Skip to main content

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ
നിൻ്റെ നൃത്തമാതൃത്വം 
താരാട്ട് നീയുടുക്കും പട്ടുസാരി
നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ
നീ കാതെഴുതി കൊടുക്കുന്നതെല്ലാം
പാട്ടാവുന്നു
കണ്ണെഴുതുന്നിടത്ത് നിന്ന് 
ഉടൽ തുടങ്ങുന്നു

ക്ലാസിക്കൽ നർത്തകി
നിൻ്റെ നൃത്ത ഉത്ക്കണ്ഠ 
ഏത് ചുവടിൽ 
ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന് 
ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു

എനിക്ക് മുന്നിൽ പറന്നുകാണിക്കും
ദൈവം
വെറും കിളിയാണെന്ന്
ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു

നർത്തകീ നിൻ്റെ നൃത്തം
അസ്തമയം ഒരു താളമാണെങ്കിൽ
സൂര്യൻ ഒരു രാഗം
നിൻ്റെ നൃത്തം അസ്തമയത്തിൽ
തട്ടുമോ
നിൻ്റെ മൂക്കൂത്തിയാകുമോ
എൻ്റെ വിഷാദം എന്ന് 
നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ
വെറുതേ സംശയിക്കുന്നു

നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു
അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു

സൂര്യനെ പൊതിയും അസ്തമയം
നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു

ദൈവം മതത്തിൻ്റെ കൂടുള്ള കിളി
എന്ന് നിൻ്റെ ഓരോ നൃത്തവും
മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു
മാതൃത്വവും കൈക്കുഞ്ഞിലേക്ക്
പാൽമണമോടെ തിരിയുന്നു

നിന്നിലെ എരിയും നൃത്ത നാളങ്ങൾ
എന്ന് ഞാൻ

നർത്തകിയാകുവാൻ പോയ
നിൻ്റെ ഉടൽ വൈകിയും 
നീയും ഞാനും കാത്തിരിക്കുന്നു
നൃത്തമില്ലാത്തവൾ എന്ന നിൻ്റെ കാത്തിരിപ്പിൻ്റെ കുത്ത് വാക്ക് നീ
അപ്പോഴും കേട്ടില്ലെന്ന് നടിക്കുന്നു
ഒരു പക്ഷേ നൃത്തംവെക്കുമ്പോഴും

ഉറക്കത്തിൻ്റെ കുട്ടിക്യൂറ ടിന്നിൽ
നീ മണമുള്ള ഉറക്കം ഇട്ടുവെക്കുന്നു
നീ ഉണർന്നിരിക്കുന്നു

അപ്പോൾ നീ വെച്ച നൃത്തമെല്ലാം
എവിടെ എന്ന് എൻ്റെ സൂര്യൻ മാത്രം എത്തിനോക്കുന്നു

നിൻ്റെ നൃത്തം ആരും കാണാതെ എൻ്റെ സൂര്യൻ്റെ കണ്ണുപൊത്തുന്നു
ഇരുട്ടിന് നീ ആരും കേൾക്കാത്ത താരാട്ടാകുന്നു

നീയില്ലാത്തത് കൊണ്ട് എന്ന വാക്കിൻ്റെ കൊലുസ്സണിഞ്ഞ്, എൻ്റെ പകൽ എന്നും പൂർത്തിയാകാത്ത ഒന്നാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ