Skip to main content

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി
തണലുമെഴുകാൻ
മരം വളർത്തിയിരുന്നു
മുത്തച്ഛൻ
ഇത്തിരി വെയിലിന്റെ വൈക്കോലും
ബാക്കി വന്ന മഴയുടെ കാടിയും
കൊടുത്തു
മരം പോറ്റി വളർത്തിയിരുന്നു
മുത്തച്ഛൻ

പോത്തിനെ പോലൊരു
കാറ് വന്നപ്പോൾ
കാറിനെ കെട്ടുവാൻ
തൊഴുത്ത് പണിഞ്ഞപ്പോൾ
മുത്തച്ഛനറിയാതെ
അറുക്കുവാൻ കൊടുത്തു
മുത്തച്ഛൻ തണലു കറന്ന
കാതൽ വറ്റാത്ത വളർത്തു മരം

മരമങ്ങു പോയപ്പോൾ
തണലിന്റെ തണുപ്പ്
കുറഞ്ഞപ്പോൾ
ഉണങ്ങിത്തുടങ്ങി
മുത്തച്ഛൻ
തടികസ്സേരയിൽ  ഒറ്റപ്പെട്ടു
മുത്തച്ഛൻ
ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു
മുത്തച്ഛൻ

തടിയെല്ലാം എടുത്തു
കസേരയും പ്ലാസ്റ്റിക്കിന്
കൊടുത്തു കഴിഞ്ഞപ്പോൾ
പറക്കുന്ന
അപ്പൂപ്പൻതാടി പോലെ
പരിഭവം ആരോടും ഇല്ലാതെ
യാത്ര പോലും
ഒരാളോടും പറയാതെ
ഇന്നലെയിലെ
തൊടിയിലേക്കിറങ്ങി
ഇന്നില്ലാത്ത
മാവായിപ്പോയി
മുത്തച്ഛൻ 

Comments

  1. എല്ലാം നഷ്ടമാകുന്നവല്ലോ...എല്ലാമെല്ലാം .

    ReplyDelete
  2. മരമായിപ്പോവുന്നവർ...

    ReplyDelete
  3. നില്ലാതെ പോകുന്നതും നല്ലതോര്‍ക്കില്‍...

    ReplyDelete
  4. മാവായി പോയ മുത്തശ്ശ്ൻ
    ഓർമ്മ മാത്രം

    ReplyDelete
  5. പാവം മുത്തച്ഛൻ....!

    ReplyDelete
  6. യാത്ര പോലും പറയാതെ
    ഇന്നലെയിലെ
    തൊടിയിലേക്കിറങ്ങി
    ഇന്നില്ലാത്ത
    മാവായിപ്പോയി
    മുത്തച്ഛൻ

    Good

    ReplyDelete
  7. പാവം മുത്തച്ഛൻ...

    എല്ലാരും ആ വഴിക്കേക്കു തന്നെ ..

    ReplyDelete
  8. എല്ലാവര്ക്കും നന്ദി വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു സ്നേഹത്തോടെ സന്തോഷത്തോടെ

    ReplyDelete
  9. പോത്തിനെ പോലൊരു
    കാറ് വന്നപ്പോൾ
    കാറിനെ കെട്ടുവാൻ
    തൊഴുത്ത് പണിഞ്ഞപ്പോൾ
    മുത്തച്ഛനറിയാതെ
    അറുക്കുവാൻ കൊടുത്തു
    മുത്തച്ഛൻ തണലു കറന്ന
    കാതൽ വറ്റാത്ത വളർത്തു മരം

    ReplyDelete
  10. മുത്തച്ഛന്റെ അനുഭവങ്ങള്‍ പലതും ചൂണ്ടിക്കാട്ടി തരുന്നുണ്ട്. പക്ഷെ നമ്മള്‍ നന്നാവില്ല

    ReplyDelete


  11. ഇന്നലെയുടെ തൊടിയിലെ ഇല്ലാത്ത മാവ്! നല്ല . നല്ല പ്രയോഗം. ആശംസകൾ.

    ReplyDelete
  12. മാവായിപ്പോയ
    മുത്തച്ഛൻ.................. കവിതക്ക് ആശംസകൾ....

    ReplyDelete
  13. വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനു ഒരു മറുവാക്ക് കുറിച്ചിടാൻ കാട്ടിയ നല്ല മനസ്സിന് വളരെ സന്തോഷം ഓരോരുത്തരോടും

    ReplyDelete
  14. ഇന്നില്ലാത്ത മാവായിത്തീരുക്‌.. നല്ല ചിന്തയുണ്ട്‌ ഈ പ്രയോഗത്തിനു പിന്നിൽ.ഇഷ്ടമായി ഭായ്‌.




    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...




    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേയ്ക്കു ജലം പോലെ  തീർത്ഥയാത്ര പോകുവാൻ ടിക്കറ്റിന് വേണ്ടി ഒരു തീവണ്ടി പോലെ കാത്തു നില്ക്കുന്നു ഞാൻ എനിക്ക് മുമ്പിൽ നീണ്ടു കിടക്കുന്ന ഐസ് ഇട്ടുറപ്പിച്ച പൊള്ളുന്ന പാത ഒരു തീപാളം മുമ്പിൽ ഒരു തിക്കും തിരക്കുമില്ലാതെ കാത്തു നില്ക്കുന്നവർ മരിച്ചവർ ഒരു ചിത കടന്ന് ടിക്കെറ്റിനു നീളുന്ന കൈകൾ നിമിഷ സൂചി പോലെ വിറയ്ക്കുന്ന കൈയുള്ള സമയം ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന മഴ പറ്റിയ ഒരു പഴയആകാശം പാളത്തിലൂടെ താളത്തിൽ ഒഴുകുന്ന ഒച്ച അതു കേൾപ്പിച്ചു കടന്നു വരുന്ന പുഴ ഞാനെന്ന തീവണ്ടി പുഴയിലേക്ക് ഇറങ്ങുന്നു അല്ല തിരുത്തലോടെ കയറുന്നു ഓളം തെറ്റിയ പാളങ്ങളിൽ  പുഴയുടെ അവസാന  ബോഗ്ഗി  മഴ ഒരു പച്ച സിഗ്നൽ പുഴ വേഗം കൂട്ടുന്നു എനിക്ക് മുമ്പേ മരിച്ചവർ നിറയെ പുഴയിൽ ഞാൻ തനിയെ കാത്തിരിക്കുവാൻ ആരും ഇല്ലാത്ത വസന്തം എന്ന് രേഖപ്പെടുത്തിയ സ്റ്റേഷനുകൾ ഇടയ്ക്കിടെ വേനലിന്റെ അടയാളങ്ങൾ പുഴ നിർത്തി ഇടുന്ന ഇടങ്ങൾ പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു ഇരുന്നിരുന്ന് മടുപ്പ് മലർന്ന് കിടപ്പ് പൊള്ളുന്ന പകൽ കാറ്റിന്റെ താരാട്ട് രാത്രി കറുത്ത മഞ്ഞ് വെറും തളർന്ന ഇരുട്ട് മിന്നാം മിന്നികൾ സ്വപ...