Skip to main content

താക്കോൽ പഴുത്


എല്ലാറ്റിനും അപ്പുറം
വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന 
ഒരാൾ

അയാൾ വലിച്ചു നീട്ടിയ തെരുവിനും 
 വീടിനും  ഇടയിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു

അതിലെ 
വീർപ്പുമുട്ടിയ
താക്കോൽ പഴുത്

താക്കോൽ ഇല്ലാത്ത നേരം നോക്കി
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
 അഴിച്ചു വെച്ച് 
നിഴലിന്റെ
നീളം വെച്ച  കുപ്പായം എടുത്തിട്ട്
വൈകുന്നേരത്തിലേയ്ക്ക് 
ഇറങ്ങി പോകുന്നു


വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു

ചിതറിപ്പോയ കാലുകളിൽ
നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു

വെയിൽ അവസാനിച്ചു 
നിഴൽ തുടങ്ങുന്നതിന്റെ
ഓരത്ത് കൂടി
അതിന്റെ 
അരികിന്റെ തുന്നൽ പോലെ
നടന്നു പോകുന്നു

ജീവിതവുമായുള്ള
തയ്യൽ വിട്ടത് പോലെ  ഒരാൾ
സ്വയം കീറി പറിഞ്ഞ ഒരാൾ

ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ
കണ്ടു കിട്ടിയ താക്കോൽ
കണ്ടെടുക്കുന്നത് പോലെ
താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു

സ്വന്തം മുറിയിൽ
വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ
വന്നു  കയറി താമസിച്ചു തുടങ്ങുന്നു

നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന
വാ തുറക്കാത്ത കുഞ്ഞു അയാളാണ്


അമ്മയുടെ കിട്ടാത്ത സ്നേഹത്തിന്റെ 
ഓർമയിൽ 
ആകാശത്തിന്റെ ഒരു ഉരുളയ്ക്ക് 
വാ തുറക്കുന്ന കുട്ടി അയാളാണ്

വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്

അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്

ഉറക്കം വരുമ്പോൾ
ആയാൾ ഇടുന്ന കുഞ്ഞ്കോട്ടുവാ ആവുകയാണ്
അന്ന് മുതൽ
ഇരുട്ട്

ഉറക്കം അയാൾക്ക് 
എന്നും
താരാട്ടു പാടുന്ന 
അമ്മയും

താക്കോൽ പഴുതായിരിക്കുമ്പോഴും
കള്ളനും താക്കോലും 
തമ്മിലുള്ള പൊക്കിൾ ക്കൊടി 
ബന്ധം പോലെ
സ്നേഹം അയാൾ
ഏതു വാതിലും 
തുറക്കുവാൻ   
ഉപയോഗിക്കുന്ന കള്ളതാക്കോലാണ്

സ്നേഹം  എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!

Comments

  1. വീർപ്പുമുട്ടിയ പഴുതുകൾ താക്കോലിനായി കേഴുന്നു ...
    അതോ താകോലുകൾ വീർപ്പുമുട്ടിയ പഴുതുകൾ തേടുന്നുവോ...?

    ReplyDelete
  2. സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലുകളും കടന്ന്....
    ആശംസകള്‍

    ReplyDelete
  3. കള്ളത്താക്കോലും കൊള്ളമുതലും....!!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ