Skip to main content

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ


1

തലക്ക് മുകളിൽ 
ചന്ദ്രക്കലയുമായി 
നടന്നുപോകും ഒരാൾ

നടത്തം മാറ്റി അയാൾ
നൃത്തം വെക്കുന്നു
മുകളിൽ 
ചന്ദ്രക്കല തുടരുന്നു

മനുഷ്യനായി അയാൾ തുടരുമോ?
മാനത്ത് തൊട്ടുനോക്കുമ്പോലെ
ചന്ദ്രക്കല എത്തിനോക്കുന്നു
കല ദൈവമാകുന്നു

എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല
ഇട്ടുവെയ്ക്കും മാനം
എന്ന് നൃത്തത്തിലേക്ക് നടത്തം,
പതിയേ കുതറുന്നു

2

ആരും നടക്കാത്ത 
ആരും ഇരിക്കാത്ത 
ഒതുക്കു കല്ല്
പുഴയുടെ രണ്ടാമത്തെ കര

അതിൻ്റെ നാലാമത്തെ വിരസതയും
വിരിഞ്ഞ് തീർത്ത പൂവ്

അരികിൽ
മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ
മാനം പണിഞ്ഞ് കൊടുക്കുന്നവൾ

മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന്
കൊത്ത് പണികൾ കഴിഞ്ഞ ജലം
അവൾ ഓളങ്ങളിൽ 
ബാക്കിവെക്കുന്നു
നടക്കുന്നു

അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല 
ധ്യാനമിറ്റും ബുദ്ധശിൽപ്പം
അതിന്നരികിൽ 
ശില തോൽക്കും നിശ്ചലത
അവിടെ മാത്രം ഒഴുകിപ്പരക്കുന്നു

3

കുരുവികൾ വിനിമയത്തിനെടുക്കും
കുരുക്കുത്തിമുല്ലയുടെ 
മുദ്രകളുള്ള നാണയങ്ങൾ
അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു

വാടകയുടെ വിത്തുള്ള വീടുകൾ
അപ്പൂപ്പന്താടി പോലെ
നിലത്ത് പറന്നിറങ്ങുന്നു

സ്വന്തമല്ലാത്ത മണ്ണ്,
വിത്തുകൾ തിരിച്ചറിയും വണ്ണം
പറന്ന് പൊങ്ങുവാൻ 
അവ മറക്കുന്നു

ഒന്നും കഴിയുന്നില്ല
ചായലുകൾ വാങ്ങിപ്പോകും
കുരുക്കുത്തിമുല്ലത്തുടക്കം

4

ഒരു കുരുവിത്തുടക്കം ഇട്ടുവെക്കുവാൻ
മേഘം നീക്കിവെച്ച
മാനമെടുക്കുന്നു

കുരുവികൾ പതിയേ
നിശ്ശബ്ദതയുടെ താക്കോലുകളാവും
സമയം

സൈക്കിളുകൾ 
വാടകക്ക് എടുക്കുമ്പോലെ 
അത്രയും ലളിതമായി
വാടകക്കെടുക്കുകയായിരുന്നു
വിരസത

വാടകക്കെടുത്ത സമയം പോലെ
ഉടൽ ചവിട്ടുന്നു
അനുവാദമുള്ള പക്ഷി എന്ന് 
പ്രണയം
അത്രയും നേരം അരികിൽ ചിലക്കുന്നു

ചിലക്കൽ വെച്ച് മാറി
തത്തയെന്ന് പറഞ്ഞുറപ്പിച്ച നുണപ്പക്ഷികൾ 

ഉടലാകുമോ
നഗ്നതയുടെ വിരസത ചന്ദ്രക്കലകളിൽ 
ഇട്ടുവെക്കുന്ന ഇടം

കിടക്കുന്ന ആളിന് മുകളിൽ
കുതറുമോ ചന്ദ്രക്കല?

തൂവലുള്ള ഇരുട്ട് കീറി രാത്രി,
ഉടലിൻ്റെ ചീട്ടെടുക്കുന്നു
നഗ്നത തുറന്ന് വായിച്ചു തുടങ്ങുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ