Skip to main content

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും
അതിനെ നിശ്ചലത ചേർത്ത്
ഡാവിഞ്ചീശിൽപ്പമാക്കും
വാക്ക്

ശിൽപ്പങ്ങളുടെ കമ്പോളത്തിൽ
എൻ്റെ ശിൽപ്പം മാത്രം 
അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും
കാണുന്ന നിശ്ചലതകളോടൊക്കെ
വിലപേശിനിൽക്കും
കവിത മറക്കും

മുരടനക്കലുകളുടെ മ്യൂസിയത്തിൽ
നോക്കിനിൽപ്പുകളിൽ,
അതിൻ്റെ ശബ്ദം 
അനക്കം 
വീണ്ടെടുക്കുവാനാകാത്ത
ഒരു വാക്ക് 
പതിയേ എൻ്റെ കവിതയിലേക്ക് 
നടക്കും

അത് 
നിശ്ശബ്ദതകളെ താലോലിക്കും
കവിതയിലേക്ക്
നിശ്ചലതകളേ സന്നിവേശിപ്പിക്കും
ഒന്നും മിണ്ടാതെ
ഓരോ വാക്കിനേയും
സമാധാനിപ്പിക്കുകയും ചെയ്യും

കാക്ക അതിൻ്റെ വാക്ക് കൊത്തി
കല്ലാക്കി 
ഒരു കുടത്തിലിടുമ്പോൽ
പൊങ്ങിവരും ജലത്തിൽ
തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ
കണ്ടെത്തലുകളുടെ കല 
പിന്നെയെപ്പോഴോ അതും കല്ലാവും
അപ്പോഴും ദാഹം ബാക്കിയാവും

മാപ്പിളപ്പാട്ടുള്ള ഒരിടത്ത് 
കുണുങ്ങുവാൻ പോകും ജലം
എൻ്റെ പ്രണയിനിയുടെ ദാഹത്തെ
അവളുടെ തൂവാലക്കാലങ്ങൾ
ഒപ്പിയെടുക്കും വണ്ണം
കാക്കകറുപ്പുള്ള കവിതയിലെങ്കിലും
ഒരു കല്ലാവുമോ ദാഹം
കവിത കല്ലാവും കാലത്ത് 
അവളാകുമോ ജലം
ബാക്കിയാവും ദാഹം 
ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം

ഒരു പക്ഷേ കവിതയിലെ
മരങ്കൊത്തി ചൊരുക്കുള്ള വാക്കുകൾ
അവയ്ക്കിരിക്കുവാനുള്ള സ്ഥലം
ശൂന്യതയുടെ സുഷമ്നക്കരികിൽ സുഷിരമായി കണ്ടെത്തുമ്പോലെ

നൃത്തം വെച്ചുള്ള കൊത്താണ്
അങ്ങ് ദൂരെ സൂര്യൻ,
കിഴക്കിൻ്റെ മരങ്കൊത്തിയാവുമ്പോലെ
എന്നിട്ടും മഞ്ഞ് വകഞ്ഞ് അതിൻ്റെ നാലാമത്തെ കൊത്ത് 
ഒരു പക്ഷേ നൂറാമത്തേതും
ഒരു പക്ഷേ എങ്ങും കൊള്ളാത്തത്
പകലാവുമ്പോലെ

സുഷിരങ്ങൾ വകഞ്ഞ് 
വൈകി പടിഞ്ഞാറിൽ 
ആരെങ്കിലും കണ്ടെത്തുമ്പോൽ അതിൻ്റെ വൈകാരികമായ വൈകൽ 
ഇരുട്ടാവുമോ
അതോ മറ്റൊരു പകലാകുമോ?

വൈകാരികമായ പകൽ

അപ്പോൾ എന്ത് ചെയ്യും ഇരുട്ട്?
ഇരുട്ട് അതിൻ്റെ കല്ലാവുമ്പോലെ
ഒരു പക്ഷേ പൊങ്ങിവരും രാത്രി

മിനുക്കങ്ങളിൽ പൊങ്ങിക്കിടക്കും
മിന്നാംമിനുങ്ങുകൾ എന്ന്
അപ്പോഴും തുടർച്ചകൾ
വെളിച്ചം കണ്ടെത്തും പോലെ

അപ്പോഴും ശൂന്യതയിൽ
ഭാഷയുടെ സുഷിരം
ഒരു പക്ഷേ ഭാവനയുടേതും
കവിതയിൽ സ്ഥലകാല മുദ്രയാകും വരെ

അപ്പോഴും
പൊങ്ങിവരും ചന്ദ്രക്കല,
മാനത്ത് നോക്കിയിരിക്കും
ഞാനും എൻ്റെ കവിത നോക്കുന്ന
നോയമ്പും 

2

ഒരു മെരുക്കുകലയും ആനയിൽ
കൊള്ളുന്നില്ല
പാപ്പാനിലേക്ക് തുളുമ്പുമ്പോഴും

കാക്കകൾ മെച്ചം വന്ന കറുപ്പ്
ചുമക്കുവാൻ ഏൽപ്പിച്ചത് പോലെ അവ
കവിതക്ക് പുറത്തേക്ക് നടക്കുന്നു

വാക്കിൻ്റെ പാപ്പാനായി
ഒപ്പം നടക്കുന്നു കവിതയും 

ഒരു മെരുക്കു കലയാവും ആന
അതേയെന്ന വണ്ണം
വാക്കുകൾ കവിതയും ചുമക്കുന്നു
അർത്ഥങ്ങൾ പങ്കിടുന്നു 
വികാരങ്ങൾ പരിപാലിക്കുന്നു

നിശ്ചലതയുടെ നെറ്റിപ്പട്ടം കെട്ടി 
അതേയെന്ന വാക്ക് കവിതയിൽ ചലനാത്മകതയുടെ തിടമ്പെടുത്ത് നിൽക്കുന്നിടത്താണ്

ഏത് നിശ്ചലതകളിലും
അത് പുറത്തേക്ക് എഴുന്നെള്ളിക്കും
ചലനാത്മകതകളുള്ള കവിതകൾ

കാക്കച്ചതുപ്പിൽ കറുപ്പ്
ചുണ്ടുകൾ ഉമ്മകളുടെ പാപ്പാൻ
ഇനി പക്ഷികളുടെ ചതുപ്പാകുമോ
ആകാശം

3

ഇനിയും മെരുങ്ങാത്ത വാക്ക് 
മാനത്ത് ചന്ദ്രക്കലയാവുമ്പോലെ
മാനം ചന്ദ്രക്കലകളുടെ മ്യൂസിയം

ചിറകിൽ കൊള്ളും ആകാശം മാത്രം
എൻ്റെ കാക്കയെടുക്കുന്നു
അതിൻ്റെ വാക്കിലേക്ക് തുളുമ്പുന്നത് മാത്രം ഞാനും

വാക്കുകളുടെ മെരുക്കലാണ്
മെരുങ്ങിയ വിരലുകൾ നടത്തും ഉൽസവം

നാരങ്ങാവെള്ളത്തിൽ
തണുപ്പും മധുരവും തമ്മിൽ 
ഇടകലരും പോലെ 
അപരിചതങ്ങളിൽ പോയി
ഇടകലരും ഉടലുകൾ
ചുണ്ടിൽ ഞെരുങ്ങും വാക്കുകൾ

അതിൽ 
തമ്മിൽ മെരുങ്ങിയ ഒരു വാക്ക്
കാലം ഉമ്മയാക്കും പോലെ

ചുണ്ടിൽ തട്ടി
വാക്കിൽ തട്ടി
ഭാഷയിൽ തങ്ങി നിൽക്കും 
ഉപ്പിൻ്റെ കല
ഒരു പക്ഷേ മധുരത്തിൻ്റേയും

ചുംബനങ്ങളുടെ ഉത്സവത്തിൽ
ചുണ്ടുകൾ അപ്പൂപ്പന്താടികൾ 
ഉടലുകൾ മെരുങ്ങുവാൻ വരുന്ന ഇടം
ഓരോ ഉമ്മയും എടുത്തുവെയ്ക്കുന്നു

വിരലുകൾ
ആനക്കൊമ്പിൽ കൊത്തിവെച്ച് 
ആനയുടെ കാലുകളിൽ 
പാപ്പാൻ നടക്കുമ്പോലെ
കവിതക്കരികിൽ
കവിതക്കൊപ്പം നടക്കുന്നു
ജീവിതത്തിലേക്ക് മെരുങ്ങുന്നു

വിരലുകളുടെ മെരുക്കുകല
എന്നാലും എഴുതുമ്പോൾ കവിതകൾ ഇടയുന്നുണ്ട്
ഉടലുകൾ ചിതറുന്നുണ്ട്
ഓരോ വാക്കിലും തങ്ങി നൽക്കും നിശ്ചലതയുടെ പരതൽ
ഒരു പക്ഷേ തൂവൽ പോലെ

കിലുക്കങ്ങളുള്ള കാലടികൾക്കരികിൽ
വാക്കിന്നരികിലെ പാപ്പാൻ 
കാലടികൾ കൊളുത്തിവെയ്ക്കുന്നു
നടത്തം കെടുത്തുന്നു

മുല്ലപ്പൂവ് നിലത്ത് വീഴുമ്പോലെ
എങ്ങും ചിതറും നിശ്ശബ്ദത

4

പകൽ ഒരു മ്യൂസിയമാകുന്നിടത്താണ് ഇനി നാളങ്ങളുടെ മ്യൂസിയമാകുമോ
പകൽ
വെളിച്ചങ്ങൾ പ്രദർശന വസ്തുക്കൾ

സാധ്യമായ ഒരു നിശ്ചലത
ഓരോ വാക്കിലും 
പരതും കവിതകൾ

നോവ് കല
വിഷാദങ്ങളുടെ മ്യൂസിയം
വിശ്വസിക്കുമോ 
പ്രദർശനവസ്തു പോലെ 
സദാതുടച്ച് തിളക്കിവെയ്ക്കും
അതിലെ വിൻറേജ് വിഷാദം

നോവുകൾക്കുണ്ടാവുമോ മ്യൂസിയം
സന്ദർശകനായ നോവ് 
ബാക്കി വെക്കുന്നതെന്തും ഉടലാവുന്ന കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്നു

കൊത്തുപണികളുടെ മ്യൂസിയത്തിൽ
നിശ്ചലതയുടെ പേശികളുള്ള ഒരു വാക്ക്
ശിൽപ്പമാകുമ്പോലെ

നിശ്ചലതകളുടെ മ്യൂസിയത്തിൽ 
പുതിയൊരു വസ്തുവായി 
വാക്കിനെ
കവിത കൊത്തിവെക്കുമോ

ഇനി മറവികൾക്കെന്ന പോലെ 
മറക്കുന്ന കവിതകൾക്കുമുണ്ടാവുമോ
മ്യൂസിയം

ഉണ്ടോ ഇല്ലയോ എന്നത് 
ഓരോ വാക്കുകളുടെയും മ്യൂസിയമാകുന്നിടത്താണ്

ഒരു പക്ഷേ 
സംശയങ്ങളുടെ മ്യൂസിയമാവണം!



Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ