്ത രതിക്കരിലിറങ്ങുന്നു
കാത്തുനിൽപ്പുകളുടെ
ഉടൽമൂർച്ഛകളിലേക്ക് നടക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!