Friday, 6 April 2018

ഇത്തിരി വൈകി വന്ന ആകാശം

ചിറകിൽ തീ പിടിച്ച പക്ഷി
പിടിച്ച തീയേ,
ഉടലായി കൊണ്ടുനടക്കുന്നു

ഇപ്പോൾ
തീയും ഉടലും
നീയും ഞാനുമാകുന്നു

പക്ഷി,
നമ്മൾ പൂരിപ്പിക്കാതെ ഒഴിച്ചിട്ട
ആകാശത്തിലെ
ഒരിടവും

പെയ്യാൻ
ഒരായിരം തുള്ളികൾ കൊണ്ട്
പതിവ് പോലെ
വൈകിയ മഴ
നമ്മുടെ ഉടലുകൾ മേയുന്ന
കാടാകുന്നു

ഇന്ന് നല്ലമീനൊന്നും
കിട്ടീല്ലെടിയേ
ഒരിത്തിരി ഒണക്കമീൻ വാങ്ങിച്ചു
എന്ന പരാതിയിൽ,
കക്ഷത്ത്
ചുരുട്ടി  വെച്ചിരിക്കുന്ന
ഒരു കഷ്ണം കടലാസിൽ
എന്നേയും നിന്നേയും
തീയേയും
കിളിയേയും
ഒരു നെടുവീർപ്പിൽ
പൊതിഞ്ഞെടുത്തിരിക്കുന്ന
ഒരാളാകുന്നു;
ഒരിത്തിരി വൈകി വന്ന
ആകാശം.

2 comments:

  1. ഒരിത്തിരി വൈകി വന്ന
    ആകാശം.
    ആശംസകള്‍

    ReplyDelete
  2. വൈകിയാണെങ്കിലും എല്ലാം
    പൊതിഞ്ഞെടുക്കുവാൻ ആകാശം മാത്രം ബാക്കി ...

    ReplyDelete