Skip to main content

ശബ്ദം

പൊടിപിടിച്ച ചലനങ്ങൾ
അടുക്കിവെച്ചിരിക്കുന്ന
നിശബ്ദതയുടെ ലൈബ്രറി

അത്രയും സാവകാശം നടന്നുപോകുന്ന
ഒരാളുടെ കാലടികൾ
അവിടെയുള്ളതിൽ വെച്ച്
ഏറ്റവും
പഴകിയ പുസ്തകമാവുന്നു

വയസ്സായ ഒരാൾ അതിരുന്നു
വായിക്കുന്നിടത്ത് വെച്ച്
പുസ്തകത്തിന്റെയും
ലോകത്തിന്റേയും
അതിരുകൾ മടങ്ങിത്തുടങ്ങുന്നു

അത്
അരികുകളിലേയ്ക്ക്
മാറ്റിവെച്ച പേജുകൾ
വായനശാലയ്ക്ക് മുകളിലെ
പ്രായമായ പ്രാവുകൾ

അതിന്റെ കുറുകൽ
പേജുകളുടെ
അഴിഞ്ഞുതുടങ്ങിയ കുത്തിക്കെട്ടലുകൾ

വായിച്ചുതുടങ്ങുന്ന
ഒരാൾ
അവിടെ
ഏറെ നാൾ തുറന്നിടാതിരുന്ന
ജന്നലാവുന്നു

അവിടുന്ന് നടന്നു നടന്ന്
ഏറെ നാൾക്ക് ശേഷം
അത്തരം ജന്നൽ
തുറന്നിടാൻ പറ്റിയ,
ഏഴുമണിക്ക് മുമ്പുള്ള
രാവിലത്തെ സമയമാകുന്നു.

കാണാതിരുന്ന പകലുകൾ
കൂട്ടിവെച്ച ഒരു പല്ലിയ്ക്ക്
ചലനം ഓർത്തെടുക്കുവാൻ കൊടുക്കുന്ന
സമയം
ഘടികാരത്തിലേയ്ക്ക് നീങ്ങുന്ന
നിലയ്ക്കുവാൻ മറന്നുപോയ
സൂചികൾ

പരുപരുത്ത സിമൻറ് പ്രതലത്തിൽ നിന്നും
ബഞ്ചിലേയ്ക്ക് കാലുകൾ
കിളിച്ചു വരുന്ന ഒച്ച

ശ്രദ്ധിക്കൂ
ഓരോ വരിയിലും
ഇപ്പോൾ കേൾക്കാം
കൃഷ്ണമണികൾ ഉരയുന്ന ശബ്ദം..

Comments

  1. പൊടിപിടിച്ച ചലനങ്ങൾ അടുക്കി
    വെച്ചിരിക്കുന്ന നിശബ്ദതയുടെ ലൈബ്രറി ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...