പൂക്കളുടെ പാറാവ്
ഉദ്യാനം വേണ്ടെന്ന് വെച്ചതിൽ പിന്നെ
അവൾ ഉദ്യാനമാണോ
പൂവാണോ എന്ന്
എൻ്റെ ഭരണഘടന
സംശയിക്കുന്നിടത്ത്
ശലഭങ്ങളുടെ
ഭരണഘടന മാത്രമാണ് ആകാശം,
അവൾ മാത്രം
അതൊരു ബുക്കാക്കി
കവിതയിൽ
കൊണ്ടുനടക്കുന്നു എന്ന്
തോന്നിയിരുന്നു
അവൾ നേർപ്പിച്ച ആകാശത്തിൻ്റെ കുഴമ്പ്
പക്ഷികൾക്കിട്ട് കൊടുക്കുന്നു
നേർപ്പിക്കാത്ത ആകാശം എന്നവളെ
പക്ഷികൾ,
സംശയത്തോടെ നോക്കുന്നു
മേഘങ്ങൾ പൂർത്തിയാക്കി
ആകാശം മടങ്ങുന്നിടത്ത്
അസ്തമയം മാത്രമാണ് പ്രതിക്കൂട്ടിൽ
ശരിക്കും ഒരു ഭരണഘടനയായിത്തുടങ്ങിയിട്ടുണ്ട്
സംശയങ്ങൾ
തത്തയുടെ കള്ളത്താക്കോലിട്ട് തത്തകൾ
മഞ്ഞയുടെ ശരിക്കുമുള്ള താക്കോലിട്ട് മൈനകൾ
അവയുടെ തവിട്ടാകാശങ്ങളിൽ
പ്രവേശിക്കുന്നിടത്ത്
വൈകുന്നേരങ്ങളിലേക്ക് അടർന്നു വീഴും പടിഞ്ഞാറ്
ആരും തുറക്കാതെ നാണത്തിൻ്റെ താഴ്
കിഴക്ക് തന്നെ തുടർന്നു
മരണത്തിന്
ഏതു നിമിഷവും വന്നേക്കാവുന്ന നാണം
വാർദ്ധക്യമായി എടുത്തുവെക്കുന്ന
നാടാണ് എന്ന് തോന്നി
വൈകുകയാണ് നേരവും
ഓരോ താളുകൾ കൊണ്ട് ഉടലിൻ്റെ ഭരണഘടനയും
അവളുടെ കവിതയിൽ മാത്രം
ശലഭങ്ങൾ,
പറന്നുപറ്റുന്നതിൻ്റെ കാരണം ഞാൻ തിരക്കിയിറങ്ങുന്നു.
Comments
Post a Comment