Skip to main content

ഒരു അപേക്ഷ




പുഴയുടെ
വറ്റാത്ത ഛായയുമായി
ഇന്നലെകൾ
കണ്ണിൽ തറഞ്ഞു പോയ
ഓർമ്മചങ്ങാടങ്ങൾ

അതു പോലെ
വരണ്ട മണ്ണിൽ തറഞ്ഞു പോയ
വീടുകൾ
തുരുത്തുകൾ


വെള്ളം വറ്റിയ പുഴകൾ
വരൾച്ച കൊണ്ട്
വീട്ടിലേയ്ക്ക് വരയ്ക്കുന്ന
വഴിനീളങ്ങൾ

അവ
വീട്ടിലെയ്ക്കൊഴുകുന്ന
വെള്ളമില്ലാത്ത പുഴകൾ
പണ്ട്
പുഴയൊഴുക്കിലേയ്ക്ക്
നീണ്ടിരുന്ന
വീടിന്റെ വഴിവേരുകൾ

വീടിനകത്തേയ്ക്ക്
കയറി വന്നിരുന്ന കാറ്റ്
പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ
ക്ഷണക്കത്തുകൾ  

മുറ്റങ്ങൾ
പുഷ്പങ്ങൾ വറ്റി
ഇറ്റുവാൻ   ഇല്ലാതെ പോയ
നറുതേൻമണങ്ങൾ


ഇല്ലാതായ തണലുകൾ
പറക്കുന്ന കിളികളുടെ
ചിറകുകൾ കൊണ്ട്
മരം വീശിയിരുന്ന വിശറികൾ


ചെറുപ്പകാലം
തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
ചുറുചുറുക്കുള്ള ദിനങ്ങൾ
ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
ഗണപതിമുഖമുള്ള ആലിലകൾ
പടവുകൾ അരയാലുകൾ


പകൽ പെയ്തിരുന്ന മഴ
വെയിൽ കൊടുത്തു വിട്ടിരുന്ന
അവധിക്കുള്ള അപേക്ഷകൾ
അത് പറന്നു പോകാതെ എടുത്തു വച്ച
കുഴിയാഴങ്ങൾ
കിണറുകൾ
മണ്ണിൽ കുഴിച്ചിട്ടിരുന്ന
നീലജലാകാശം

അതെ നമ്മൾ
കാലാകാലങ്ങളായി
പകുത്തു ശ്വസിച്ച
പച്ചപ്പുള്ള ഗ്രാമീണശ്വാസം
പക്ഷെ പിന്നെ
എല്ലാം സ്വന്തമാക്കാനുള്ള
ത്വരയ്ക്കിടയിൽ
ഉപേക്ഷ വിചാരിച്ച പ്രകൃതി
ഉയർന്ന് വന്ന പുതുനഗരങ്ങൾ

പിന്നെ പിന്നെ
 ജീവിതം
മരണം നീട്ടി കിട്ടാൻ
സ്വന്തം ശ്വാസത്തിൽ
ഓരോ നിമിഷവും
മറുമരുന്നായി
ദൂരെ ഏതോ മരത്തിന്
പ്രാണന്റെ ഭാഷയിൽ
എഴുതി കൊടുക്കേണ്ടി
വരുന്ന ജീവാപേക്ഷകൾ 

Comments

  1. ജീവിതങ്ങളല്ല, ജീവാപേക്ഷകളാണധികവും

    ReplyDelete
  2. വരൾച്ച.. ഭൂമിയുടെയും ആത്മാവിന്റെയും.

    ReplyDelete
  3. ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ അല്ലേ.....

    ReplyDelete
  4. നമ്മള്‍ തന്നെയാണ് നമ്മളെ മാറ്റുന്നത് ..നല്ലതായാലും ചീത്തയായാലും ...

    ReplyDelete
  5. മനുഷ്യനു സ്വബോധം കുറച്ചൊക്കെ തിരിച്ചു വരുന്നുണ്ടെന്നു വേണം കരുതാൻ. സ്വകർമ്മങ്ങൾ സ്വന്തം ജീവനു തന്നെ വെല്ലുവിളിയാവുമെന്നു തിരിച്ചറിഞ്ഞു തുടങ്ങി. ട്രീ ചലഞ്ചിന്റെ കാലമല്ലേ ഇപ്പോൾ? പത്രത്തിൽ പടം വരാനെങ്കിലും നല്ല കാര്യം ചെയ്തു തുടങ്ങുന്നത്‌ നല്ലത്‌ തന്നെ. അല്ലേ ഭായ്‌ ? കവിത വളരെ നന്നായി.


    ശുഭാശംസകൾ.....









    ReplyDelete
  6. ദൂരെ ഏതോ മരത്തിന്
    പ്രാണന്റെ ഭാഷയിൽ
    എഴുതി കൊടുക്കേണ്ടി
    വരുന്ന ജീവാപേക്ഷകൾ

    ReplyDelete
  7. ചെറുപ്പകാലം
    തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
    ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
    ചുറുചുറുക്കുള്ള ദിനങ്ങൾ
    ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
    ഗണപതിമുഖമുള്ള ആലിലകൾ
    പടവുകൾ അരയാലുകൾ

    ഈ ഭാഗം വളരെയിഷ്ടപ്പെട്ടു.!

    ReplyDelete
  8. ഇല്ലാതായ തണലുകൾ
    പറക്കുന്ന കിളികളുടെ
    ചിറകുകൾ കൊണ്ട്
    മരം വീശിയിരുന്ന വിശറികൾ

    ReplyDelete
  9. ഓര്‍മ്മകള്‍................
    നെടുവീര്‍പ്പിടുവാനെ കഴിയുന്നുള്ളൂ!
    ആശംസകള്‍

    ReplyDelete
  10. തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ട്ടപ്പെടുന്നവ ഇതുപോലിടക്കിടക്ക് ഓര്‍മ്മകളുടെ വറച്ചട്ടിയില്‍ വറുത്തെടുക്കും കാലം ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ