Skip to main content

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന
മെഴുകുതിരി പോലെ
ശാന്തമായ
ഒരുവൾ

ശാന്തമല്ലാത്തപ്പോൾ
ഒരിടവും
മെഴുകുതിരിയും
അവൾ

അപ്പോൾ
അവർക്ക്
ആകെ വെയ്ക്കാനറിയാവുന്ന
ഒച്ച
വെളിച്ചമാകുന്നു

ശരിയ്ക്കും
ഒച്ചയാവില്ലത്,
ഒളിപ്പിച്ചു വെച്ച പച്ച

പുറത്ത് കാണിക്കാനാവാതെ
ഉള്ളിൽ അടക്കിപ്പിടിച്ച
പച്ചയാണല്ലോ
ഇലകൾക്കെങ്കിലും
അത്രമേൽ ഉച്ചത്തിൽ
ഒച്ചയാവുക

ഇലകളുടെ തേങ്ങലല്ലാതെ
എന്താണ് പച്ച

ഒരിലയായിരിക്കുമ്പോൾ
പോലും
കാറ്റിന്റെ അവഗണന
അത്രമേലറിഞ്ഞവരായിരിക്കും
ഉരുകിയുരുകി
ഒരിക്കൽ
മെഴുകുതിരികളാവുക

അത് കൊണ്ട് തന്നെ
ഇരുട്ടിനെ
അവ
വെറുക്കുന്നില്ല,
അവഗണിക്കുന്നില്ല,
തൊട്ടുകളിക്കുക മാത്രം
ചെയ്യുന്നു

ഇരുട്ടിനോളം
അവഗണന
അറിഞ്ഞവരാരുണ്ട്?

അതുകൊണ്ടാവണം
കളഞ്ഞുകിട്ടുന്ന പ്രകാശം
പോലും
അവ
എടുത്തു വളർത്തുന്നത്

മുതിരുമ്പോൾ
ആരും കാണാതെ
മിന്നാംമിന്നികളാക്കി
പറത്തിവിടുന്നത്

അവഗണനകളെ
കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച്
അവഗണനകൾക്ക് അടിമപ്പെട്ട്
അവഗണിക്കപ്പെട്ടില്ലെങ്കിൽ
കൈയ്യും മെയ്യും വിറച്ചു
ഇലയാകപ്പെടുന്നവരും ഉണ്ടാവും,
പൂക്കളുടെ
ലോകത്തിൽ...

ഒരർത്ഥത്തിൽ
മനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?

തുടർച്ചയായ
അവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം!

Comments

  1. കളഞ്ഞു കിട്ടുന്ന പ്രകാശം- കൊള്ളാം

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം സന്തോഷപൂർവ്വം നന്ദി മാഷേ

      Delete
  2. Does the poem emphasize the insignificance of man .The images ,leaf , tree ,the burning candle ,darkness and light portray the love and intimacy of the beloved......?!

    ReplyDelete
    Replies
    1. അതേ തീർച്ചയായും പ്രധാനമായും അവഗണന എന്ന കാറ്റിനെകുറിച്ച് തന്നെ
      സ്നേഹപൂർവ്വം

      Delete
  3. ഒരർത്ഥത്തിൽ
    മനുഷ്യരുടെ
    നിസ്സഹായതകൾക്ക്
    പിടിച്ച
    വേരല്ലാതെ എന്താണ്
    മരം?....
    കവിത മനസ്സിൽ എവിടെയോ ഒരു നൊമ്പരം ശേഷിപ്പിച്ചപോലെ..നന്നായിരിയ്ക്കുന്നു ആശംസകൾ

    ReplyDelete
  4. ഒരിക്കലും അണയാത്ത തിരി ...!

    ReplyDelete
  5. തുടർച്ചയായ
    അവഗണന കൊണ്ട്
    കളഞ്ഞുപോയ ചലനങ്ങളെ
    ഇലയാക്കാൻ
    ഒരിത്തിരി നേരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.