Skip to main content

ഭ്രാന്ത് .. മരുന്നെന്നും പറയാം


ചില നൃത്തങ്ങളിൽ
നേർപ്പിച്ച
ഭ്രാന്തിന്റെ
ചങ്ങലകളാണ്
ചിലങ്കകൾ
മുദ്രകൾ
നിസ്സഹായതയുടെ
അരങ്ങിൽ കോർത്ത
മനസ്സിന്റെ
മൂകഭാഷയും
നൃത്തച്ചുവടുകളാകട്ടെ
ചങ്ങലക്കിട്ട കാലുകളുടെ
രക്ഷപ്പെടാനുള്ള
താളനിബദ്ധമായ
ശ്രമങ്ങളും
സൂക്ഷിച്ചു നോക്കിയാൽ
കാണാം
രാത്രിയിൽ പോലും
ചിലങ്കമണികളുടെ
കണ്ണിൽ
നിന്നൂറുന്ന കണ്ണീർ
കിലുക്കങ്ങളായി സ്വയം
ചമയം ഇടുന്നത്
രാത്രിപോലും
ചമയം ഇട്ട പകലാണെന്ന്
നിലാവിന്റെ ഭാഷയിൽ
കലാപരമായി
പരിഭാഷപ്പെടുത്തുന്നത്
മേൽവിലാസമില്ലാത്ത വേദനയുടെ
ചെസ്സ്‌ നമ്പർ എപ്പോഴും
നെഞ്ചിൽ
രക്തത്തിന്റെ ആഴത്തിൽ
കുത്തി വച്ചിരിയ്ക്കുന്നത്
നൃത്തം കഴിഞ്ഞു
തളർന്നിരിക്കുമ്പോൾ പോലും
തിരിച്ചറിയാതിരിക്കുവാൻ
തിരശ്ശീല താഴുമ്പോൾ ഉള്ള
കയ്യടികളായി വേഷം
മാറുന്നത്
ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി
അവസാനം
മരണം വരെ
വേദനിച്ചു
കാത്തു നില്ക്കുന്നത്
അതെ കലയുടെ ഭാഷയിൽ
തലച്ചോറിൽ
പൂക്കുന്ന
ഓര്ക്കിഡ് പുഷ്പമാണ്‌
ഭ്രാന്ത്
മഴത്തുള്ളികൾ പോലും
വെള്ളം പോലെ 
പരമ്പരാഗതമായി
മരണം വരെ 
നൃത്തം അഭ്യസിച്ച
ഭ്രാന്ത് തന്നെയാണ്!

Comments

  1. നൃത്തത്തിന്റെ ഉപമകൾ എല്ലാം നന്നായി. എഴുതിയ രീതിയും ആസ്വാദ്യകരമായി. ചെസ്റ്റ് നമ്പറിന്റെ ഭാഗം അൽപ്പം ചേരാതെ നിൽക്കുന്നുവോ എന്ന് തോന്നി. അത് പോലെ മഴത്തുള്ളികളുടെ നൃത്തവും സന്ദർഭത്തിന് യോജിച്ചതായോ എന്ന് തോന്നി.

    ReplyDelete
    Replies
    1. നന്ദി ബിപിൻ മാഷെ വിശദമായ ആസ്വാദനത്തിനു ശരിയാണ് നിരീക്ഷണങ്ങൾ എന്റെ ഏകപക്ഷീയമായ എഴുത്തിന്റെ പരിമിതിയാണ്
      സ്നേഹപൂർവ്വം നന്ദി

      Delete
  2. അതെ കലയുടെ ഭാഷയിൽ
    തലച്ചോറിൽ
    പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌
    ഭ്രാന്ത്
    നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  3. നൃത്തത്തെപ്പറ്റി എപ്പോള്‍ ചിന്തിച്ചാലും ഓര്‍മ്മകള്‍ സാഗരസംഗമത്തില്‍ കമലഹാസന്‍ എസ് പി ശൈലജയ്ക്ക് നൃത്തപാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന ഭാഗത്തെത്തും.

    ReplyDelete
    Replies
    1. ഹോ അതെന്താ രംഗം
      അതിലും കേമം ആ കിണറ്റിൻ മുകളിലെ കുപ്പി തലയിൽ വച്ചുള്ള നൃത്ത രംഗം നന്ദി അജിത്‌ ഭായ്

      Delete
  4. ഭ്രാന്തിന് ഒരുപമാകാവ്യം.

    ReplyDelete
  5. കലയുടെ ഭാഷയിൽ
    തലച്ചോറിൽ പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌ ഭ്രാന്ത്

    ReplyDelete
  6. ഈശ്വരാ.... ഇനി എന്‍റെ തലയിലെങ്ങാനുമൊരു ഓര്‍ക്കിഡ്...????
    യേയ്.... വെറുതെ തോന്നണതായിരിക്കും!!
    എന്തായാലും കവിത ഭയങ്കരിഷ്ടായി.!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...