Skip to main content

ഒരു കടലിന്റെ ആഴത്തിലുള്ള മരണം


ആരും ഇല്ലാത്തപ്പോൾ
കടൽ ഒരു തിരയായി
കരയിലേയ്ക്ക് കയറി
തന്റെ കരച്ചിൽ ഉണക്കാനിട്ടു
ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു

മുക്കുവനെയും മീനിനെയും
തിരിച്ചറിയാതെ വിധിയുടെ വായിൽ
 വലവീശിപ്പിടിച്ച  ഇരയുടെ കണക്ക്
കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു

ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു
പാറയായി പോയൊരു പുഴയിൽ
ദിശ നഷ്ടപെട്ട ഒരു കപ്പലിന്
ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ
തന്റെ കാലിന്റെ അടിയിലെവിടെയോ
ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു

തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട്
വെളിപ്പെട്ടു പോയ
പെണ്ണിന്റെ നഗ്നത കൊണ്ട്
 തന്റെ  വെളിവാക്കാനാവാത്ത  ആഴം
സദാചാരത്തിൽ അളന്നിടുന്നു

ആ ആഴത്തിന്റെ ഒഴുക്കിൽ
മനുഷ്യനെ പോലെ
അറിയാത്ത നീന്തലിന്റെ വിത്ത്
ബീജത്തിന്റെ ലിപികളിൽ 
കണ്ണടച്ച്  വിതയ്ക്കുന്നു 

മഴയുടെ ഒച്ച തോരാത്ത
ഒരു ഉച്ചഭാഷിണി
തോർന്ന ഉച്ചയിൽ
ഇലയുടെ വെളുമ്പിൽ
 ഇറ്റുന്ന തുള്ളിയിൽ
 വെച്ച്കെട്ടുന്നു

ഇരുട്ടിന്റെ നിറം
ബലിച്ചോറിൽ വെച്ചു  കെട്ടി
പറക്കുന്ന കാക്കയെ
മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു
   
അങ്ങിനെ കരയിൽ
പതിഞ്ഞ താളത്തിൽ
പിടിച്ചിട്ട പുഴകളെ പതിയെപതിയെ
ഓളങ്ങളിലിട്ട് ഉപ്പിലിട്ടുണക്കവേ  
ഒഴുകി വന്ന
ഒരു ഉണങ്ങിയ പുഴയിൽ 
കടൽ മെല്ലെമെല്ലെ
കരയുടെ തീരങ്ങളിൽ  
അറിയാതെ മുങ്ങിമരിയ്ക്കുന്നു.

Comments

  1. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!