Skip to main content

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1

ദൈവത്തിന്റെ പക്ഷി പറക്കുന്നു
ദൈവം നടക്കുന്നു 
ദൈവത്തിന്റെ  ഇടങ്കൈയ്യിൽ 
പക്ഷിയുടെ ചിറക്
ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത
പക്ഷിയുടെ തൂവൽ
പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം
ആ ദൈവത്തിന് പക്ഷിയില്ല

2

ഞാൻ നടക്കുന്നില്ല
ഞാൻ നിൽക്കുന്നില്ല
ഓടുന്നുപോലുമില്ല ഞാൻ
ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല
ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി
അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ, 

ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത്
അതിനാൽ അത് പറക്കുന്നില്ല 
പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല
ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല
ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ

3

എന്നിട്ടും എന്റെ നിശ്ചലതയുടെ
വേഗത 
ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു

വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ
ആത്മാഭിമാനത്തിന്റെ വേദന
ഭാഷാവധാനതയെ മറികടക്കുന്നു

ഉയരത്തിൽ പറക്കും പക്ഷി
ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത
അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം
അനുഭവപ്പെടും അവധാനത
എന്റെ ഭാഷയ്ക്ക്

ഉടമസ്ഥനില്ലാത്ത വേദന കൊണ്ട്
ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ്
ദൈവം

4

ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു
ദൈവത്തിന് മുഖമില്ല

ഓരോ പക്ഷിയും ഒരു അപേക്ഷ
ഒരു പക്ഷേ മറ്റൊരു പക്ഷിയേ അനുവദിക്കുവാനുള്ളത്

ഓരോ മനുഷ്യരും 
ഓരോ അപേക്ഷമാത്രമാവുന്നു
ഒരു പക്ഷേ അത്രയും ശൂന്യത അനുവദിക്കുവാനുള്ളത്

5

ആഴ്ച്ചപ്പതിപ്പുകളാണ് വിരലുകൾ
അത് തൂക്കിയിട്ടിരിക്കുന്ന 
മാടക്കട മാത്രമാണ് ഉടൽ
എന്റെ അപേക്ഷ അങ്ങിനെ തുടങ്ങുന്നു
അത് ഒരിടത്തും അവസാനിക്കുന്നില്ല

മുഖവിലക്കെടുത്തിട്ടില്ല
എന്റെ അപേക്ഷ,  ദൈവം.
മൃഗത്തോൽ മേൽവിലാസമുള്ള വിരലുകൾ, മുരളുന്നു ദൈവം

മൃഗങ്ങൾ കത്തുകൾ
ഒരു പോസ്റ്റ്മാനാണ് ദൈവം
എന്റെ പറക്കാത്ത കിളി സംശയിക്കുന്നു

കിളിയുടെ വെറുമൊരു സംശയം മാത്രമാവുന്നുണ്ട് മാനം
മാനത്തിലേക്കിടും ചൂണ്ടകളാവും
പക്ഷികൾ

6

മരങ്ങളുടെ തീയേറ്റർ
കിളികളുടെ മാറ്റിനി
ശൂന്യതയ്ക്ക് പോസ്റ്ററില്ല
വാതുക്കൽ,
പ്രവേശിക്കുന്നവരുടെ ടിക്കറ്റ് പരിശോധകനാവും ദൈവം
ദൈവം കീറി 
പകുതി കിളിയ്ക്ക് കൊടുക്കും ടിക്കറ്റാവും ആകാശം
കിളി,
കിളിയെന്ന മുറിയിൽ പ്രവേശിക്കുന്നു

ഉടച്ചതേങ്ങയുടെ ഒരു മുറി പോലെ
മറ്റൊരുദിവസമെടുക്കാൻ
ഫ്രിഡ്ജിൽ വെച്ച 
തേങ്ങാപ്പൂൾ മണമുള്ള 
ഒരു മുറിയാകാശം
ഇപ്പോൾ കിളിയുടെ ഭാവനയിൽ

7

അരയ്ക്കുവാനെടുക്കാത്ത തേങ്ങയിൽ പണ്ടുമുതലേ ശേഷിയ്ക്കും
ഒന്നോരണ്ടോ കാന്തിയ പാട്

അതിന്റെ സ്വാതന്ത്ര്യസമരത്തിൽ
നിരന്തരം പങ്കെടുക്കുകയാണ്
ഒരു ഗ്രാമത്തിലെ മുഴുവൻ ഗാന്ധിപ്പല്ലുകൾ

പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ഒരിക്കലും ഒരു അഹിംസാവാദിയായിരുന്നില്ല
അവരുടെ ഗാന്ധി
അതു കൊണ്ട് തന്നെ 
ഒരിക്കലും കൊല്ലപ്പെട്ടില്ല 
എന്റേയും ഗാന്ധി

ഒരു കൊലയാളിയെ ശിൽപ്പിയായി കാണുവാൻ ഒരുക്കമില്ലാത്തതിനാൽ
കല്ലായി തുടർന്നു 
ഗ്രാമകവാടത്തിൽ ഗാന്ധി

വെടിയുണ്ടയുടെ ഉളിയുള്ള കല്ലാശാരി
മുരണ്ടുകാലം

എന്റെ രാഷ്ട്രം
അതും വിഭജിക്കപ്പെടും മുമ്പേ ഒരുക്കി
വെടിയുണ്ടകളുടെ ശരശയ്യ
വിഭജനത്തിന്റെ അരികിൽ 
അതിൽ ഭീഷ്മപ്പിതാമഹനേപ്പോലെ
മരണം കാത്തുകിടന്നു
നോട്ടിനുള്ളിലെ ഗാന്ധിജി

8

ചൂടായിട്ടുണ്ട് തിളപ്പിക്കാൻ വെച്ച വിരൽ
ഇനിയും വന്നിട്ടില്ല 
പാലിന് പോയ വിരൽ
വൈകിയെങ്കിലും എത്തിയിട്ടുണ്ട്
അതിഥികളായി വരാമെന്ന് അറിയിച്ച വിരലുകൾ
വൈകി എന്നത് തന്നെയാണ് അവ കൊണ്ടുവന്ന സമ്മാനപ്പൊതികൾ
മറ്റു വിരലുകൾ 
അവ തുറന്നുനോക്കുന്നു 

എന്റെ അരികിൽ ചായപ്പത്തി വിരൽ

9

രണ്ട് സംശയങ്ങളുടെ വിവാഹത്തിന്റെ
ക്ഷണക്കത്താവുകയാണ് എന്റെ പക്ഷി
അത് എന്നേയും വിവാഹത്തിന് വിളിച്ചേക്കും

കലണ്ടറുകളോ തീയതികളോ 
മാസമോ കാലമോ ഇല്ലാത്ത ഒരിടത്തെ വിവാഹത്തിൽ
അവിവാഹിതരുടെ ഭാഷയാണ് കിളികൾക്ക്

തെളിഞ്ഞ ആകാശം ഒരു കല്യാണ ആൽബം
അത് മറിച്ചുനോക്കി 
ക്ഷണക്കത്തിലെ മരത്തിൽ
കിളികളിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!