ഉപേക്ഷിക്കുന്നതിൻ്റെ മണി
കഴുത്തിൽ കുരുങ്ങിയ
അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ
എന്ന് അവ
ഓരോ നടത്തിലും ഉരുമി
വിരലുകളിൽ നക്കി അവ
അകലങ്ങളിലും
അടുപ്പങ്ങളിലും തുടരുന്നു
ഉപേക്ഷിക്കലുകൾക്കൊപ്പം
പൂച്ചക്കുട്ടിയായി
ഉടലും ഉരുമി നടക്കുന്നു
അടുപ്പുകല്ലുകൾ പൂച്ചകൾ
എവിടെ അവയുടെ
ചൂടുള്ള ചാരം എന്നവ
പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ
അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി
ഉരുമലുകൾ ഇട്ട് വെക്കും കാലം
ഇന്നലെയുടെ പ്രതലങ്ങൾ
പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു
ഇന്നലെകൾ പൂച്ചകൾ .
നിലാവ് അതിൻ്റെ നാവ്
വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി
അത് കവിത,
പാലുപോലെ കുടിക്കുന്നു
നാവിൻ്റെ നനവിൽ
ഉടലുകൾ ആഴം
മടുപ്പ് എന്ന് പേരുള്ള പൂച്ച
ജീവിതം എന്ന നീളത്തിലേക്ക്
മൂരി നിവർത്തുന്നു
ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു
ഗൃഹാതുരത്തങ്ങൾ
ഏറ്റവും പുതിയ പൂച്ചകൾ
പ്രണയപ്പെടലുകൾ
പരിക്കുകൾ
പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്
കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി
വർഷങ്ങൾക്ക്
പിന്നിലേക്ക്
ദൂരെ ഒരിടത്ത് കൊണ്ട് പോയി
ഉപേക്ഷിക്കുന്നത്.
Comments
Post a Comment