Wednesday, 5 November 2014

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം
ഒരു കാട്
വെളുപ്പിക്കുവാനുള്ള വെളുപ്പ്‌
എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന
ചില രാഷ്ട്രീയ നേതാക്കൾ
അവരുടെ തുടർച്ചയായ ചിരിയിൽ
വെളുത്തുപോയ കാടുകൾ
അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ
അതിലെ തകർന്ന കുടികൾ
അവിടങ്ങളിൽ നിന്ന്
കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ
വെറും കാലടി ഒച്ചകൊണ്ട്‌
പണ്ട് കാട്ടുമൃഗങ്ങളെ വരെ
തിരികെ ഓടിച്ചിരുന്നവർ
വെറും കിളികളുടെ ഒച്ച കൊണ്ട്
പുരയിടത്തിനു  ചുറ്റും
കിളിവേലി കെട്ടിയിരുന്നവർ

ഇന്ന്
സ്വന്തം കാലടി വെയ്ക്കുവാൻ
മണ്ണില്ലാതെ ഭൂമിയില്ലാതെ
മുന്നേ നടന്നു പോയ
മനുഷ്യന്റെ കാലടിപാടുകൾ
മൃഗങ്ങളുടെ കാൽപ്പാടുകളെ
പരസ്യമായി പ്രസവിക്കുന്ന
നഗരത്തിന്റെ പകലിൽ
ചെടികൾ പോലും
അടിവസ്ത്രം പോലെ
പൂക്കൾ വരെ മാറ്റുന്ന
സൂര്യൻ  വിയർത്ത  വെയിലിൽ
ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ
അപകടം  മാത്രം വില്ക്കുന്ന
തകർന്ന തെരുവോരത്ത്
പച്ച മണ്ണിനു വേണ്ടി
നിലനിൽപ്പിനായി
നിൽപ്പ് സമരം ചെയ്യുന്നു

എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു
നടിക്കുവോർ
അവരുടെ പകലിനെ അന്യമാക്കി
അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി
ഓരോ സന്ധ്യയിലും
ആ സൂര്യനെ ബാറുകളിൽ കൊടുത്തു ,
നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ ,
അത് എറിഞ്ഞു കൊടുത്തു
അവരുടെ ജീവിതം എന്നും
രാത്രിയുടെ  ഇരുട്ടിൽ നിലനിർത്തുന്നവർ

പണ്ട് ഓടി നടന്നു ഇവരുടെ വോട്ട് ചോദിച്ചവർ
വോട്ടു കിട്ടി ഭരണത്തിൽ എത്തിയോർ
 ഭരിക്കുവാൻ കസേര കിട്ടിയപ്പോൾ
ഭരിക്കുവാനുള്ള സൌകര്യത്തിന്
ഇരിക്കുവാൻ
നടന്നു വന്ന കാൽ പോലും
വഴിയിൽ ഒഴിവാക്കിയോർ

ഇനി നാളെ
ഇവരുടെ നില്ക്കുന്ന കാലുകൾ
നിന്ന് നിന്ന് മരമായി വളരും
അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
തിരിച്ചു  നടക്കും
അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
കൃഷിയുടെ ഭാഷയിൽ
സ്വന്തമാക്കും

അത് വരെ
കാലുകളുടെ മൌനമാകും
ഈ നില്പ്പ്
അപ്പോൾ മൌനങ്ങളുടെ ആകെ തുക
ഒരു ഭരണമാണെന്ന്
വെറുതെ വാഴ്ത്തപ്പെടുമ്പോൾ
സമരം കാണാതൊരു ഭരണം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
നിൽപ്പിന്റെ കുത്തൊഴുക്കിൽ
ആ  ഭരണം   ഒരിക്കൽ മൂടോടെ
അഴിമതി പുഴയിൽ തന്നെ
താനെ തനിയെ  ഒലിച്ചു പോകും
വിളഞ്ഞു പഴുത്ത  മലയാളഭാഷയിൽ
കുളിർ കാറ്റു പോലെ അന്ന്
ഒരു വിജ്ഞാപനം  പുറത്തിറങ്ങും
നിൽപ്പ് സമരം പൂർണ വിജയം

9 comments:

 1. ന്യൂസ് വാല്യൂ ഇല്ലാത്ത സമരങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ മനസ്സില്‍ സ്ഥാനമില്ല.

  ReplyDelete
 2. ഇത്തവണ കവിത വ്യത്യസ്ഥമായി......
  ശക്തമായ ആശയപ്രചാരണത്തിനുള്ള ഉപാധിയായി കവിത മാറിയപ്പോൾ ബിംബകൽപ്പനകൾക്ക് തീവ്രത നഷ്ടമായതുപോലെ.....

  ReplyDelete
 3. ഏവരുമിപ്പോൾ അവഗണിച്ച നില്പിന്
  കവിതയാലുള്ള അസ്സലൊരു താങ്ങ് വടി

  ReplyDelete
 4. ഇരിക്കുന്നവര്‍ എന്നെങ്കിലും ഈ നില്‍പ്പ് കാണുമോ?

  ReplyDelete
 5. ഇപ്പോൾ അതിനെവിടെ നേരം. സ്വന്തം കസേര ആദ്യം ഉറപ്പിച്ചു നിറുത്താനുള്ള ബദ്ധപ്പാടിലല്ലെ എല്ലാവരും.

  ReplyDelete
 6. ഇനി നാളെ
  ഇവരുടെ നില്ക്കുന്ന കാലുകൾ
  നിന്ന് നിന്ന് മരമായി വളരും
  അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
  തിരിച്ചു നടക്കും
  അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
  കൃഷിയുടെ ഭാഷയിൽ
  സ്വന്തമാക്കും
  ലളിതം.സുന്ദരം.
  ആശംസകള്‍

  ReplyDelete
 7. കാടിന്റെ മക്കൾ നിന്നു പ്രതിഷേധിക്കുന്നത്‌ അവരുടെ നിലനിൽപിന്‌ വേണ്ടിയാണ്‌. ഭരണാധികാരികളുടെ മൗനം അവരുടെ നിലനിൽപിനു വേണ്ടിയാണ്‌. ഇതിലേതാണു നിലനിൽക്കാൻ പോകുന്നതെന്ന് നാട്ടിലെ കാടത്തം കണ്ടുപരിചയിച്ച സാധാരണ ജനമനസ്സുകൾക്ക്‌ നിഷ്‌ പ്രയാസം പ്രവചിക്കാം. കാട്ടിലെ പാവങ്ങൾക്കും ഇനിയതു മനസ്സിലായിത്തുടങ്ങും. "കാടന്മാരെവിടെ മക്കളേ" യെന്നു ഇനിയവരോടു ചോദിച്ചാൽ അവർ സംശയം വിനാ ഇനി ചൂണ്ടിക്കാണിക്കും. ഈ കവിതയുമത്‌ ചൂണ്ടിക്കാട്ടുന്നു. നല്ല ഭംഗിയായിത്തന്നെ...

  അഭിനന്ദനങ്ങൾ ഭായ്‌....


  ശുഭാശംസകൾ....

  ReplyDelete

 8. ഇനി നാളെ
  ഇവരുടെ നില്ക്കുന്ന കാലുകൾ
  നിന്ന് നിന്ന് മരമായി വളരും
  അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
  തിരിച്ചു നടക്കും.... powerful lines.

  ReplyDelete
 9. എല്ലാവരും കയ്യോഴിഞ്ഞത് പോലെ. ആർക്കും വേണ്ട കാടിനേയും കാടിന്റെ മക്കളെയും.നന്നായി.

  ReplyDelete